ADVERTISEMENT

മുതുകുളം∙ കള്ളക്കടലിന്റെ ദുരിതം വിട്ടൊഴിയാതെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ തീരം. കടൽക്ഷോഭത്തിൽ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ മൂത്തേരി മുതൽ ഗെസ്റ്റ് ഹൗസിന് സമീപം വരെ തീരദേശ റോഡിൽ അടിഞ്ഞ മണൽ കഴിഞ്ഞ ദിവസവും നീക്കിയില്ല. ഞായറാഴ്ച മണൽ നീക്കാൻ എത്തിയ പൊതുമരാമത്ത് വിഭാഗത്തിന്റെ ജെസിബി നാട്ടുകാർ തടഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടൻ കടലാക്രമണത്തെ പ്രതിരോധിക്കാൻ താൽക്കാലിക നടപടി കൈക്കൊള്ളുമെന്ന അധികൃതരുടെ ഉറപ്പു പാലിക്കാതെ വന്നതോടെയാണ് മണൽ നീക്കം തടസ്സപ്പെടുത്തിയത്. തീരദേശ റോഡിൽ മണൽ മൂടിയോടെ തോട്ടപ്പള്ളി– വലിയഴീക്കൽ റൂട്ടിൽ ബസ് സർവിസ് മുടങ്ങി.

ചെറിയ വാഹനങ്ങൾ മാത്രമേ പോകുന്നുള്ളൂ. മൂത്തേരി മുതൽ ഗെസ്റ്റ് ഹൗസിന് സമീപം അറുന്നൂറു മീറ്റർ ദൂരമാണ് മണൽ മൂടിക്കിടക്കുന്നത്. ഇവിടെ കടലാക്രമണത്തെ പ്രതിരോധിക്കാൻ യാതൊരു സംവിധാനവും ഇല്ല. ആറാട്ടുപുഴ എംഇഎസ് ജംക്‌ഷൻ, തൃക്കുന്നപ്പുഴ ഗെസ്റ്റ് ഹൗസ് ജംക്‌ഷൻ എന്നിവിടങ്ങളിലാണ് കടൽക്ഷോഭം ശക്തമായി അനുഭവപ്പെടുന്നത്. ആറാട്ടുപുഴ പഞ്ചായത്തിലെ വലിയഴീക്കൽ, പെരുമ്പള്ളി എന്നിവിടങ്ങളിൽ ജിയോബാഗ് നിരത്തിയെങ്കിലും തൃക്കുന്നപ്പുഴ പഞ്ചായത്തിൽ മണൽ ചാക്കുകൾ നിരത്തിയിട്ടില്ല. തൃക്കുന്നപ്പുഴയിൽ മണൽ ചാക്കുകൾ നിരത്തുന്ന കാര്യത്തിൽ തീരുമാനമായിട്ടേ റോഡിലെ മണൽ നീക്കാൻ അനുവദിക്കൂ  എന്ന നിലപാടിലാണ് നാട്ടുകാർ.

രാജിവയ്ക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം
കടൽക്ഷോഭത്തിൽ മണൽ മൂടിയ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ മൂത്തേരി ജംക്‌ഷൻ മുതൽ ഗെസ്റ്റ് ഹൗസിന് സമീപം വരെയുള്ള ഭാഗത്ത് ആറുമാസത്തിനുള്ളിൽ പുലിമുട്ട് നിർമിച്ചില്ലെങ്കിൽ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവയ്ക്കുമെന്ന് സുധിലാൽ തൃക്കുന്നപ്പുഴ. ഒരു വർഷത്തിനുള്ളിൽ കോൺഗ്രസ് വിട്ട് രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുമെന്നും സുധിലാൽ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com