Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഫി ഹൗസ് വീണ്ടും തൊഴിലാളികൾക്ക്

Indian coffee house

തൃശൂർ ∙ ഇന്ത്യൻ കോഫി ഹൗസ് ഭരണം വീണ്ടും തൊഴിലാളികളുടെ കരങ്ങളിൽ. ഭരണം ഒഴിയാൻ കോടതി നൽകിയ സമയപരിധി തീരാൻ ഒരുമണിക്കൂർ ശേഷിക്കെ അധികാരം തൊഴിലാളികൾക്കു കൈമാറി അഡ്മിനിസ്ട്രേറ്റർ എസ്. ബിന്ദു ഓഫിസ് വിട്ടു. പടക്കം പൊട്ടിച്ചും മുദ്രാവാക്യം വിളിച്ചും വിജയം ആഘോഷിച്ച തൊഴിലാളികളുടെ സാന്നിധ്യത്തിൽ മുൻഭരണസമിതി വീണ്ടും ചുമതലയേറ്റു.

അതേസമയം, 1958 മുതൽ 1998 വരെയുള്ള പൊതുയോഗ മിനിറ്റ്സ് ഫയലുകൾ കാണാനില്ലെന്നു വ്യക്തമായി. ഇവ കോടതിയിൽ സമർപ്പിച്ചിരിക്കുകയാണെന്നാണ് അഡ്മിനിസ്ട്രേറ്ററുടെ പ്രതികരണം. രാഷ്ട്രീയ താൽപര്യങ്ങളുടെ പേരിൽ കോഫി ഹൗസുകൾ പിടിച്ചെടുക്കാനുള്ള നീക്കത്തെ നിയമപോരാട്ടത്തിലൂടെ ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിച്ചാണ് തൊഴിലാളികൾ വീണ്ടും ഇന്ത്യ കോഫി ബോർഡ് വർക്കേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഭരണസാരഥ്യത്തിലെത്തിയത്.

സൊസൈറ്റിയുടെ ഭരണസമിതിയെ പിരിച്ചുവിട്ട് സർക്കാർ അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയതിൽ നിന്നാണ് വിവാദങ്ങളുടെ തുടക്കം. ഈ നീക്കം ഹൈക്കോടതി റദ്ദാക്കുകയും ഭരണസമിതിക്കാണ് അധികാരമെന്നു വിധിക്കുകയും ചെയ്തെങ്കിലും അഡ്മിനിസ്ട്രേറ്റർ ഭരണം കൈമാറാൻ കൂട്ടാക്കിയില്ല. കോടതി അനുവദിച്ച സമയ പരിധി ഇന്നലെ അഞ്ചുമണിക്കു തീരാനിരിക്കെ മൂന്നേകാലോടെയാണ് അഡ്മിനിസ്ട്രേറ്റർ ഓഫിസിലെത്തിയത്. അധികാരം കൈമാറിയത് നാലുമണിയോടെയും.

ഫയലുകൾ പരിശോധിച്ചപ്പോൾ 40 വർഷത്തെ പൊതുയോഗ മിനിറ്റ്സ് അടക്കമുള്ള രേഖകൾ കാണുന്നില്ലെന്നു വ്യക്തമായി. ഇവ കോടതിയിലാണെന്നായിരുന്നു അഡ്മിനിസ്ട്രേറ്ററുടെ വിശദീകരണം. ഇക്കാര്യം ഒപ്പിട്ടു വാങ്ങിയിട്ടുണ്ട്. സഹകരണസംഘം ജനറൽ മാനേജർ അബ്ദുൽ ലത്തീഫ്, ഭരണസമിതി പ്രസിഡന്റ് ഇ.എസ്. ജോജു, സെക്രട്ടറി അനിൽ കുമാർ എന്നിവർ ചുമതലയേറ്റു.