തൃശൂർ ∙ കോഫി ഹൗസ് ഭരണം സംബന്ധിച്ച് കോടതിവിധിപ്രകാരം വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ നൽകിയ ഉത്തരവ് അഡ്മിനിസ്ട്രേറ്ററുടെ നിലപാടുമൂലം ഇന്നലെയും നടപ്പായില്ല. ഇന്ത്യൻ കോഫി ഹൗസുകൾ നടത്തുന്ന ഇന്ത്യാ കോഫി ബോർഡ് വർക്കേഴ്സ് കോഓപറേറ്റീവ് സൊസൈറ്റിയുടെ ഓഫിസ് ഇന്നലെ തുറന്നു നൽകിയെങ്കിലും അധികാരം കൈമാറാൻ അഡ്മിനിസ്ട്രേറ്റർ എത്തിയില്ല.
ഇന്നലെ ഉച്ചവരെ ഭരണസമിതിയംഗങ്ങൾ ഓഫിസിലുണ്ടായിരുന്നു. സൊസൈറ്റിയുടെ ഭരണം പിടിച്ചെടുത്ത് അഡ്മിനിസ്ട്രേറ്ററെ ഏൽപിച്ച നടപടിയിൽനിന്നു സർക്കാർ പിൻവാങ്ങുന്നുവെന്ന് അഡീഷനൽ എജി കോടതിയിൽ അറിയിച്ചതേത്തുടർന്ന് അധികാരം പഴയ ഭരണസമിതിയെത്തന്നെ ഏൽപിക്കാൻ കോടതിയും സംസ്ഥാന വ്യവസായവകുപ്പ് ഡയറക്ടറും ഉത്തരവിട്ടിരുന്നു.
ഈ ഉത്തരവ് കയ്യിൽ കിട്ടിയതു പ്രകാരമാണു ഭരണസമിതിയംഗങ്ങൾ ഇന്നലെ സൊസൈറ്റിയുടെ കേന്ദ്രഓഫിസിലെത്തിയത്. ഓഫിസ് തുറന്നിട്ടുണ്ടായിരുന്നെങ്കിലും അധികാരം കൈമാറാൻ അഡ്മിനിസ്ട്രേറ്റർ എസ്.ബിന്ദു എത്തിയില്ല. ചൊവ്വാഴ്ചയ്ക്കുള്ളിൽ അധികാരം കൈമാറണമെന്നാണ് കോടതിവിധി.