ADVERTISEMENT

ചെന്നൈ ∙ നഗരത്തിലെ ഏറ്റവും വലിയ വാണിജ്യ കേന്ദ്രമായ ടി നഗറിലെ ഷോപ്പിങ് സുഗമമാക്കാൻ മുഴുവൻ കയ്യേറ്റങ്ങളും ഒഴിപ്പിക്കാൻ കോർപറേഷൻ. ഇതിനായി നടപടി തുടങ്ങി. കൂടുതൽ ആളെത്തുന്ന രംഗനാഥൻ സ്ട്രീറ്റ് അടക്കം എല്ലാ ഷോപ്പിങ് കേന്ദ്രങ്ങളിലെയും റോഡ് കയ്യേറിയുള്ള അനധികൃത കച്ചവടം ഒഴിപ്പിക്കാനാണു തീരുമാനം. അവധിക്കാലമായതിനാൽ സന്ദർശകരുടെ തിരക്കേറുകയും വരും ദിവസങ്ങളിൽ യൂണിഫോം, ബാഗ് എന്നിവയടക്കമുള്ള സാധനങ്ങൾ വാങ്ങാൻ കൂടുതൽ പേർ എത്തുകയും ചെയ്യുമെന്നതിനാൽ, നടപടി ടി നഗറിലെ തിരക്ക് കുറയ്ക്കുമെന്നാണു പ്രതീക്ഷ.

നടക്കാൻ ബുദ്ധിമുട്ടി ജനം
നഗരത്തിൽ ഷോപ്പിങ് കേന്ദ്രങ്ങൾ ഏറെയുണ്ടെങ്കിലും ടി നഗറിലാണ് കൂടുതൽ തിരക്ക്. അതിൽ തന്നെ, നിരനിരയായി കടകളുള്ള രംഗനാഥൻ തെരുവിലാണ് ഏറ്റവും കൂടുതൽ തിരക്ക്. ഉത്സവ സീസണുകളിൽ സൂചി കുത്താൻ ഇടമില്ല. ഇതിനു പുറമേയാണ് ഭക്ഷ്യസാധനങ്ങൾ, വസ്ത്രങ്ങൾ, ഫാൻസി തുടങ്ങിയവയുടെ റോഡ് കയ്യേറിയുള്ള കച്ചവടം. ഇത്തരത്തിലുള്ള അൻപതിലേറെ കയ്യേറ്റങ്ങളാണു രംഗനാഥൻ സ്ട്രീറ്റിൽ നിന്നു മാത്രം കോർപറേഷൻ ഒഴിപ്പിച്ചത്. നിയമാനുസൃതം പ്രവർത്തിക്കുന്ന കടകളുടെ ഭാഗമാണു റോഡിലെ ചില കച്ചവടങ്ങളെന്ന് കോർപറേഷൻ കണ്ടെത്തി. 

വരുമാനം വർധിപ്പിക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. റോഡിൽ വിൽക്കുന്ന സാധനങ്ങൾ പരിശോധിക്കുന്നവരെ പ്രധാന കടയിലേക്ക് ആകർഷിക്കും. അടിയന്തര സാഹചര്യത്തിൽ ആംബുലൻസ്, ഫയർ എൻജിൻ എന്നിവയ്ക്കു പോലും പ്രവേശിക്കാൻ പറ്റാത്ത വിധത്തിൽ റോഡുകൾ കയ്യേറിയിരിക്കുകയാണ് രംഗനാഥൻ സ്ട്രീറ്റിൽ. നടേശൻ സ്ട്രീറ്റ്, റെയിൽവേ ബോർഡർ റോഡ് തുടങ്ങിയ സ്ട്രീറ്റുകളിലെ കയ്യേറ്റക്കാരെയും ഒഴിപ്പിക്കും. 

വലഞ്ഞ് കുട്ടികൾ
സ്കൂൾ അവധി ആരംഭിച്ചതോടെ ഷോപ്പിങ് നടത്തുന്നതിന് ഒട്ടേറെ കുടുംബങ്ങളാണു ടി നഗറിൽ എത്തുന്നത്. കുട്ടികൾക്കു വസ്ത്രങ്ങൾ വാങ്ങാനാണ് ഏറെ പേരും വരുന്നത്. വാരാന്ത്യങ്ങളിൽ വലിയ തിരക്കാണ് ഇവിടെ. കുട്ടികളുമായി എത്തുന്നവരെയാണ് തിരക്ക് ഏറെ ബുദ്ധിമുട്ടിക്കുന്നത്. ചൂട് കൂടിയതും ബുദ്ധിമുട്ട് വർധിപ്പിക്കുന്നു. അതേസമയം സ്കൂൾ യൂണിഫോം, ബാഗ് അടക്കമുള്ള സാധനങ്ങൾ വാങ്ങുന്നതിനായി വരും ദിവസങ്ങളിലും വലിയ തിരക്കാണു പ്രതീക്ഷിക്കുന്നത്. അനധികൃത കച്ചവടം ഒഴിപ്പിച്ചതിനാൽ തെരുവുകളിലൂടെ സ്വസ്ഥമായി നടക്കാനും ഷോപ്പിങ് നടത്താനും സാധിക്കുമെന്നാണു പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com