ADVERTISEMENT

കാക്കനാട്∙ ഐടി മേഖല ഉൾപ്പെടെ തൃക്കാക്കര നഗരസഭാ പ്രദേശത്തെ മാലിന്യ നീക്കം നിലച്ചെന്ന് ആരോപിച്ചെത്തിയ പ്രതിപക്ഷ കൗൺസിലർമാർ ഹരിതകർമ സേനാംഗങ്ങളുടെ പരിശീലനം തടഞ്ഞു.അഞ്ചു ദിവസമായി ഗാർഹിക മാലിന്യം വീടുകളിൽ കെട്ടിക്കിടക്കുകയാണെന്ന പരാതിയുമായാണ് കൗൺസിലർമാരെത്തിയത്. മാലിന്യം എടുക്കുന്നത് നിർത്തി വച്ചു പരിശീലനം സംഘടിപ്പിച്ചതിനെയാണ് തങ്ങൾ എതിർക്കുന്നതെന്ന് അവർ പറഞ്ഞു. വോട്ടെടുപ്പിനു തലേന്നാളാണ് വീടുകളിലെ മാലിന്യം ഒടുവിൽ ശേഖരിച്ചത്. 

ദിവസങ്ങളായി മാലിന്യം വീടുകളിൽ കെട്ടിക്കിടക്കുന്നത് ആരോഗ്യ ഭീഷണി ഉയർത്തുന്നു. കൗൺസിലർമാരെന്ന നിലയിൽ നാട്ടുകാരോട് മറുപടി പറയേണ്ടത് തങ്ങളാണ്. മാലിന്യം നീക്കാതെ ഹരിതകർമ സേനാംഗങ്ങളെ ഇന്നലെയും തിങ്കളാഴ്ചയും പരിശീലനത്തിനു കൊണ്ടുപോയതു കടുത്ത വീഴ്ചയാണെന്നും അവർ ആരോപിച്ചു. പ്രതിപക്ഷ നേതാവ് എം.കെ.ചന്ദ്രബാബു, കൗൺസിലർമാരായ ജിജോ ചിങ്ങംതറ, പി.സി.മനൂപ്, അജുന ഹാഷിം, അസ്മ ഷെരീഫ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധക്കാരെത്തിയത്. ബഹളത്തെ തുടർന്നു പരിശീലനം നിർത്തി വച്ചു.

 ‘മാലിന്യത്തിൽ പ്രതിപക്ഷം രാഷ്ട്രീയം കലർത്തുന്നു’
തൃക്കാക്കരയിലെ മാലിന്യ നീക്കവും സംസ്ക്കരണവും പരാജയപ്പെടുത്താനാണ് പ്രതിപക്ഷ ശ്രമമെന്ന് ഭരണപക്ഷം ആരോപിച്ചു. പുതുതായി നിയമനം ലഭിച്ചവർ ഉൾപ്പെടെയുള്ള ഹരിതകർമ സേനാംഗങ്ങൾക്ക് പരിശീലനം നൽകാൻ ശുചിത്വ മിഷനാണ് നിർദേശിച്ചത്. ശനിയാഴ്ച വീടുകളിൽ നിന്ന് മാലിന്യമെടുത്തിരുന്നു. ഞായറാഴ്ച മാലിന്യം എടുക്കാറില്ല. തിങ്കൾ മാത്രമാണ് മാലിന്യം എടുക്കാതിരുന്നത്. മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട ശാസ്ത്രീയ രീതികളും പെരുമാറ്റച്ചട്ടവും ഹരിതകർമ സേനാംഗങ്ങളെ പരിശീലിപ്പിക്കുന്ന പരിപാടിയാണ് പ്രതിപക്ഷം തടസപ്പെടുത്തിയതെന്ന് ആരോഗ്യ സ്ഥിര സമിതി ചെയർമാൻ ഉണ്ണി കാക്കനാട് പറഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com