ADVERTISEMENT

ഗതാഗത നിയന്ത്രണം:
കണ്ണൂർ∙പള്ളിപ്പാലം വായന്നൂർ വേക്കളം റോഡ് പണി നടക്കുന്നതിനാൽ ഇന്നു മുതൽ 14 വരെ ഇതു വഴിയുളള വാഹനഗതാഗതം പൂർണമായും നിരോധിച്ചു. വാഹനങ്ങൾ വെള്ളർവള്ളി വായന്നൂർ റോഡ്, മണ്ഡപം കുനിത്തല റോഡ്, പുത്തലം കോറ റോഡ് എന്നീ റോഡുകളും മറ്റ് അനുബന്ധ റോഡുകളും ഉപയോഗിക്കണമെന്ന് തലശ്ശേരി പൊതുമരാമത്ത് നിരത്തുകൾ ഉപവിഭാഗം അസി.എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.  

ഹജ് 2024: ക്യാംപ്  ഓർഗനൈസിങ് കമ്മിറ്റി രൂപീകരണം 9ന്; 
മട്ടന്നൂർ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെ ഹജ് ക്യാംപുമായി ബന്ധപ്പെട്ട് ക്യാംപ് ഓർഗനൈസിങ് കമ്മിറ്റി രൂപീകരണം 9ന് ഉച്ചയ്ക്ക് 3ന് മട്ടന്നൂർ മധുസൂദനൻ തങ്ങൾ സ്മാരക ഗവ.യുപി സ്കൂളിൽ നടക്കും. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഹജ് തീർഥാടകരെയും കൊണ്ട് ഇത്തവണ ഒൻപത് വിമാന സർവീസുകളാണ് നടത്തുക.

ജൂൺ 1 മുതൽ 10 വരെയാണ് സർവീസ്. ജൂൺ 1ന് വെളുപ്പിന് 5.55നാണ് ആദ്യ സർവീസ് ടേക്ക് ഓഫ് ചെയ്യുക. 10നാണ് അവസാന സർവീസ്. അടുത്ത ദിവസങ്ങളിൽ ക്യാംപ് സജ്ജീകരണം ആരംഭിക്കും. സൗദി എയർലൈൻസിന്റെ വൈഡ് ബോഡി വിമാനങ്ങളാണ് ജിദ്ദയിലേക്ക് ഹജ് തീർഥാടകരെയും കൊണ്ട് സർവീസിന് എത്തുന്നത്. ഒരു വിമാനത്തിൽ 361 പേരാണ് ഉണ്ടായിരിക്കുക.

3249 പേരാണ് കണ്ണൂരിൽ നിന്ന് ആകെ ഹജ് തീർഥാടനത്തിന് പുറപ്പെടുക. ആകെ 2030 പേരാണ് കഴിഞ്ഞ വർഷം ഹജ്ജിന് പുറപ്പെട്ടത്. 1219 പേർ ഇത്തവണ അധികം യാത്ര ചെയ്യും. രണ്ട് വിമാനങ്ങളിലെ യാത്രക്കാർക്ക് വേണ്ട സൗകര്യങ്ങളാണ് ഒരേസമയം ഹജ് ക്യാംപിൽ ഒരുക്കുക. ഇത്തവണയും വിമാനത്താവളത്തിലെ രാജ്യാന്തര കാർഗോ കോംപ്ലക്‌സിലാണ് ഹജ് ക്യാംപ് സജ്ജീകരിക്കുന്നത്.

ചൂട് കാരണം പശുക്കൾ മരണപ്പെട്ടാൽ അറിയിക്കണം: മൃഗസംരക്ഷണ വകുപ്പ്
കണ്ണൂർ ∙ അതിരൂക്ഷമായ ചൂട് കാരണം കന്നുകാലികളോ പക്ഷികളോ മരണപ്പെട്ടാൽ വെറ്ററിനറി ഡോക്ടർ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മാത്രമേ മറവൂ ചെയ്യാവൂ എന്ന് മൃഗസംരക്ഷണ വകുപ്പിന്റെ നിർദേശം. നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആവശ്യമാണ്. ജില്ലയിൽ ഇതുവരെ 5 പശുക്കളാണ് ചൂട് കാരണം കുഴഞ്ഞുവീണു മരിച്ചത്. മയ്യിൽ, കൂട്ടുപുഴ, കണ്ണപുരം, ചെങ്ങളായി, ചെറുകുന്ന് എന്നിവിടങ്ങളിലാണ് പശുക്കൾ ചത്തതെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

 

പട്ടയക്കേസുകളുടെ ‌വിചാരണ മാറ്റി
കണ്ണൂർ∙കലക്ടറേറ്റിൽ 7,8,9 തീയതികളിൽ വിചാരണ നടത്താനിരുന്ന കണ്ണൂർ താലൂക്കിലെ ദേവസ്വം പട്ടയ കേസുകൾ യഥാക്രമം ജൂൺ 11, 12, 13  തീയതികളിലേക്ക് മാറ്റിയതായി എൽആർ ഡപ്യൂട്ടി കലക്ടർ അറിയിച്ചു.

ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം
കണ്ണൂർ∙ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം 9നു രാവിലെ 11നു ജില്ലാ പഞ്ചായത്ത് ഭരണസമിതി ഹാളിൽ  ചേരും.

ലവൽക്രോസ് അടച്ചിടും
കണ്ണൂർ∙പള്ളിക്കുളം - അലവിൽ (ആർപ്പാന്തോട്) റോഡിൽ കണ്ണൂർ - വളപട്ടണം സ്റ്റേഷനുകൾക്കിടയിലുള്ള 246-ാം നമ്പർ ലവൽക്രോസ് 7നു രാത്രി 8 മുതൽ 8നു രാവിലെ 8 വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയിൽവെ സീനിയർ സെക്‌ഷൻ എൻജിനീയർ അറിയിച്ചു.

ഓംബുഡ്‌സ്മാൻ സിറ്റിങ്      കണ്ണൂർ∙മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിന് ജില്ല എംജിഎൻആർഇജി എസ് ഓംബുഡ്‌സ്മാൻ 8നു രാവിലെ 10 മുതൽ 11 വരെ പാനൂർ ബ്ലോക്ക് ഓഫിസിൽ സിറ്റിങ് നടത്തും.  പരാതികൾ നേരിട്ട് ഓംബുഡ്‌സ്മാന് നൽകാം.  

അപേക്ഷ ക്ഷണിച്ചു
കണ്ണൂർ∙ ഗവ.ഐടിഐ യും ഐഎംസിയും നടത്തുന്ന വെൽഡർ ടിഗ് ആന്ഡ് മിഗ്, ഡിപ്ലോമ ഇൻ ഇന്റീരിയർ ഡിസൈനിങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഫോൺ: 7560865447, 9447311257.

അധ്യാപക ഒഴിവ്
വെള്ളോറ∙  വെള്ളോറ എയുപി സ്കൂളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപക ഒഴിവുണ്ട്.  അഭിമുഖം 9ന് ഫോൺ: 9400091116.

വൈദ്യുതി മുടക്കം
പാടിയോട്ടുചാൽ ∙ ലൈനിൽ പണിനടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ മാതനാർകല്ല് ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതിവിതരണം മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com