ADVERTISEMENT

കൂത്തുപറമ്പ് ∙ നിത്യേന വന്നെത്തുന്ന രോഗികളുടെ ബാഹുല്യം കാരണം താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റുന്നു. ജോലി ഭാരത്താൽ എല്ലാ വിഭാഗത്തിലെയും ജീവനക്കാരും ഡോക്ടർമാരും പ്രയാസം അനുഭവിച്ച് കൊണ്ട് തന്നെ നിലവിലുള്ള സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തി സേവനനിരതരുമാണ്.

ജില്ലാ ആശുപത്രിയിലും തലശ്ശേരി ജനറൽ ആശുപത്രിയിലും നിത്യേന ഒപി സേവനത്തിനായി എത്തുന്ന രോഗികളുടെ ബാഹുല്യം തന്നെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലും ഉണ്ടാവുകയാണ്. നിത്യേന 1500ഓളം പേർ ഒപി വിഭാഗത്തിൽ ചികിത്സ തേടിയെത്തുന്നുണ്ട്. 

ജില്ലയിൽ അസിസ്റ്റന്റ് സർജന്മാരുടെ കാറ്റഗറി അനുവദിക്കപ്പെടാത്ത ആശുപത്രി എന്ന നിലയിൽ സ്പെഷലിസ്റ്റ് ഡോക്ടർമാരെ കൂടി ഉപയോഗിച്ചാണ് മറ്റ് പ്രവർത്തനങ്ങൾ എല്ലാം ഇവിടെ നിർവഹിച്ച് വരുന്നത്. ആശുപത്രി വികസന സമിതി ഫണ്ട് ഉപയോഗിച്ച് ഡോക്ടറെ നിയമിച്ച സംസ്ഥാനത്തെ തന്നെ ഏക ആശുപത്രിയാണ് കൂത്തുപറമ്പ് ഗവ.താലൂക്ക് ആശുപത്രി.

ഇവിടെ ഫാർമസിയിലായാലും ശുചീകരണത്തിനായാലും ലബോറട്ടറിയിലായാലും ആശുപത്രി വികസന ഫണ്ട് ഉപയോഗിച്ച് ജോലി ചെയ്യുന്നവരുടെ എണ്ണം ഏറെയാണ്. ഫാർമസി 24 മണിക്കൂറും പ്രവർത്തിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്തിടെയാണ് രണ്ട് ഫാർമസിസ്റ്റുകളെ കൂടി ആശുപത്രി വികസന സമിതി ഫണ്ട് ഉപയോഗിച്ച് നിയമിച്ചിട്ടുള്ളത്. 

60 കോടി രൂപ ചെലവിൽ പുതിയ സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രി സമുച്ചയം രണ്ടോ മൂന്നോ മാസത്തിനകം ഉദ്ഘാടനം ചെയ്യാനിരിക്കുകയാണ്. ഇവിടേക്ക് പുതിയ തസ്തികകൾ സൃഷ്ടിച്ച് ആവശ്യമായ ജീവനക്കാരെ നിയമിക്കാൻ കഴിഞ്ഞില്ലെങ്കിൽ ആശുപത്രിയുടെ പ്രവർത്തനം ആകെ പരിതാപകരമാകും.

അതിനായി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേർത്ത് സർക്കാരിൽ സമ്മർദം ചെലുത്താൻ കെ.പി.മോഹനൻ എംഎൽഎയും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. അസിസ്റ്റന്റ് സർജന്മാരുടെ നിയമനം ആവശ്യപ്പെട്ട് ആശുപത്രിയിൽ വികസന സമിതിയും മറ്റും അധികൃതരിൽ സമ്മർദം ചെലുത്തിയെങ്കിലും കാര്യങ്ങൾ ഒന്നും നടന്നില്ല. എംഎൽഎ നിയമസഭയിൽ ഇക്കാര്യം ഉന്നയിച്ചെങ്കിലും പുതിയ ആശുപത്രി സമുച്ചയം ഉദ്ഘാടനം ചെയ്യുന്നതോടെ തസ്തികകൾ അനുവദിക്കുമെന്നാണ് നിയമസഭയിൽ ആരോഗ്യ മന്ത്രി അറിയിച്ചത്. 

മഴക്കാലം തുടങ്ങുകയാണ്. ജലജന്യ രോഗങ്ങൾ കൂടി പടരുന്നതോടെ ഒപിയിൽ വന്നെത്തുന്നവരുടെ എണ്ണം ഇനിയും വർധിക്കും. ഈ സാഹചര്യം കണക്കിലെടുത്ത് കൂടുതൽ ഡോക്ടർമാരെയും ജീവനക്കാരെയും കൂത്തുപറമ്പ് താലൂക്ക് ആശുപത്രിക്ക് അനുവദിക്കാൻ ജില്ലാ ആരോഗ്യ വിഭാഗം തയാറാവണമെന്നാണ് പൊതുവായ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com