Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരുമിച്ചൊരു നോവൽ, വേറിട്ടൊരു രചന

Dr Punathil Kunhabdulla & Sethu സേതുവും പുനത്തിലും.

എഴുപതുകളുടെ തുടക്കത്തിലാണു ഞാനും പുനത്തിൽ കുഞ്ഞബ്ദുള്ളയും ചേർന്നൊരു നോവലെഴുതിയാലോ എന്ന തോന്നൽ കടന്നുവന്നത്. ഏതാണ്ടു ഫാന്റസിയുടെ തലത്തിലുള്ള രചനയായിരുന്നു മനസ്സിൽ. രണ്ടുപേരുടെയും അന്നത്തെ രചനാരീതിയുടെ ഏതൊക്കെയോ തലങ്ങളിൽ യോജിപ്പിച്ചുണ്ടെന്ന് പറഞ്ഞതു കുഞ്ഞബ്ദുള്ളയായിരുന്നു. 

അങ്ങനെയാണു നവഗ്രഹങ്ങളുടെ തടവറ എന്ന നോവൽ പിറക്കുന്നത്. ആദ്യം ഒരുമിച്ചിരുന്നു ചർച്ച ചെയ്തു കഥയുടെ പൊതുവായ ചട്ടക്കൂടുണ്ടാക്കി. പിന്നീട് രണ്ടുമൂന്ന് ഇരിപ്പിലൂടെ പ്രധാനകഥാപാത്രങ്ങളും സംഭവഗതികളും തെളിഞ്ഞുകിട്ടി. രണ്ടു ഭാഗങ്ങളായി പകുത്തു രണ്ടുപേരും വെവ്വേറെ എഴുതിയിട്ട് ഒരാൾ ആകെക്കൂടിയൊന്ന് എ‍ഡിറ്റ് ചെയ്യുക. പിന്നീട് മറ്റേയാൾ വായിച്ചുനോക്കിയിട്ടു  വേണ്ട മാറ്റങ്ങൾ വരുത്തുക– ഇതായിരുന്നു പരിപാടി.

അങ്ങനെ നോവലിന്റെ കരടു കയ്യെഴുത്തുപ്രതി പലവട്ടം അങ്ങോട്ടുമിങ്ങോട്ടുമായി പറന്നുനടന്നു. അയാളുടെ ചില വാക്യങ്ങൾ ഞാൻ വെട്ടിത്തിരുത്തി;എന്റെ വാക്യങ്ങൾ അയാളും.സ്വന്തം രചനയിലെ ഒരു വാക്കെങ്കിലും വെട്ടാൻ ഇന്നൊരു എഴുത്തുകാരൻ സമ്മതിക്കുമോയെന്നു സംശയമാണ്.  ബത്തേരിയിൽ വച്ചാണ് അവസാനത്തെ ചില അധ്യായങ്ങൾ എഴുതിയത്. വല്ലാത്ത ഉന്മേഷം പകർന്നുകിട്ടിയ ആ ദിവസങ്ങളിൽ ഞാൻ തികച്ചും വേറൊരു ലോകത്തായിരുന്നു. ഏതർഥത്തിലും നവഗ്രഹങ്ങളുടെ തടവറ വ്യത്യസ്തമായ നോവലായിരുന്നു.  1975ലാണു അതു പുസ്തകമായി പ്രസിദ്ധീകരിച്ചത്. 

കുഞ്ഞബ്ദുള്ള എനിക്കൊരു എഴുത്തുകാരൻ മാത്രമല്ല. മറക്കാനാവാത്ത സുഹൃത്ത് കൂടിയായിരുന്നു. എക്കാലത്തും കാത്തുവച്ച അത്തരം അത്യപൂർവമായ ഒരു ‘എടാ പോടാ’ ബന്ധം വേറെയാർക്കും കൊടുത്തിരുന്നില്ല ഞങ്ങൾ. എഴുപതുകളുടെ തുടക്കത്തിൽ ഞാൻ വടകരയിൽ ജോലി ചെയ്തിരുന്ന കാലത്തു അയാൾ അലിഗഡിൽനിന്ന് അവധിക്കുവന്നപ്പോഴാണ് ആദ്യം കണ്ടതെന്നാണ് ഓർമ. 

നാലു പതിറ്റാണ്ടുകൾക്കുശേഷം ഏതാനും മാസം മുൻപ് തീരെ സുഖമില്ലാത്ത അവസ്ഥയിൽ കോഴിക്കോട്ടെ ഫ്ലാറ്റിൽ കെട്ടിപ്പിടിച്ചു കരഞ്ഞത് ഓർമ വരുന്നു. നിറപ്പകിട്ടാർന്ന അനുഭവങ്ങളുടെ, ഓർമകളുടെ ലോകം കൈവിട്ടുപോയതിന്റെ സങ്കടമായിരുന്നു അത്. സുഹൃത്തുക്കൾ എന്നും വലിയ ബലഹീനതയായിരുന്നു അയാൾക്ക്. സുഹൃത്തുക്കളിൽ ചിലരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റങ്ങൾ പിന്നീട് അയാളുടെ എഴുത്തിനു തടസ്സമായെന്നു തോന്നി. സ്മാരകശിലകൾ പോലെ വലിയൊരു നോവൽ മനസ്സിൽ കൊണ്ടുനടന്ന അയാൾക്ക് അതിനുള്ള ഏകാഗ്രത കിട്ടിയില്ല. സത്യത്തിൽ കുഞ്ഞബ്ദുളളയിൽനിന്നു കിട്ടേണ്ടതിന്റെ പാതി പോലും നമുക്കു കിട്ടിയില്ലെന്നതിലാണ് എനിക്കു സങ്കടം.