തിരുവനന്തപുരം ∙ രോഗം ബാധിച്ച തെങ്ങുകളെല്ലാം വെട്ടിമാറ്റാൻ സർക്കാർ പദ്ധതി. പകരം മികച്ച ഉൽപാദനക്ഷമതയുള്ള തെങ്ങുകൾ വച്ചുപിടിപ്പിക്കും. കൂടുതൽ ഉൽപാദനക്ഷമതയുള്ള തെങ്ങുകൾ കാർഷിക സർവകലാശാലയിൽ ഉൽപാദിപ്പിച്ചു ഗുണനിലവാരമനുസരിച്ചു തരംതിരിക്കാനാണു പദ്ധതി ലക്ഷ്യമിടുന്നത്. നാളികേര മേഖലയുടെ സമഗ്രവികസനമെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന നാളികേര മിഷന്റെ രൂപരേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
2028 ന് ഉളളിൽ സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന നാളികേരത്തിന്റെ 50 ശതമാനമെങ്കിലും മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റി വിപണനസാധ്യത ഉറപ്പുവരുത്തും. 1200 കോടി രൂപയുടെ പദ്ധതിയാണിത്. കാർഷിക സർവകലാശാല, കയർഫെഡ്, കയർ വികസന കോർപറേഷൻ, തോട്ടവിള ഗവേഷണ കേന്ദ്രം, വ്യവസായിക മേഖലയിലെ വിദഗ്ധർ തുടങ്ങിയവർ മിഷനിൽ പങ്കാളികളാകും. ജില്ലാ, ബ്ലോക്ക്, വാർഡ് അടിസ്ഥാനത്തിൽ പ്രത്യേകം സമിതികൾ രൂപീകരിക്കും.
നീരയുടെ ഏകീകൃത ബ്രാൻഡിങ്ങിനുള്ള നടപടികളും പുരോഗമിക്കുകയാണ്. സെപ്റ്റംബർ ആറു മുതൽ എട്ടു വരെ കോഴിക്കോട്ടു സംഘടിപ്പിക്കുന്ന നാളികേര മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണ പ്രദർശന ശിൽപശാലയിൽ നീരയുടെ വിശദാംശങ്ങൾ പ്രഖ്യാപിക്കുമെന്നു മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു.