ADVERTISEMENT

തൊടുപുഴ ∙ ജില്ലയിൽ ഇന്ന് മുതൽ മഴ കൂടുതൽ ശക്തമാകുമെന്ന് മുന്നറിയിപ്പ്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഇന്നും നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 21, 22 തീയതികളിൽ ജില്ലയിൽ പരക്കെ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മഴയ്ക്കൊപ്പം കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവയ്ക്കും ഇടയാക്കാം.

അതിനാൽ, പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.,ജില്ലയിൽ ഇന്നലെയും വിവിധയിടങ്ങളിൽ വൈകിട്ട് ശക്തമായ മഴ ലഭിച്ചു. തുടർച്ചയായ ദിവസങ്ങളിൽ വേനൽ മഴ എത്തിയതോടെ ചൂടിനു ആശ്വാസമായിട്ടുണ്ട്. അതേസമയം കഴിഞ്ഞ ദിവസങ്ങളിലെ മഴയിലും കാറ്റിലും പലയിടങ്ങളിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ജില്ലയിലെ വേനൽമഴ ലഭ്യതയിൽ നിലവിൽ 51 ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മാർച്ച് 1 മുതൽ ഇന്നലെ രാവിലെ വരെ 322.6 മില്ലിമീറ്റർ മഴ പ്രതീക്ഷിച്ച സ്ഥാനത്ത് ജില്ലയിൽ ലഭിച്ചതു 158.7 മില്ലിമീറ്റർ മഴയാണ്.ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിൽ ജില്ലയിൽ പെയ്ത മഴയുടെ അളവ് താലൂക്ക് തിരിച്ച് (മില്ലീമീറ്ററിൽ)

തൊടുപുഴ– 31.2
ഇടുക്കി– 39.4
പീരുമേട്– 30.5
ദേവികുളം–15.2
ഉടുമ്പൻചോല– 10.6

∙വിനോദസഞ്ചാരികൾ ശ്രദ്ധിക്കണം
കാലാവസ്ഥാ വകുപ്പ് ഇന്നും നാളെയും ഇടുക്കിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വിനോദസഞ്ചാരികൾക്കായി ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നിർദേശങ്ങൾ നൽകി. വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ടൂറിസം വകുപ്പ്, ഡിടിപിസി എന്നിവർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.

മഴ മുന്നറിയിപ്പുകൾ പിൻവലിക്കുന്നത് വരെ നിയന്ത്രണങ്ങൾ തുടരുകയും ചെയ്യും. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര മേഖലകൾ തുടങ്ങിയ സ്ഥലങ്ങളിൽ മഴ അവസാനിക്കുന്നത് വരെ നിയന്ത്രണങ്ങൾ ഉണ്ടാകും. ഇതര സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും ജില്ലയിൽ എത്തിയിട്ടുള്ള സഞ്ചാരികൾക്ക് മുന്നറിയിപ്പുകൾ കൃത്യമായി നൽകാൻ ടൂറിസം വകുപ്പിനും തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.

∙ ക്വാറി, മൈനിങ് എന്നിവയ്ക്ക് നിരോധനം
ജില്ലയിൽ ഇന്നും നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാലും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതകൾ ഉള്ളതിനാലും ജില്ലയിലെ ക്വാറി, മൈനിങ് പ്രവർത്തനങ്ങൾ റെഡ് അലർട്ട് പിൻവലിക്കുന്നത് വരെ നിരോധിച്ചു.

∙ ട്രക്കിങ്  നിർത്തിവച്ചു
ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇന്നും നാളെയും കൊളുക്കുമല ജീപ്പ് സഫാരി ഉണ്ടായിരിക്കുന്നതല്ലെന്ന് ഡിടിപിസി സെക്രട്ടറി അറിയിച്ചു

∙ മഴ, കൺട്രോൾ റൂം നമ്പരുകൾ
തൊടുപുഴ-04862 222503
ഇടുക്കി - 04862 235361
ദേവികുളം- 04865 264231
പീരുമേട് - 04869 232077
ഉടുമ്പൻചോല-04868 232050
ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ- 9383463036, 04862 233111, 04862 233130

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com