ലാളിത്യമുള്ള രചനാശൈലിയായിരുന്നു പുനത്തിൽ കുഞ്ഞബ്ദുള്ളയുടേത്. ലോകത്തെ അദ്ദേഹം കണ്ടതു നർമത്തോടെയാണ്. പുനത്തിൽ കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിൽ പഠിക്കുന്ന കാലം തൊട്ടേ അറിയാം. അവിടെ പഠിക്കുമ്പോഴാണു കഥയുമായി എന്നെ വന്നു കണ്ടത്. പിന്നെ പുനത്തിൽ അലിഗഡിൽ പഠിക്കാനായി പോയി. പിന്നീട് ഡൽഹിയിൽ പോയപ്പോൾ പുനത്തിൽ പറഞ്ഞ പ്രകാരം അലിഗഡിൽ ഒരു സാഹിത്യപരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. എനിക്കു സുഖമില്ലാതെ വന്നപ്പോൾ പുനത്തിലിന്റെ വടകരയിലെ വീട്ടിൽ ഒരാഴ്ച വരെ താമസിച്ചിട്ടുണ്ട്.
രണ്ടാഴ്ചയായി ഒന്നും എഴുതാൻ പറ്റുന്നില്ലെന്നു പറഞ്ഞ് ഒരിക്കൽ എന്നെ വന്നു കണ്ടു. ഞാൻ അതിന്റെ പിറ്റേന്നു ചെന്നൈയ്ക്കു പോകാനിരിക്കുകയായിരുന്നു. യാത്രയ്ക്കു പുനത്തിലിനെയും ഒപ്പംകൂട്ടി. എനിക്ക് അവിടെ വേറെ ചില ജോലികൾ ഉണ്ടായിരുന്നു. അടുത്ത മുറിയിൽ പുനത്തിലിനെയും താമസിപ്പിച്ചു. എന്നെ കാണാൻ വരുന്നവരെ പുനത്തിലിനും പരിചയപ്പെടുത്തി. ഒരു സുഹൃത്ത് എന്നെ താജ് ഹോട്ടലിൽ ബുഫെ ഡിന്നർ കഴിക്കാൻ ക്ഷണിച്ചപ്പോൾ ഞാൻ പുനത്തിലിനെയും കൂട്ടി. നന്നായി ഭക്ഷണം കഴിക്കുന്നയാളാണു പുനത്തിൽ.
അങ്ങനെയുള്ളവർ വേണം ബുഫെ കഴിക്കാൻ, എന്നാലേ കാര്യമുള്ളൂ എന്നു പറഞ്ഞാണു പുനത്തിലിനെ കൂട്ടിയത്. ഹെയർസ്റ്റൈലിലും ഒരുക്കത്തിലും മറ്റും വളരെയേറെ ശ്രദ്ധിക്കുന്നയാളാണ്. അന്നു നാൽപതു രൂപയോ മറ്റോ കൊടുത്തു പുനത്തിൽ താജിൽ നിന്നു മുടിവെട്ടിയത് ഓർക്കുന്നു. രണ്ടാഴ്ച ഞങ്ങൾ അവിടെ കഴിഞ്ഞു. ചെന്നൈയിൽ വന്നതു നന്നായെന്നും ഒരു കഥയെഴുതിയെന്നും പിന്നീട് എന്നോടു പറഞ്ഞു.