ADVERTISEMENT

പെരുമ്പാവൂർ ∙ കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കപ്രിക്കാട്  അഭയാരണ്യത്തിൽ നിർമിച്ച 2   ബയോഗ്യാസ് പ്ലാന്റുകളും പ്രവർത്തനരഹിതമായി. ആനകൾ, മാൻ, മ്ലാവ് തുടങ്ങിയ മൃഗങ്ങളുടെ വിസർജ്യം  ഉപയോഗിച്ച്  പ്രവർത്തിപ്പിക്കാവുന്ന രീതിയിലാണ് പ്ലാന്റുകൾ നിർമിച്ചത്. എന്നാൽ മൃഗങ്ങളുടെ എണ്ണം കുറയുകയും പരിപാലനം കൃത്യമല്ലാതാകുകയും ചെയ്തതോടെ പ്ലാന്റുകൾ നിലച്ചു.  2017ൽ പ്ലാന്റുകൾ സ്ഥാപിക്കുമ്പോൾ അഭയാരണ്യത്തിൽ 230 പുളളിമാനുകളും 190 മ്ലാവുകളും ഉണ്ടായിരുന്നു.  2022–23 കാലത്ത് സർക്കാർ നിർദേശ പ്രകാരം 123 പുള്ളിമാനുകളെയും 100 മ്ലാവുകളെയും വനത്തിലേക്കു തുറന്നു വിട്ടു. 4 ആനകളെ മറ്റ് ഫോറസ്റ്റ് ഡിവിഷനുകളിലേക്കു മാറ്റി. പെറ്റുപെരുകിയതിനാൽ അഭയാരണ്യത്തിലെ കൂടുകളിൽ ഇവയ്ക്ക് സ്വതന്ത്രമായി കഴിയാൻ പറ്റാത്ത അവസ്ഥയായിരുന്നു.   

പ്ലാന്റിൽ നിന്ന് ഉൽപാദിപ്പിക്കുന്ന ബയോഗ്യാസ് മൃഗങ്ങൾക്കു ഭക്ഷണം പാചകം ചെയ്യാൻ തികയാത്തതിനാലാണ് പ്രവർത്തിപ്പിക്കാത്തതെന്ന് അധികൃതർ പറയുന്നു. വിറക് ഉപയോഗിച്ചാണ് ഇപ്പോൾ പാചകം ചെയ്യുന്നത്. നിലവിൽ 135 മാനുകളും 45 മ്ലാവുകളും ഉണ്ട്. 250 ഏക്കറിൽ തുറന്ന മൃശാലയായി വിഭാവനം ചെയ്ത് 2 പതിറ്റാണ്ടു മുൻപു തുടങ്ങിയതാണ്. എന്നാൽ ഇപ്പോൾ ആനകൾ അടക്കമുള്ള മൃഗങ്ങളുടെ എണ്ണം കുറയുകയും  വികസന പ്രവർത്തനങ്ങൾ കാര്യമായി നടപ്പാക്കുകയും ചെയ്തില്ല. വിനോദ സഞ്ചാര കേന്ദ്രം വരെ കാട്ടാനക്കൂട്ടം എത്തിയിട്ടും പ്രതിരോധ നടപടിയില്ലെന്നു ബിജെപി കൂവപ്പടി പ‍ഞ്ചായത്ത് കമ്മിറ്റി കുറ്റപ്പെടുത്തി. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് സഞ്ചാരികളും ആകർഷിക്കാൻ നടപടി വേണമെന്ന് യോഗം ആവശ്യപ്പെട്ടു. ബിജെപി പെരുമ്പാവൂർ മണ്ഡലം സെക്രട്ടറി ദേവച്ചൻ പടയാട്ടിൽ ഉദ്ഘാടനം ചെയ്തു. പി.ടി. ഗോപകുമാർ അധ്യക്ഷത വഹിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com