കോഴിക്കോട് ∙ മലയാളസാഹിത്യത്തിൽ നിത്യസുന്ദരമായ ഭാവനാലോകം നിർമിച്ച നോവലിസ്റ്റും കഥാകൃത്തുമായ പുനത്തിൽ കുഞ്ഞബ്‌ദുള്ള (77) ഓർമയായി. ഇന്നലെ രാവിലെ 7.40ന് ബേബി മെമ്മോറിയൽ ആശുപത്രിയിലായിരുന്നു അന്ത്യം. മകൾ നാസിമയുടെ ചേവരമ്പലത്തെ വീട്ടിലെത്തിച്ച മൃതദേഹം തുടർന്നു കോഴിക്കോട് ടൗൺഹാൾ, വടകര ടൗൺഹാൾ, മടപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ പൊതുദർശനത്തിനുശേഷം വൈകിട്ട് വടകര കാരക്കാട് ജുമാ മസ്ജിദിൽ കബറടക്കി.
ഒഴുക്കോടെ കഥ പറയുന്ന ഭാഷാശൈലി കൊണ്ടു വായനക്കാരുടെ മനസ്സ് കീഴടക്കിയ പുനത്തിൽ, 1940 ഏപ്രിൽ 30ന് വടകര മടപ്പള്ളിക്കടുത്ത് ഒഞ്ചിയത്തു ജനിച്ചു. തലശ്ശേരി ഗവ. ബ്രണ്ണൻ കോളജിൽ നിന്നു ബിരുദം നേടി. അലിഗഡ് മുസ്‌ലിം സർവകലാശാലയിൽനിന്നാണ് എംബിബിഎസ് എടുത്തത്. 1970 മുതൽ 1973 വരെ സർക്കാർ സർവീസിൽ ഡോക്‌ടറായിരുന്നു. 1974 മുതൽ 1996 വരെ സ്വകാര്യ നഴ്‌സിങ് ഹോം നടത്തി.
തുടർന്ന് 1999 വരെ വയനാട്ടിലെ ആദിവാസി മേഖലകളിൽ ചികിൽസകനായി പ്രവർത്തിച്ചു. ചെറുകഥയ്‌ക്കും നോവലിനും യാത്രാവിവരണത്തിനും കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ‘സ്‌മാരകശിലകൾ’ 1980ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡു നേടി. അലീമയാണു ഭാര്യ. മക്കൾ: നാസിമ അബ്ദുള്ള, ആസാദ് അബ്ദുള്ള (യുഎഇ), നവാബ് അബ്ദുള്ള (ബിസിനസ്, ബെംഗളൂരു). മരുമക്കൾ: അബ്ദുൽ ജലീൽ (ബിസിനസ്), ഷാലി, ബിന്ദു.
മലയാള മനോരമയ്ക്കു വേണ്ടി ചീഫ് ന്യൂസ് എഡിറ്റർ പി.ജെ. ജോഷ്വ റീത്ത് സമർപ്പിച്ചു.