തൊടുപുഴ ∙ തണുപ്പ് ആസ്വദിക്കാൻ ഇടുക്കിയിലേക്കു സഞ്ചാരികളുടെ ഒഴുക്ക്. നവംബറിൽ തുടങ്ങിയ ടൂറിസ്റ്റുകളുടെ തിരക്കു ക്രിസ്മസ് അവധിക്കാലത്തു പാരമ്യത്തിലെത്തും. മൂന്നാർ, തേക്കടി, വാഗമൺ തുടങ്ങി ഇടുക്കിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലെല്ലാം ശനി, ഞായർ ദിവസങ്ങളിൽ അഭൂതപൂർവമായ തിരക്കായിരുന്നു.
മൂന്നാറിലേക്കുള്ള വഴിയിൽ അടിമാലി മുതൽ വിനോദസഞ്ചാരികളുമായുള്ള വാഹനങ്ങളുടെ നീണ്ട നിരയാണ്. ദിവസേന 2250 പേരാണു രാജമലയിൽ മാത്രം എത്തുന്നത്. മാട്ടുപ്പെട്ടിയിൽ ശരാശരി 1500 പേർ സന്ദർശനത്തിനെത്തുന്നുവെന്നാണു ഡിടിപിസിയുടെ കണക്ക്. വരുംദിവസങ്ങളിൽ സന്ദർശകരുടെ എണ്ണം ഇരട്ടിയിലധികമാകും. കൊളുക്കുമല, മീശപ്പുലിമല എന്നിവിടങ്ങളിലും സഞ്ചാരികൾ ധാരാളമായെത്തുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ മൂന്നാർ ടൗണിൽ താപനില നാലു ഡിഗ്രി സെൽഷ്യസ് വരെ താണിരുന്നു. സമീപ എസ്റ്റേറ്റുകളായ ലക്ഷ്മി, ചെണ്ടുവരൈ, ചിറ്റുവാര എന്നിവിടങ്ങളിൽ താപനില രണ്ട് ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തി. മൂന്നാറിൽ മഴ മാറിനിൽക്കുന്നതും ആകാശം തെളിഞ്ഞിരിക്കുന്നതും തണുപ്പു വർധിപ്പിക്കുന്നു.
കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള 42 കിലോമീറ്റർ ദൂരത്തിൽ പണിനടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ നിരോധിച്ചിരിക്കുകയാണ്. ഇതു തമിഴ്നാട്ടിൽനിന്നു മധുര വഴി മൂന്നാറിലെത്തുന്ന സഞ്ചാരികളെ വലയ്ക്കുന്നുണ്ട്. പൂപ്പാറയിൽനിന്നു തിരിഞ്ഞു രാജകുമാരി- കുഞ്ചിത്തണ്ണി- പള്ളിവാസൽ വഴിയാണ് സഞ്ചാരികൾ ഇപ്പോൾ മൂന്നാറിലെത്തുന്നത്.
പുതിയ ബോട്ട് കട്ടപ്പുറത്ത്
കുമളി∙ സഞ്ചാരികളുടെ തിരക്കേറുന്ന സമയം നോക്കി തേക്കടിയിലെ കെടിഡിസിയുടെ പുതിയ ബോട്ട് സർവീസ് തകരാറിലായി. തേക്കടി സന്ദർശനത്തിന് എത്തുന്നവർക്കു തടാകത്തിലെ ബോട്ടിങ്ങാണു പ്രധാന ആകർഷണം. തിരക്കേറിയ പുതുവർഷത്തിന് എല്ലാ ബോട്ടുകളും സർവീസ് നടത്തിയില്ലെങ്കിൽ സഞ്ചാരികൾ ഏറെ വലയും.
തേക്കടിയിൽ കെടിഡിസിയുടെ നാലു ബോട്ടുകളാണു സർവീസ് നടത്തുന്നത്. ഇതിൽ രണ്ടു ബോട്ടുകളിൽ 120 പേർക്ക് വീതം യാത്ര ചെയ്യാൻ കഴിയും. ഇവ രണ്ടും കഴിഞ്ഞദിവസം തകരാറിലായി. ഒരെണ്ണം നന്നാക്കി സർവീസ് പുനരാരംഭിച്ചു. രണ്ടാമത്തേതു വൈകാതെ സർവീസിനിറങ്ങുമെന്നു കെടിഡിസി വൃത്തങ്ങൾ അറിയിച്ചു.