Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കനത്ത സുരക്ഷയിൽ കോഫി ഹൗസ് സംഘം തിരഞ്ഞെടുപ്പ്: ഫലം നാളെ കോടതിയിൽ

തൃശൂർ ∙ ഇന്ത്യൻ കോഫി ഹൗസുകൾ നടത്തുന്ന ഇന്ത്യ കോഫി ബോർഡ് തൊഴിലാളി സഹകരണ സംഘം തിരഞ്ഞെടുപ്പ് കനത്ത പൊലീസ് സുരക്ഷയിൽ നടന്നു. 1887 വോട്ടർമാരിൽ 1776 പേരും വോട്ടു ചെയ്തു. വോട്ടെണ്ണൽ പൂർത്തിയായെങ്കിലും ഫലം അടക്കമുള്ള റിപ്പോർട്ട് റിട്ടേണിങ് ഓഫിസർ നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും. കോടതിയാണു ഫലം പ്രഖ്യാപിക്കുക. മികച്ച ഭൂരിപക്ഷത്തോടെ നിലവിലെ ഭരണസമിതി തന്നെ അധികാരത്തിലെത്തുമെന്നാണു ലഭിക്കുന്ന സൂചനകൾ.

മികച്ച രീതിയിൽ നടന്നിരുന്ന സഹകരണ സംഘം പിടിച്ചടക്കാൻ സർക്കാർ നടത്തിയ ശ്രമങ്ങൾ കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു. സഹകരണസംഘം പിടിച്ചെടുക്കാൻ ഇടത് അനുകൂല സംഘടന നടത്തിയ ശ്രമം പരാജയപ്പെട്ടപ്പോൾ സർക്കാർ അഡ്മിനിസ്ട്രേറ്ററെ ഭരണം ഏൽപിക്കുകയും ഭരണസമിതി പിരിച്ചുവിടുകയും ചെയ്തു. ഇതിനെതിരെ ആറുമാസത്തോളം സഹനസമരവും കോടതിയിൽ പോരാട്ടവും നടത്തി രാഷ്ട്രീയേതര സംഘടനയായ ഔദ്യോഗികവിഭാഗം ഭരണത്തിൽ തിരിച്ചെത്തി. എന്നാൽ വീണ്ടും തിരഞ്ഞെടുപ്പു നടത്താൻ കോടതി നിർദേശിക്കുകയായിരുന്നു. 

ഹൈക്കോടതിയുടെ നിർദേശപ്രകാരം കനത്ത സുരക്ഷയിലായിരുന്നു വോട്ടെടുപ്പ്. 

അസിസ്റ്റന്റ് കമ്മിഷണർ പി. വാഹിദിന്റെ നേതൃത്വത്തിൽ നൂറ്റിമുപ്പതോളം പൊലീസുകാർ സ്ഥലത്ത് ക്യാംപ് ചെയ്തു. വോട്ടെടുപ്പു നടന്ന കാൽഡിയൻ സിറിയൻ ഹയർസെക്കൻഡറി സ്കൂളിൽ രാവിലെ ഏഴുമണിയോടെ വൻ തിരക്കുമുണ്ടായി. വോട്ടെടുപ്പു നടപടിക്രമങ്ങൾ മുഴുവൻ വിഡിയോയിൽ ചിത്രീകരിച്ചതായി ഇലക്ടറൽ ഓഫിസർ കെ.എസ്. ശിവകുമാർ, റിട്ടേണിങ് ഓഫിസർ സോജൻ എന്നിവർ പറഞ്ഞു. പൊലീസും വോട്ടെടുപ്പുനടപടിക്രമങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്.

അതേസമയം, വോട്ടുചെയ്ത ബാലറ്റ് പേപ്പറിന്റെ ചിത്രം മൊബൈലിൽ പകർത്തി സമൂഹമാധ്യമത്തിൽ ഇടാൻ ശ്രമിച്ച ഒരാളെ പൊലീസ് പിടികൂടി. 

2014നു ശേഷം ജോലിയിൽ പ്രവേശിച്ച മുന്നൂറ്റൻപതോളം പേരെ വോട്ടർ പട്ടികയിൽ നിന്നു നീക്കം ചെയ്യണമെന്നു സിപിഎം അനുകൂല സംഘടന ഹർജി നൽകിയതേത്തുടർന്ന് ഇവരെ കോടതി ഒഴിവാക്കിയിരുന്നു. ഇതിനെതിരെ കോടതിയിൽ പോയി അനുകൂല വിധി നേടിയ അഞ്ചുപേരും വോട്ടു ചെയ്തു.