രോഗപീഡകളുടെ അവസാനകാലങ്ങളിൽ കുഞ്ഞബ്ദുള്ളയ്ക്കു സഹായികളായിരുന്നവരിൽ ഒരാളായ പി.കെ. മോഹൻദാസിന്റെ ഓർമകളിൽ അദ്ദേഹത്തിന്റെ നിറംമങ്ങാത്ത ഒട്ടേറെ ചിത്രങ്ങളുണ്ട്–അതിൽ തന്നെക്കൊണ്ടു പാട്ടു പാടിക്കുന്ന, കഥ പറയിക്കുന്ന പുനത്തിലുണ്ട്. പാട്ടിൽ മലയാളവും ഹിന്ദിയും ഗസലും നിറയും. വായിക്കാൻ കഥാപുസ്തകം ചോദിച്ചപ്പോൾ പണം കൊടുത്തു വാങ്ങി വായിച്ചാൽ മതിയെന്ന് മുഖത്തടിച്ചപോലെ പ്രതികരിച്ച പുനത്തിലുമുണ്ട്.
ആദ്യമൊന്നമ്പരന്നെങ്കിലും അപ്പറഞ്ഞതിന്റെ കാരണം കേട്ടപ്പോൾ തന്റെ ഉള്ളിൽനിന്ന് വേദന മാഞ്ഞതായി മോഹൻദാസ്.
വെറുതേ കൊടുത്ത പുസ്തകം മുഴുവൻ വായിക്കാതെ വലിച്ചെറിഞ്ഞ പലരെയും തനിക്കറിയാമെന്നും പുസ്തകത്തിന്റെ വിലയറിഞ്ഞു വായിക്കാൻ അതു പണം കൊടുത്തു വാങ്ങുക തന്നെ വേണമെന്നും ആയിരുന്നു ആ മറുപടി.
‘എന്റെ പേരു പറയാൻ പ്രയാസപ്പെട്ടതുകൊണ്ടോ എന്തോ സാർ എന്നെ വിളിച്ചിരുന്നത് രാജൻ എന്നായിരുന്നു. പലരോടും എന്നെപ്പറ്റി പറഞ്ഞിരുന്നതും അതേ പേരിൽതന്നെ’– മോഹൻദാസ് ഓർക്കുന്നു.
മരുന്നു നൽകുന്ന അവസരത്തിൽ പലപ്പോഴും കഴിക്കാൻ തയാറാവാതെ വലിച്ചെറിഞ്ഞ അനുഭവങ്ങളുമുണ്ട്. തന്നെ നിർബന്ധിക്കരുതെന്നും ഡോക്ടറായ തനിക്കു മരുന്നിനെക്കുറിച്ച് നിന്നെക്കാൾ അറിയാമെന്നുമായിരുന്നു ഇതിനു ന്യായം.
ദിവസവും 16 മണിക്കൂർ വരെ അദ്ദേഹം ഉറങ്ങുന്ന ശീലമുണ്ടായി ഒടുവിൽ. സുഹൃത്തുക്കളായിരുന്നു അദ്ദേഹത്തിന്റെ ജീവൻ. അടുത്ത സുഹൃത്തുക്കൾ വന്നുപോയാൽ അദ്ദേഹത്തിൽ ഏറെ നേരം ഉൽസാഹവും ജീവസ്സുറ്റ ഭാവങ്ങളും നിറയുമായിരുന്നു.