അടിമാലി∙ മൂന്നാറിലേക്കുള്ള പ്രധാന മാർഗമായ കൊച്ചി– ധനുഷ്കോടി ദേശീയപാതയിൽ വാളറയ്ക്കു സമീപം നിർമാണപ്രവർത്തനങ്ങൾക്കിടെ റോഡിന്റെ സംരക്ഷണ ഭിത്തി തകർന്നു വീണു. സംരക്ഷണ ഭിത്തി തകർന്ന സാഹചര്യത്തിൽ, കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലത്തിനും അടിമാലിക്കും ഇടയിൽ ഇനി ഒരുത്തരവ് ഉണ്ടാകും വരെ ഗതാഗതം പൂർണമായി നിരോധിച്ചതായി ഇടുക്കി കലക്ടർ കെ. ജീവൻബാബു അറിയിച്ചു.
നേര്യമംഗലത്തു നിന്നു അടിമാലി, മൂന്നാർ ഭാഗത്തേക്കുള്ള വാഹനങ്ങൾ ലോവർപെരിയാർ–പനംകുട്ടി-കല്ലാർകുട്ടി വഴി പോകണം. മൂന്നാർ മേഖലയിൽ നിന്നും കോതമംഗലം ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ അടിമാലിയിലെത്തി, കല്ലാർകുട്ടി–ലോവർപെരിയാർ വഴി നേര്യമംഗലം– കോതമംഗലം റോഡിൽ പ്രവേശിക്കണമെന്നാണു നിർദേശം.