ഓട്ടോറിക്ഷ ഇടിച്ചു മരിക്കുന്നതിനെക്കാൾ എനിക്കിഷ്‌ടം വിമാനാപകടത്തിൽ തീരുന്നതാണ്. എന്തുകൊണ്ടു ബിജെപി സ്‌ഥാനാർഥിയായെന്നു ചോദിച്ചവരോടു പുനത്തിൽ കുഞ്ഞബ്‌ദുള്ളയുടെ മറുപടി ഇതായിരുന്നു.
ആരെയും കൂസാതെ, ആർക്കും കീഴടങ്ങാതെ, തോന്നുന്നതു വിളിച്ചുപറയുന്നതായിരുന്നു എഴുത്തുകാരന്റെ ശീലം. എപ്പോഴും എന്തെങ്കിലും വിവാദത്തിനു മുകളിൽ കുഞ്ഞബ്‌ദുള്ള സ്‌ഥാനം പിടിച്ചു. കഥാകൃത്ത് ടി.പത്മനാഭൻ അഭിമുഖത്തിലൂടെ തന്നെ അപമാനിച്ചെന്നു കാണിച്ച് ഒരിക്കൽ കേസു കൊടുത്തു.
2001ൽ ബേപ്പൂരിൽ ബിജെപി പിന്തുണയോടെ സ്‌ഥാനാർഥിയായി. പിന്നീടു വാജ്‌പേയിയുടെ കശ്‌മീർ നിലപാടിനെ വിമർശിച്ചതോടെ ബിജെപിയിൽനിന്നു രാജ്യദ്രോഹി എന്നു വിളിയുണ്ടായി.
മിത്തുകളുടെയും സ്വപ്നങ്ങളുടെയും മടിത്തട്ടിൽനിന്ന്
കഥകളുടെയും മിത്തുകളുടെയും മടിത്തട്ടാണു പുനത്തിലിന്റെ ജന്മദേശമായ കാരക്കാട് ഗ്രാമം. കാരക്കാട് ഗ്രാമത്തിന്റെ പ്രാക്തന സൗന്ദര്യം നോവലിൽ ആവിഷ്‌കരിച്ചതാണു സ്‌മാരകശിലകൾ. വടക്കേ മലബാറിലെ മുസ്‌ലിം ജീവിതത്തിന്റെ പശ്‌ചാത്തലത്തിൽ രചിച്ച ‘സ്‌മാരകശിലകൾ’ മാസ്മരികമായിരുന്നു.
അലിഗഡിൽ മെഡിക്കൽ വിദ്യാർഥിയായിരുന്ന കാലത്തെ അനുഭവങ്ങളെ മുൻനിർത്തി രചിച്ച ‘അലിഗഡിലെ തടവുകാരൻ’, ‘മരുന്ന്’ എന്നിവയും ‘സൂര്യൻ, ദുഃഖിതർക്കൊരു പൂമരം, ഖലീഫ, കന്യാവനങ്ങൾ’ എന്നിവയും പ്രശസ്‌തമായ നോവലുകളാണ്. കഥാകൃത്ത് സേതുവുമായിച്ചേർന്ന് ‘നവഗ്രഹങ്ങളുടെ തടവറ’ എന്ന നോവലും എഴുതിയിട്ടുണ്ട്.
ചെറുകഥാസമാഹാരങ്ങൾക്കു പുറമേ ‘വോൾഗയിൽ മഞ്ഞു പെയ്യുന്നു’ എന്ന യാത്രാവിവരണഗ്രന്ഥവുമെഴുതി. ഇതിനു കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. രണ്ടു സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ആത്മകഥാപരമായ കൃതിയാണു നഷ്‌ടജാതകം. അവസാനകാലത്ത് ‘യാ അയ്യുഹന്നാസ്’ എന്ന കൃതിക്കു തുടക്കമിട്ടതു തുടരാനായില്ല.
ചെറുപ്പത്തിൽ ഉമ്മയെ നഷ്‌ടപ്പെട്ട കുഞ്ഞബ്‌ദുള്ളയ്ക്ക് ഉമ്മയായത് ബാപ്പയുടെ സഹോദരി ഖദീജയാണ്. ഇച്ചാച്ചയിലൂടെയാണു ‘കുഞ്ഞൗള’ ലോകം കണ്ടുതുടങ്ങിയത്. ഇച്ചാച്ച പറഞ്ഞുകൊടുത്ത കഥകളിലൂടെ ജിന്നും മലക്കുമെല്ലാം നന്നേ ചെറുപ്പത്തിലേ കുഞ്ഞബ്‌ദുള്ളയുടെ തോഴരായി. മടപ്പള്ളിയിൽ ആദ്യമായി മുടി നീട്ടിവളർത്തിയതു പുനത്തിലായിരുന്നു. ഗ്രാമത്തിൽ അദ്ദേഹം നാഗരികനെപ്പോലെ ജീവിച്ചു.
എഴുതാൻ ചിലപ്പോൾ കാട്ടിലേക്കു പോകും. ആശുപത്രിയുടെയും മരുന്നുകളുടെയും യാഥാർഥ്യത്തിലും പ്രേതങ്ങളുടെയും ജിന്നുകളുടെയും ഭ്രമലോകത്തും തന്റെ ഭാവനയെ അലയാൻ വിട്ട അദ്ദേഹം മരുന്നുകൾക്കും മന്ത്രങ്ങൾക്കും നടുവിൽ കഥയുടെ പുതുലോകം തീർത്തു. ഓരോ രോഗിയിൽനിന്നും അദ്ദേഹം ജീവിതം പഠിച്ചു. അവർ പുതിയ കഥകൾ കൊണ്ടുവന്നു. അനായാസശൈലിയിലുള്ള കഥകളുടെ ഔഷധഗുണംകൊണ്ടു മലയാളഭാവനയ്ക്കു നിത്യയൗവനം സമ്മാനിച്ച കുഞ്ഞബ്ദുള്ള തന്റെ എഴുപതുകളിലും താൻ പതിനെട്ടുകാരനാണെന്ന് ഉറക്കെപ്പറഞ്ഞു.