ADVERTISEMENT

കണ്ണൂർ ∙ കോഴിക്കോട് ജില്ലയിൽ വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലും കനത്ത ജാഗ്രത. വേണ്ടത്ര മുൻകരുതൽ സ്വീകരിക്കാൻ ജില്ലാ ആരോഗ്യവകുപ്പ് തയാറെടുപ്പുകൾ തുടങ്ങി. മരണത്തിനുവരെ കാരണമായേക്കാവുന്ന അസുഖം വരാതിരിക്കാനും തടയാനുമാണിത്. 

കൊതുകുവഴി മനുഷ്യരിൽ
വെസ്റ്റ് നൈൽ ഫീവർ  വൈറസ് അണുബാധ മൂലമാണ് ഉണ്ടാകുന്നത്. ദേശാടനപ്പക്ഷികളിലാണു സാധാരണയായി വെസ്റ്റ് നൈൽ വൈറസ് കാണപ്പെടുന്നത്. പക്ഷികൾ ചിലപ്പോൾ കൂട്ടത്തോടെ ചത്തുപോകാനും ഇതുകാരണമാകാറുണ്ട്. ക്യൂലക്സ് വിഭാഗത്തിൽപെട്ട കൊതുക് പക്ഷികളെ കടിക്കുന്നതുവഴി വൈറസ് പടരുകയും കൊതുകുകടിയിലൂടെ മനുഷ്യനിലെത്തുകയും ചെയ്യുന്നു. 1937ൽ യുഗാണ്ടയിലാണ് ആദ്യമായി വൈറസിനെ കണ്ടെത്തിയത്. 2011ൽ ആലപ്പുഴയിലാണ് സംസ്ഥാനത്ത് ആദ്യമായി രോഗം റിപ്പോർട്ട് ചെയ്തത്. 

തലച്ചോറിനെ ബാധിക്കാം
കൊതുകുകടിയേറ്റ് 2–14 ദിവസത്തിനുള്ളിലാണ് ലക്ഷണങ്ങൾ പ്രകടമാകാൻ തുടങ്ങുന്നത്. പനി കൂടുതലായും മുതിർന്നവരിലാണ് കാണുന്നത്. വൈറൽ ഫീവറായാണ് ആദ്യം അസുഖം പ്രത്യക്ഷപ്പെടുന്നത്. പനി, തലവേദന, സന്ധിവേദന, ക്ഷീണം, ഛർദി, ശരീരത്തിൽ പാടുകൾ എന്നിവയാണു ലക്ഷണങ്ങൾ. ജപ്പാൻ ജ്വരത്തോട് സമാനമായ ലക്ഷണങ്ങളാകും വെസ്റ്റ് നൈൽ ഫീവറിനും. എന്നാൽ, വൈറസ് ബാധയുണ്ടായ ഭൂരിഭാഗം പേർക്കും രോഗലക്ഷണങ്ങൾ പ്രകടമായി അനുഭവപ്പെടാറില്ല. വൈറസ് ബാധിതരിൽ ഒരുശതമാനത്തിൽതാഴെ ആളുകൾക്കുമാത്രമാണു തലച്ചോറിനെ ബാധിക്കുന്നത്. ഇത് എൻസെഫലൈറ്റിസിനോ മെനിഞ്ചൈറ്റിസിനോ കാരണമായി മരണംവരെ സംഭവിക്കാം. എന്നാൽ, ജപ്പാൻ ജ്വരത്തെ അപേക്ഷിച്ച് മരണനിരക്കു കുറവാണ്. 

മനുഷ്യരിലൂടെ പടരില്ല
അസുഖം ബാധിച്ചയാളുടെ ശരീരത്തിൽ വൈറൽ ലോഡ് കുറവായിരിക്കും. അതിനാൽ ഡെങ്കിപ്പനിയിൽനിന്നു വ്യത്യസ്തമായി വെസ്റ്റ് നൈൽ ബാധിച്ച രോഗിയെ കടിച്ചാൽ കൊതുകിന്റെ ശരീരത്തിൽ വൈറസ് പ്രവേശിക്കില്ല. അതായത് അസുഖം ബാധിച്ച വ്യക്തിയെ കടിച്ച കൊതുക് കടിക്കുന്നതുവഴി മറ്റൊരാൾക്ക് അസുഖമുണ്ടാവില്ല. എന്നാൽ, രക്തത്തിൽ കൂടിയും അമ്മയിൽനിന്നു കുഞ്ഞിലേക്കും വൈറസ് പടരാനുള്ള 
സാധ്യതയുണ്ട്.

രോഗപ്രതിരോധവും ചികിത്സയും
മരുന്നുകളോ വാക്സീനോ ലഭ്യമല്ലാത്തതിനാൽ ചികിത്സയും പ്രതിരോധവും പ്രധാനമാണ്. പരമാവധി കൊതുകുകടിയേൽക്കാതെ ശ്രദ്ധിക്കാം. ഇതിനായി ശരീരം മൂടുന്ന വസ്ത്രം ധരിക്കുക, കൊതുകുവല ഉപയോഗിക്കുക, കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ പുരട്ടുക, കൊതുകുതിരി, വൈദ്യുതിയിൽ പ്രവർത്തിക്കുന്ന കൊതുക് നശീകരണ ഉപകരണങ്ങൾ ഉപയോഗിക്കുക. ഓർക്കുക, സ്വയം ചികിത്സ രോഗത്തെ സങ്കീർണമാക്കും. പനിയോ മറ്റു രോഗലക്ഷണങ്ങളോ ഉണ്ടെങ്കിൽ ഉടൻതന്നെ ചികിത്സ 
തേടണം. 

സൂക്ഷിക്കാം, ഒരുമിച്ച്
കൊതുകു വളരാനുള്ള സാഹചര്യങ്ങളെ ഒഴിവാക്കുക എന്നതാണ് പ്രധാന പ്രധാന മുൻകരുതൽ. മലിനജലത്തിലാണു ക്യൂലക്സ് കൊതുക് വളരുന്നത്. വെള്ളം കെട്ടിക്കിടക്കുന്ന തോടുകളും ഓടകളും പാടങ്ങളുമെല്ലാം ഇതിനു സഹായിക്കും. 3 കിലോമീറ്റർ വരെ ഇവയ്ക്കു പറക്കാൻ കഴിയും. അതിനാൽ വീടുകളിൽ മാത്രമല്ല, പ്രദേശത്തെ ആളുകളുടെ മുഴുവൻ സഹകരണം കൊതുകു നിർമാർജനത്തിന് ആവശ്യമാണ്. ഇതേസമയം ഡെങ്കിപ്പനിയുടെ കൊതുകുകൾ 400 മീറ്റർ വരെയാണ് 
പറക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com