ADVERTISEMENT

കരയിൽ മാത്രമല്ല, വെള്ളത്തിലും ചൂടാണ്. തിളയ്ക്കുന്ന ചൂടിൽ മത്സ്യലഭ്യത കുറഞ്ഞതോടെ തീരത്ത് വറുതിക്കാലം.  കടലിലും ഉഷ്ണതരംഗമുണ്ടാകുന്നതു മത്സ്യലഭ്യത കുറയ്ക്കുമെന്ന ഫിഷറീസ് ശാസ്ത്രജ്ഞരുടെ നിരീക്ഷണത്തെ മത്സ്യത്തൊഴിലാളികൾ അനുഭവം കൊണ്ട് അടിവരയിടുന്നു. മുൻകാലങ്ങളിൽ അയല, മത്തി,പൊടിമീൻ തുടങ്ങിയവ ലഭിച്ചിരുന്നെങ്കിലും ഇപ്പോൾ കിട്ടുന്നില്ലെന്നു മത്സ്യത്തൊഴിലാളികൾ പറയുന്നു. പകൽ  ചൂട് മൂലം മീനുകൾ തീരത്ത് നിന്നും ഉൾക്കടലിലേക്ക് വലിഞ്ഞതാണു കാരണം. അർത്തുങ്കൽ മുതൽ ചെല്ലാനം വരെയുള്ള ആയിരത്തിലധികം മത്സ്യത്തൊഴിലാളികൾ ചെല്ലാനം മുനമ്പം ഹാർബറിലൂടെയാണ് മത്സ്യബന്ധനത്തിന് പോകുന്നത്. 

ആയിരത്തോളം വള്ളങ്ങൾ പോയിരുന്ന ചെല്ലാനം ഹാർബറിൽ  മീൻ  ലഭിക്കാതായതോടെ ഭൂരിഭാഗം വള്ളങ്ങളും തീരത്ത് അടുപ്പിച്ചിരിക്കുകയാണ്. കുറച്ച് വള്ളങ്ങൾ രാത്രി മത്സ്യബന്ധനത്തിന് പോകുന്നുണ്ടെങ്കിലും  ഇവർക്കും കാര്യമായ മീനൊന്നും ലഭിക്കുന്നില്ല. നെത്തോലി മാത്രമാണ് ഇപ്പോൾ ലഭിക്കുന്നതെന്ന്  വലിയഴീക്കൽ ഹാർബറിലെ തൊഴിലാളികൾ പറയുന്നു.  സുലഭമായി ലഭിച്ചിരുന്ന മത്തി പോലും ഇപ്പോൾ ലഭിക്കുന്നില്ല. ചൂടിനു പുറമേ ഇടയ്ക്കിടെയുള്ള കള്ളക്കടലും മത്സ്യമേഖലയെ ബാധിച്ചു.

തിളയ്ക്കുന്ന കടൽ  പിടയ്ക്കുന്ന മനം 
കടലിൽ ഇത്രയും ചൂട് മുൻപ് ഉണ്ടായിട്ടില്ലെന്ന് 40 വർഷമായി വള്ളത്തിൽ കടലിൽ പോയി മീൻപിടിക്കുന്ന  ചെത്തി തയ്യിൽവീട്ടിൽ പി.എ.ജോസഫ് പറയുന്നു.  ‘‘2 മാസമായി കടലിൽ വള്ളം ഇറക്കിയിട്ടില്ല. മത്തി, അയില, കൊഴുവ തുടങ്ങിയ മൽസ്യങ്ങൾ ഉപരിതലത്തിലാണു  സാധാരണ ഉണ്ടാവുക. വെള്ളം തിളച്ചു കിടക്കുന്നതിനാൽ ഇവ  അടിത്തട്ടിലേക്ക് പോയതോടെ മീൻ കിട്ടാതായി.വള്ളങ്ങളെല്ലാം കരയിൽ കയറ്റിവച്ചിരിക്കുകയാണ്. ചെറിയ പൊന്തുവള്ളങ്ങളാണ് വലപ്പോഴുമെങ്കിലും കടലിൽ പോവുന്നത്.’’ 

ഒന്നര മാസമായി കടലിൽ പോയിട്ടെന്നു  ആറാട്ടുപുഴയിലെ മത്സ്യത്തൊഴിലാളിയായ ബിനു പൊന്നൻ പറഞ്ഞു. ദിവസങ്ങളോളം മത്സ്യം കിട്ടാതെ നിരാശയോടെ തിരികെ പോരേണ്ടി വന്നു. മറ്റു ജോലികളൊന്നും അറിയില്ല. കടലിൽ ചൂട് കൂടിയതിനാൽ മത്സ്യബന്ധന വളളങ്ങൾക്കു ചെലവുകാശു പോലും കിട്ടാതെ മടങ്ങിവരേണ്ട സ്ഥിതിയാണെന്നു അമ്പലപ്പുഴ കോമനയിലെ വള്ളം ഉടമയായ ജെ.കുഞ്ഞുമോൻ പറയുന്നു. അപ്രതീക്ഷിതമായി  കള്ളക്കടലും വന്നതോടെ മത്സ്യത്തൊഴിലാളികളും അനുബന്ധ മേഖലയും പ്രതിസന്ധിയിലാണ്.  പൊന്തു വള്ളങ്ങളിൽ അടുത്ത കാലം വരെ പുലർച്ചെ മീൻ പിടിക്കാൻ പോകുമായിരുന്നു. മീൻ കുറവായതിനാൽ  അവരും ജോലിക്ക് പോകുന്നില്ല. 

