കുഞ്ഞബ്ദുള്ള പിറന്നുവീണതു സമ്പത്തിന്റെ മടിയിലാണ്. സമ്പത്ത് എന്നു പറയുമ്പോൾ ഞാൻ ഉദ്ദേശിക്കുന്നതു ഭൗതികമായ സമ്പത്തു മാത്രമല്ല. ആത്മീയമായ, മാനസികമായ സമ്പത്തുകൂടിയാണ്. ഈ സമ്പത്ത് കുഞ്ഞബ്ദുള്ള കണ്ടമാനം ധൂർത്തടിക്കുകയുണ്ടായി; വരുംവരായ്കകളെക്കുറിച്ച് ഒരു ചിന്തയുമില്ലാതെ.
മലയാളത്തിൽ സമീപകാലത്തു വായനക്കാരെ പിടിച്ചുനിർത്തുന്ന ശൈലിയുടെ ഉടമ ആരാണെന്നു ചോദിച്ചാൽ ഒരുത്തരമേ അതിനുള്ളു – അതു കുഞ്ഞബ്ദുള്ളയാണ്.
കുഞ്ഞബ്ദുള്ളയുടെ സ്മാരകശിലകൾ വായനാശീലമുള്ള മലയാളികൾ എക്കാലവും നെഞ്ചോടുചേർത്തു പിടിക്കും എന്നെനിക്കുറപ്പുണ്ട്. ഈ പുസ്തകം ഒന്നിലധികം തവണ വായിച്ച് ആനന്ദം അനുഭവിച്ചവനാണു ഞാൻ.
കുഞ്ഞബ്ദുള്ള എന്റെ വീട്ടിൽ വന്നിട്ടുണ്ട്; ഒരു തവണ. ഞാൻ ഒന്നിലധികം തവണ കുഞ്ഞബ്ദുള്ളയുടെ വീട്ടിൽ പോവുകയും അദ്ദേഹത്തിന്റെ സഹധർമിണി പാകംചെയ്തു തന്ന ഭക്ഷണം കഴിക്കുകയും ചെയ്തിട്ടുണ്ട്. കുഞ്ഞബ്ദുള്ളയോട് എനിക്ക് എന്നും സ്നേഹം മാത്രമേ ഉണ്ടായിട്ടുള്ളു.
ഈ മാസം 31നു രാവിലെ കുഞ്ഞബ്ദുള്ളയെ ആശുപത്രിയിൽ ചെന്നു കാണാനുള്ള ഏർപ്പാടുകൾ ഇന്നലെ കോഴിക്കോട്ടെ രണ്ടു സുഹൃത്തുക്കളുമായി സംസാരിച്ച് ഉറപ്പിച്ചതായിരുന്നു. ഏറ്റവും സങ്കടകരമായ കാര്യം, ഫോണിൽ ഇക്കാര്യം സംസാരിച്ചുകഴിഞ്ഞപ്പോൾ ഞാൻ ടിവിയിൽ കാണുന്ന വാർത്ത കുഞ്ഞബ്ദുള്ള നമ്മെയെല്ലാം വിട്ടുപിരിഞ്ഞു എന്നതാണ്.
സ്വർഗസ്ഥനായ എന്റെ ചങ്ങാതിക്കു നിത്യശാന്തി ലഭിക്കട്ടെ എന്നു ഞാൻ പ്രാർഥിക്കുന്നു.