തിരഞ്ഞെടുപ്പിൽ മൽസരിച്ചത് ഒരു ദിവ്യാനുഭവമായിരുന്നുവെന്നാണു പുനത്തിൽ കുഞ്ഞബ്ദുള്ള അന്നു പറഞ്ഞത്. നീന്തൽവേഷവും ശ്വസനോപകരണങ്ങളുമായി മണിക്കൂറുകളോളം കടലിനടിയിൽ നീന്തുന്നപോലൊരു ദിവ്യാനുഭവം.
2001ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിൽനിന്നു ബിജെപിയുടെ സ്ഥാനാർഥിയായിട്ടാണു മൽസരിച്ചത്. ആ തീരുമാനത്തിനെതിരെ ഒരുപാട് ആക്ഷേപങ്ങളുണ്ടായി. ആദ്യം എൽഡിഎഫ് ആയിരുന്നു വിളിച്ചതെങ്കിൽ അവരുടെ സ്ഥാനാർഥിയാകുമെന്നു കൂടി പുനത്തിൽ തിരഞ്ഞെടുപ്പുകാലത്തു പറഞ്ഞതും വലിയ പ്രശ്നമുണ്ടാക്കി. അന്ന് എഴുത്തുകാരൻ മാടമ്പ് കുഞ്ഞികുട്ടനും മൽസരിച്ചിരുന്നു. കൊടുങ്ങല്ലൂരിൽനിന്ന്. ഇരുവരും തോറ്റു.
‘സാഹിത്യകാരൻമാരെക്കാൾ എത്രയോ ഭേദമാണു രാഷ്ട്രീയക്കാർ. കുറച്ചെങ്കിലും ആത്മാർഥതയുണ്ട്’ എന്നൊരു വിലയിരുത്തലും തിരഞ്ഞെടുപ്പിനുശേഷം പുനത്തിൽ നടത്തി.
ബേപ്പൂരിൽ അന്നു സിപിഎം സ്ഥാനാർഥി വികെസി മമ്മദ് കോയയാണു ജയിച്ചത്. 62,636 വോട്ടുകൾ. രണ്ടാമതെത്തിയ മുസ്‌ലിം ലീഗ് സ്ഥാനാർഥി എം.സി.മായിൻഹാജിക്ക് 57,565 വോട്ടുകളും. പുനത്തിൽ കുഞ്ഞബ്ദുള്ളയ്ക്ക് 10,934 വോട്ടുകൾ ലഭിച്ചു.
ലോകത്തിലെ എല്ലാ സ്ത്രീകളും സുന്ദരികളാണ്. സൗന്ദര്യമില്ലാത്ത ഒരു സ്ത്രീയെയും ഞാൻ കണ്ടിട്ടില്ല.
"പാർക്കുന്ന ഇടമാണു പാർപ്പിടം. എങ്കിൽ ആദ്യം പാർത്ത ഇടം അമ്മയുടെ ഗർഭപാത്രമാണ്. എല്ലാ മനുഷ്യരുടെയും ആദ്യത്തെ വീട് ഗർഭപാത്രമാണ്. അമ്മവീട്ടിൽനിന്നു പുറത്തുവന്ന ആ നിമിഷങ്ങളെക്കുറിച്ചു പിന്നീട് ഓർക്കാൻ കഴിയില്ലെങ്കിലും ഒരു ഡോക്ടറായി പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കെ ഗർഭിണികളെ കാണുമ്പോൾ ആദ്യത്തെ വീട് എനിക്കോർമ വരും. വീർത്ത വയർ തൊട്ടു ഞാൻ മനസ്സിൽ പറയും: ഇതാ പൾസുള്ള ഒരു വീട്."
"എന്തെങ്കിലും നഷ്ടമായി ഇതുവരെയുള്ള ജീവിതത്തിൽ എന്ന തോന്നൽ എനിക്കില്ല. ഇപ്പോൾ മൂന്നു കുട്ടികളേയുള്ളു. കുറേ വേണമായിരുന്നു. കുറേ ഭാര്യമാരും ഉണ്ടാകേണ്ടതായിരുന്നു. പക്ഷേ നമ്മുടെ സമൂഹം സമ്മതിക്കില്ല. ഒരിക്കലും എനിക്കൊരു നിരാശ വന്നിട്ടില്ല. എന്തെങ്കിലും പോരായ്മ വേണ്ടേ. എനിക്ക് അത്യാഗ്രഹങ്ങളില്ല. ജ്ഞാനപീഠം വേണ്ട, നൊബേൽ പ്രൈസ് വേണ്ട."