ഉൾനാടൻ  മത്സ്യമേഖലയിലും പ്രതിസന്ധി 
വേനൽച്ചൂട് ഉൾനാടൻ മത്സ്യമേഖലയിലും പ്രതിസന്ധി സൃഷ്ടിച്ചു. കായലുകളെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളും അനുബന്ധതൊഴിലാളികളുമാണ് പ്രതിസന്ധി നേരിടുന്നത്.  ചൂടുമൂലം പകൽ   മീൻപിടിക്കാൻ  പോകാൻ കഴിയാത്തതിനാൽ പുലർച്ചെയും സന്ധ്യാസമയങ്ങളിലും  മാത്രമാണ് ഇപ്പോൾ മത്സ്യബന്ധനം.  കൊഴുവ, ഞണ്ട്, പള്ളത്തി, പൂളാൻ, കൂരി, പഴുക്ക, കോര, ആറ്റുകൊഞ്ച് എന്നിവ ഇപ്പോൾ കായലിൽ നിന്നു ലഭിക്കുന്നില്ല. വേമ്പനാട്ടു കായലിന്റ പല ഭാഗങ്ങളിലും കട‌്‌ല, കാളാഞ്ചി തുടങ്ങിയ മീനുകൾ ചത്തുപൊങ്ങിയിരുന്നു. \

തണ്ണീർമുക്കം  ബണ്ടിന്റെ  ഷട്ടറുകൾ തുറക്കുന്നതിന് മുൻപ് ഒഴുക്കില്ലാതെ നിശ്ചലമായിക്കിടന്ന കായലിൽ കറുത്ത കക്ക വൻതോതിൽ വാ പൊട്ടി നശിച്ചു. വാരിയെടുക്കുന്ന കക്കയിൽ കൂടുതലും ഉള്ളിൽ മാംസം അഴുകിപ്പോയ നിലയിലായിരുന്നു.  കനത്ത ചൂട് തൊഴിലാളികളെ തളർത്തുന്നു. കക്ക വാരുന്ന തൊഴിലാളികൾ കരയിലെത്തിയ ശേഷം  കക്ക പുഴുങ്ങി ഇറച്ചി ശേഖരിക്കാൻ വീണ്ടും തീച്ചൂടേൽക്കണം. മീൻ വളർത്തുന്ന കർഷകർക്കും വേനൽച്ചൂടിൽ വലിയ പ്രതിസന്ധിയാണ്. വേനലിൽ ജലാശയങ്ങളിൽ വെള്ളം കുറയുന്നതുമൂലം വെള്ളം ചൂടാകുന്നതോടെ മീനുകൾ ചത്തുപൊങ്ങുന്നു. രോഗബാധയും ഉണ്ടാകുന്നു.

വളർത്തുമീനുകൾ  ചത്തുപൊങ്ങി 
ആലപ്പുഴ∙ മണപ്പുറം സ്വദേശി രമണൻ കോടവേലിലിന്റെ വിളവെടുപ്പിനു പാകമായ മീനുകൾ കഴിഞ്ഞ ദിവസം ചത്തുപൊങ്ങി. 1000 കട്‌ല മീനുകളും 500 സിലോപ്പിയ മീനുകളുമാണു രമണന്റെ കുളത്തിൽ ഉണ്ടായിരുന്നത്. സിലോപ്പിയ  450 ഗ്രാം തൂക്കം വച്ചതോടെ ഇന്നലെ പിടിക്കാനിരിക്കുകയായിരുന്നു. കട്‌ല മീനുകളും 400 ഗ്രാമോളം തൂക്കം വച്ചിരുന്നു. 

18,000 രൂപ ചെലവിട്ടാണു കുളം തയാറാക്കി മീൻ കൃഷി നടത്തിയതെന്നു രമണൻ പറയുന്നു. സിലോപ്പിയ മീനുകളിൽ ഏതാനും എണ്ണം മാത്രമേ അവശേഷിക്കുന്നുള്ളൂ. കട്‌ല മീനുകളിലും പകുതിയോളം ചത്തുപൊങ്ങി.  വലിയ നഷ്ടമാണ് ഉണ്ടായത്. കൂലിപ്പണിക്കാരനായ താൻ മറ്റൊരാളുടെ പറമ്പിലെ കുളത്തിലാണു കൃഷിയിറക്കിയതെന്നും  നഷ്ടം എങ്ങനെ മറികടക്കണമെന്ന് അറിയില്ലെന്നും രമണൻ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com