തൃശൂർ ∙ ഇന്ത്യൻ കോഫി ഹൗസുകൾ നടത്തുന്ന ഇന്ത്യ കോഫി ബോർഡ് തൊഴിലാളി സഹകരണ സംഘത്തിന്റെ ഭരണസമിതി തിരഞ്ഞെടുപ്പ് ഇന്ന്. ഹൈക്കോടതി നിർദേശപ്രകാരം ഏർപ്പെടുത്തിയ പൊലീസ് കാവലിലാണ് തിരഞ്ഞെടുപ്പ്. രാവിലെ ഏഴു മുതൽ ഉച്ചയ്ക്കു 12 വരെ നടക്കുന്ന തിരഞ്ഞെടുപ്പിൽ 1802 അംഗങ്ങൾക്കാണ് വോട്ടവകാശം.
കോഫി ഹൗസിന്റെ ഭരണം പിടിച്ചെടുക്കാൻ സർക്കാർ തലത്തിൽ നടത്തിയ ശ്രമങ്ങൾമൂലം തിരഞ്ഞെടുപ്പു നേരത്തെ വിവാദത്തിലായിരുന്നു. ഭരണം പിടിക്കാൻ ഭരണസമിതി സർക്കാർ പിരിച്ചുവിട്ടിരുന്നു. തൊഴിലാളികൾ ഹൈക്കോടതിയെ സമീപിച്ചപ്പോൾ സർക്കാർ ഉത്തരവ് റദ്ദാക്കപ്പെട്ടു. സഹകരണ തിരഞ്ഞെടുപ്പു കമ്മിഷനെ തിരഞ്ഞെടുപ്പു ചുമതല ഏൽപ്പിക്കുകയും ചെയ്തു. എന്നാൽ, മൂന്നാഴ്ച മുൻപു വോട്ടർപട്ടികയിൽനിന്നു 325 അംഗങ്ങളെ സഹകരണവകുപ്പ് പുറത്താക്കി.
2014നു ശേഷം ചേർന്നവരുടെ അംഗത്വത്തിനു നിയമപ്രാബല്യമില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. സിപിഎം അനുകൂല സംഘടന നൽകിയ ആവശ്യം പരിഗണിച്ചായിരുന്നു വകുപ്പിന്റെ നീക്കം. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച അഞ്ചു തൊഴിലാളികൾക്കു വോട്ടവകാശം തിരിച്ചു കിട്ടിയിട്ടുണ്ട്. ഇവർക്കും നാളെ വോട്ട് ചെയ്യാം.