ADVERTISEMENT

പെരുമ്പാവൂർ ∙അതിഥിത്തൊഴിലാളികൾക്കിടയിൽ ലഹരി മരുന്നു കണ്ടെത്തുന്നതിനായി 200 പൊലീസുകാരുടെ നേതൃത്വത്തിൽ ഒരു പകൽ മുഴുവൻ നീണ്ട  വൻ പരിശോധന. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ  20 സംഘങ്ങളായി തിരിഞ്ഞു നടത്തിയ പരിശോധനയിൽ ലക്ഷങ്ങൾ വിലയുള്ള കഞ്ചാവും രാസലഹരിയും  നിരോധിത പുകയില ഉൽപന്നങ്ങളും പിടികൂടി.  ലഹരിമരുന്നു വലിക്കാൻ ഉപയോഗിക്കുന്ന ഹുക്കയും പിടിച്ചെടുത്തു. 30 കേസുകൾ റജിസ്റ്റർ ചെയ്തു.രാവിലെ 11.30ന് ലഹരിമരുന്നിനെതിരെ  പ്രതിജ്ഞയെടുത്താണ് പൊലീസ് പരിശോധന ആരംഭിച്ചത്. എഎസ്പി ട്രെയ്നി അഞ്ജലി ഭാവന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ 20  സംഘങ്ങൾ  പരിശോധനക്കിറങ്ങി. 

മാർക്കറ്റുകൾ, ബസ് സ്റ്റാൻഡ്, അതിഥിത്തൊഴിലാളികൾ തമ്പടിക്കുന്ന ഇടങ്ങൾ, കടകൾ, ലോഡ്ജുകൾ, താമസിക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. നിരോധിത പുകയില ഉൽപന്നങ്ങളും , രാസലഹരിയും  പിടികൂടി.  പൊതു സ്ഥലത്തിരുന്നു മദ്യപിച്ചവരെ കസ്റ്റഡിയിലെടുത്തു. ലഹരിമരുന്നു വിൽക്കുന്ന സംഘത്തെയും  പിടികൂടിയിട്ടുണ്ട്. വെങ്ങോല ഭാഗത്ത് ഓട്ടോറിക്ഷയും പിന്തുടർന്നാണ് ഹെറോയിൻ പിടികൂടിയത്. ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് രാസലഹരി കണ്ടെത്തിയത്.  എഎസ്പി മോഹിത് രാവത്ത്, എഡിഎസ് പി വി. അനിൽ,  ഇൻസ്പെക്ടർമാരായ എം.കെ രാജേഷ്, കെ.ഷിജി, ഹണി കെ.ദാസ് , രാജേഷ് കുമാർ, വി.പി സുധീഷ് ഉൾപ്പെടെ  200 ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു. 

എക്സൈസ് പരിശോധനയിൽ 33 കേസുകൾ 
പെരുമ്പാവൂർ ∙ എക്സൈസ് നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉൽപന്നങ്ങൾ വിറ്റ കുറ്റത്തിന് 33 പേർക്കെതിരെ കേസ് റജിസ്റ്റർ ചെയ്യുകയും 20 കിലോഗ്രാം  പുകയില ഉൽപന്നങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. അതിഥിത്തൊഴിലാളികൾക്കിടയിലെ നിരോധിത പുകയില വിൽപനയ്ക്കും ബവ്റിജസ് പരിസരങ്ങളിലെ പരസ്യമായ മദ്യപാനത്തിനും എതിരെയുള്ള നിരീക്ഷണത്തിന്റെ  ഭാഗമായി പെരുമ്പാവൂർ ടൗൺ, ബവ്റിജസ്  പരിസരം എന്നിവിടങ്ങളിലായിരുന്നു പരിശോധന. 

കുന്നത്തുനാട് എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. ബിനുവിന്റെ നേതൃത്വത്തിൽ പെരുമ്പാവൂർ എക്‌സൈസ് റേഞ്ച്,  മാമല എക്സൈസ് റേഞ്ച്, എക്സൈസ് ഇന്റലിജൻസ് ആൻഡ്  ഇൻവെസ്റ്റിഗേഷൻ ബ്യൂറോ എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിശോധന.  പെരുമ്പാവൂർ റേഞ്ച് ഇൻസ്‌പെക്ടർ ബിനീഷ് സുകുമാരൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ കെ.‍ടി.സാജു, എ.ബി.സജീവ് കുമാർ, ചാൾസ് ക്ലാർവിൻ,ഒ. എൻ. അജയകുമാർ, പ്രിവന്റീവ് ഓഫിസർ സിബി രഞ്ചു,പ്രിവന്റീവ് ഓഫിസർ( ഗ്രേഡ്)സിബു മോൻ, അനിൽ കുമാർ,സിവിൽ എക്സൈസ് ഓഫിസർമാരായ  എസ്. ബാലു, പി.ആർ.അനുരാജ്, അനൂപ്, വനിതാ സിവിൽ എക്സൈസ് ഓഫിസർ ടിനു, രേഷ്മ, ഡ്രൈവർ എ.ബി.സുരേഷ് എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com