തൃശൂർ ∙ മൂന്നു വർഷത്തിനുശേഷം പുതിയ വിളയിനങ്ങളുമായി കാർഷിക സർവകലാശാല. രോഗപ്രതിരോധ ശേഷിയുള്ള ആറ് നെല്ലിനങ്ങൾ ഉൾപ്പെടെ 23 വിളകളാണു സർവകലാശാല വികസിപ്പിച്ചത്. ഉയർന്ന താപനിലയെ അതിജീവിക്കാന്‍ കഴിയുമെന്നതാണു പ്രത്യേകത. പൗർണമി, മനു രത്ന, ലാവണ്യ, ജ്യോത്സന, സുപ്രിയ, അക്ഷയ എന്നിവയാണു നെല്ലിനങ്ങൾ. വെള്ളരി, പയർ, കുടമ്പുളി, മരച്ചീനി, ഏലം, കുരുമുളക്, ജാതി, കൊടുംവേലി എന്നിവയുടെ വകഭേദങ്ങളാണു മറ്റിനങ്ങൾ.
ഇതോടെ കാർഷിക സർവകലാശാല പുറത്തിറക്കിയ വിളയിനങ്ങളുടെ എണ്ണം 331 ആയി. പാരമ്പര്യ കാർഷിക സമ്പത്തിന്റെയും ജനിതക പൈതൃകത്തിന്റെയും സംരക്ഷണമാണു മറ്റൊരു ലക്ഷ്യം. കാർഷിക വികസന, കർഷക ക്ഷേമ വകുപ്പും കാർഷിക സർവകലാശാലയും സംയുക്തമായാണു ജൈവ വൈവിധ്യ സംരക്ഷണ കേന്ദ്രമെന്ന ആശയം നടപ്പാക്കിയത്. പുതിയ വിളയിനങ്ങൾ പുറത്തിറക്കലും കാർഷിക ജൈവ വൈവിധ്യ സംരക്ഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.