ADVERTISEMENT

ആലപ്പുഴ ∙ കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് ജില്ലയുടെ തീരമേഖലയിൽ ഇന്നലെയും കടൽ ആഞ്ഞടിച്ചു. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ മേഖലകളിലും അമ്പലപ്പുഴയ്ക്കു സമീപം നീർക്കുന്നം, വളഞ്ഞവഴി, പുന്തല, ആനന്ദേശ്വരം പ്രദേശങ്ങളിലുമാണ് കടലാക്രമണം രൂക്ഷമായത്. ആലപ്പുഴ ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങി തിരയിൽപെട്ട ഏറ്റുമാനൂർ സ്വദേശിയായ യുവാവിനെ ടൂറിസം ലൈഫ് ഗാർഡ് രക്ഷപ്പെടുത്തി. 

തോട്ടപ്പള്ളി – വലിയഴീക്കൽ തീരദേശ റോഡിൽ പലഭാഗങ്ങളിലും തിരയടിച്ചുകയറിയെതിനെ തുടർന്നു മണൽ മൂടി ഗതാഗതം മുടങ്ങി. തൃക്കുന്നപ്പുഴ ഗെസ്റ്റ് ഹൗസ് ജംക്‌ഷൻ ഭാഗത്താണ് റോഡിലേക്ക് മണൽ അടിച്ചു കയറിയത്. ഒട്ടേറെ വാഹനങ്ങൾ മണലിൽ താഴ്ന്നു. ബസ് സർവീസ് നിർത്തി. പൊതുമരാമത്ത് വകുപ്പ് വൈകുന്നേരത്തോടെ റോഡിലെ മണൽ നീക്കാൻ മണ്ണുമാന്തി യന്ത്രവുമായി എത്തിയെങ്കിലും പ്രദേശവാസികളുടെ പ്രതിഷേധം മൂലം നടന്നില്ല.

തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടൻ കടലാക്രമണത്തെ പ്രതിരോധിക്കാൻ താൽക്കാലിക നടപടി കൈക്കൊള്ളുമെന്ന ഉറപ്പു പാലിക്കാതെ മണൽ നീക്കാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഇതോടെ തീരദേശ മറ്റിടങ്ങളിലെ മണൽ നീക്കി പൊതുമരാമത്ത് സംഘം മടങ്ങി. എംഇഎസ് ജംക്‌ഷനിലുള്ള പടിഞ്ഞാറേ ജുമ മസ്ജിദും അതിനോട് ചേർന്നുള്ള കബർസ്ഥാനും കടലാക്രമണ ഭീഷണിയിലാണ്. 

അമ്പലപ്പുഴ  മേഖലയിലെ നീർക്കുന്നം, വളഞ്ഞവഴി തീരത്ത് ടെട്രാപോഡിനു മുകളിലൂടെയാണ് തിരമാലകൾ തീരത്തേക്ക് ഇന്നലെ ഉച്ചയ്ക്ക് ശേഷം കയറിയത്. വീടുകൾക്ക് ചുറ്റും കടൽവെള്ളവും ചെളിയും ഒഴുകി പോകാൻ സൗകര്യമില്ലാതെ കെട്ടിക്കിടക്കുന്നു. തീരത്ത് സൂക്ഷിച്ചിരുന്ന വള്ളങ്ങൾ തൊഴിലാളികൾ കിഴക്കു ഭാഗത്തേക്ക് മാറ്റിവച്ചു. വള്ളത്തിൽനിന്നു യന്ത്രവും വലയും മറ്റ് ഉപകരണങ്ങളും വീടുകളിലേക്ക് കൊണ്ടുപോയി. തീരക്കടലിൽ ഒരിടത്തും വള്ളങ്ങൾ നങ്കൂരമിടുന്നില്ല.

ആലപ്പുഴ ബീച്ചിലും സമീപത്തെ വാടയ്ക്കൽ, വട്ടയാൽ, ഇഎസ്ഐ, മാളികമുക്ക്, കാഞ്ഞിരംചിറ, മംഗലം, തുമ്പോളി ഭാഗങ്ങളിലും കടൽ കയറുകയും ഉൾവലിയുകയും ചെയ്തെങ്കിലും നാശനഷ്ടങ്ങൾ ഉണ്ടായില്ല. ആലപ്പുഴ ബീച്ചി‍ൽ വിനോദസഞ്ചാരികളുടെ വൻതിരക്ക് ഉണ്ടായിരുന്നെങ്കിലും മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാൽ കടലിൽ ഇറങ്ങാൻ അനുവദിച്ചില്ല. എന്നാൽ ടൂറിസം ലൈഫ് ഗാർഡുമാരുടെ നിർദേശങ്ങൾ അവഗണിച്ച് ധാരാളം പേർ കടലിൽ ഇറങ്ങാൻ ശ്രമിച്ചത് സുരക്ഷാ ഭീഷണിയായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com