ADVERTISEMENT

ഇരിട്ടി∙ ജനവാസ മേഖല ഉൾപ്പെടുന്ന പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലയായി കണക്കാക്കി, കാലാവസ്ഥ വ്യതിയാന വകുപ്പ് തയാറാക്കിയ കരട് റിപ്പോർട്ടിനെതിരെ കർമസമിതി.  കരട് റിപ്പോർട്ടിൽ ആറളം വില്ലേജിൽ ഉൾപ്പെടുന്ന പരിസ്ഥിതി ലോല മേഖല സംബന്ധിച്ച് ചർച്ച ചെയ്യാൻ ആറളം പഞ്ചായത്തിൽ  ചേർന്ന യോഗത്തിൽ പരിസ്ഥിതിലോല പ്രദേശങ്ങൾ ഏതെന്നതിൽ വ്യക്തത വരുത്താൻ അധികൃതർക്കു കഴിഞ്ഞില്ല. ഇതോടെ റിപ്പോർട്ടിൻമേൽ വ്യക്ത വേണമെന്നും നേരത്തെ ഉമ്മൻ വി. ഉമ്മൻ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സമർപ്പിച്ച റിപ്പോർട്ടിൽ തിരുത്തലുകൾ വരുത്തിയിട്ടുണ്ടെങ്കിൽ കണ്ടെത്തണമെന്നും ജനകീയ കർമസമിതി  അംഗങ്ങളും പഞ്ചായത്ത് ജനപ്രതിനിധികളും ആവശ്യപ്പെട്ടു.

കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ കരട് റിപ്പോർട്ട് പ്രകാരം ആറളം വില്ലേജിൽ 43.93 സ്‌ക്വയർ കിലോമീറ്ററാണ് പരിസ്ഥിതി ലോല മേഖലയായി കണക്കാക്കിയിരിക്കുന്നത്. ഇത് നേരത്തെ ഉമ്മൻ വി. ഉമ്മൻ കമ്മിഷന്റെ റിപ്പോർട്ടിന് വിരുദ്ധമാണെന്നും 2000ത്തോളം ഏക്കർ പ്രദേശം പുതുതായി പരിസ്ഥിതി ലോല മേഖലയായി ഉൾപ്പെട്ടിട്ടുണ്ടെന്നും ജനകീയ കർമസമിതി  ആരോപിച്ചു.വനമേഖലയോട് ചേർന്നുള്ള ഒരു കിലോമീറ്റർ ജനവാസ മേഖല ബഫർസോണായി കണക്കാക്കിയുള്ള തീരുമാനത്തിൽ ആശങ്ക നിലനിൽക്കെയാണു പുതിയ കരട് റിപ്പോർട്ടും തയാറാക്കിയത്. ഇപ്പോഴത്തെ വനാതിർത്തി തന്നെ ബഫർസോണായി കണക്കാക്കണമെന്നാണ് കർമ്മ സമിതിയുടെ ആവശ്യം.

ആറളം വന്യജീവി സങ്കേതത്തിന് ചുറ്റുമായി മൊത്തം 10.136 ചതുരശ്ര കിലോമീറ്ററാണ് പരിസ്ഥിതി ലോല മേഖലയാക്കിയത്. ഇത് ആറളം , കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിലെ ജനവാസ മേഖലയാണ്.  ആറളം വന്യജീവി സങ്കേതത്തിന്റെ തെക്ക് വളയംചാൽ മുതൽ രാമച്ചി വരെ 12.1 കിലോമീറ്ററും തെക്ക് -പടിഞ്ഞാറ് ചീങ്കണ്ണിപ്പുഴയ്ക്കപ്പുറവും ആറളം ഫാമിനും പുനരധിവാസ മേഖലയ്ക്കും അതിരിലായി 11 കിലോമീറ്റർ നീളവുമാണ് 100 മീറ്റർ വീതിയിൽ പരിസ്ഥിതി ലോല മേഖലയിൽപ്പെടുത്തിയിരുന്നത്്.

  ആറളം വന്യജീവി സങ്കേതത്തിന്റെ ഭാഗമായി വരുന്ന ആറളം പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ ആനമതിലും പുഴയും ജണ്ടയും അതിരുകളായി കണക്കാക്കി ജനവാസ മേഖല സംരക്ഷിക്കണമെന്ന് ജനകീയ കർമ്മസമിതിയും പഞ്ചായത്തും നിരന്തരമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.

ആറളം വന്യ ജീവി സങ്കേതവും ചതിരൂർ, നീലായ് നിക്ഷിപ്ത വനമേഖലയും ഉൾപ്പെടെ കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ കരട് റിപ്പോർട്ടിൽ 2000 ഏക്കർ പ്രദേശം കൂടി പുതുതായി പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇത് ആറളം പുനരധിവാസ മേഖലയൊ ചതിരൂർ, നീലായി നിഷിപ്ത വനമേഖലയോട് ചേർന്നുള്ള ജനവാസ മേഖലയോ ആണ്. ഇക്കാര്യത്തിൽ വ്യക്ത വരുത്താൻ വനം വകുപ്പിനും കഴിഞ്ഞിട്ടില്ല. നേരത്തെ സംസ്ഥാന സർക്കാർ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിച്ച ഇഎസ്ഐ മേഖലയേക്കാൾ 55.41 ചതുരശ്ര കിലോമീറ്റർ സ്ഥലം പുതുതായി ബഫർസോൺ പരിധിയിൽ വരുമെന്നാണ് കാലാവസ്ഥ വ്യതിയാന വകുപ്പ് കണ്ടെത്തിയത്. ഇപ്പോഴത്തെ വനാതിർത്തി തന്നെ പരിസ്ഥിതി ലോല (ഇഎസ്ഐ) മേഖലയായി കണക്കാക്കണമെന്ന ആവശ്യവും ശക്തമാണ്.

ആറളം പഞ്ചായത്തിൽ നടന്ന യോഗത്തിൽ  പ്രസിഡന്റ് കെ.പി രാജേഷ് അധ്യക്ഷത വഹിച്ചു. ആറളം വൈൽഡ് ലൈഫ് വാർഡൻ ജി.പ്രദീപ്, കൊട്ടിയൂർ റേയിഞ്ചർ സുധീർ നാരോത്ത്, പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ജെസി വാഴപ്പള്ളിൽ, അംഗങ്ങളായ ജോർജ് ആലാംപള്ളി, ജോസഫ് അന്ത്യാംകുളം, ബിജു കുറ്റിക്കാട്ടിൽ ജനകീയ കർമസമിതി  അംഗങ്ങളായ കെ.ടി ജോസ്, ജിമ്മി അന്തിനാട്ട്, അജയൻ പായം തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com