ADVERTISEMENT

തൃക്കരിപ്പൂർ ∙ വലിയപറമ്പ് പഞ്ചായത്തിലെ കടലോരത്ത് കായിക പ്രതിഭകൾക്ക് കളിച്ചു വളരാൻ കളിക്കളം ഒരുക്കുന്നതിൽ അധികൃതർ പിന്നാക്കം പോയപ്പോഴും ലക്ഷങ്ങൾ ചെലവഴിച്ച് ബീച്ചാരക്കടവ് സൂപ്പർ സോക്കർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പണിതുവരുന്ന മിനി സ്റ്റേഡിയം തീരദേശ പാത നിർമാണത്തിന്റെ പേരിൽ ഭീഷണിയിലായി. സ്റ്റേഡിയം സംരക്ഷിക്കണമെന്ന ആവശ്യം ശക്തം.ഇന്ത്യൻ ഫുട്ബോൾ രംഗത്തിനടക്കം കായികരംഗത്ത് നിരവധി കളിക്കാരെ സംഭാവന ചെയ്ത തീരദേശ ഗ്രാമമാണ് വലിയപറമ്പ്. പഞ്ചായത്തിൽ കളിക്കളത്തിനായി പതിറ്റാണ്ടുകളായി കായിക പ്രേമികളുടെ ആവശ്യമുണ്ട്. പക്ഷേ, ബന്ധപ്പെട്ടവർ പരിഗണിച്ചില്ല. കടൽ തീരം ഗ്രൗണ്ടുകളായി ഉപയോഗിച്ചാണ് കായികതാരങ്ങൾ പരിശീലനം നടത്തിവരുന്നത്.

ഇതിനിടയിലാണ് ക്ലബ്ബുകളുടെ നേതൃത്വത്തിൽ സൂപ്പർ സോക്കർ ക്ലബ് നിയന്ത്രണം ഏറ്റെടുത്ത് കടൽതീരത്തു മിനി സ്റ്റേഡിയം പണിതു വരുന്നത്. 35 ലക്ഷം രൂപ ചെലവ് ചെയ്ത് കടൽ തീരത്ത്‌ നിർമിക്കുന്ന ഫുട്ബോൾ മിനി സ്റ്റേഡിയം പണി നിലവിൽ സ്തംഭിച്ചിരിക്കുകയാണ്. മിനി സ്റ്റേഡിയം വഴി തീരദേശ പാതക്കായി മാർക്ക് ചെയ്ത സാഹചര്യത്തിലാണിത്. അലൈൻമെന്റിൽ 15 മീറ്റർ കിഴക്കോട്ടേക്ക് പാത മാറ്റം വരുത്തിയാൽ സ്റ്റേഡിയത്തെ സംരക്ഷിക്കാൻ കഴിയും എന്നിരിരിക്കെ അധികാരികളുടെ നിസ്സംഗതയും വിട്ടുവീഴ്ചയില്ലാത്ത സമീപനവും കായിക താരങ്ങൾക്ക് നഷ്ടപ്പെടുത്തുന്നത് കായിക മികവിനുള്ള സങ്കേതമാണ്. ജില്ലയുടെ തെക്കേ അറ്റത്ത് കടലിനോട് ചേർന്ന് പൊതുകളി മൈതാനം ഇല്ലെന്നിരിക്കെ ഉള്ളത് സംരക്ഷിക്കുന്നതിൽ ബന്ധപ്പെട്ടവർ അനാസ്ഥ കാട്ടുന്നതിൽ പ്രതിഷേധമുണ്ട്.

നിലവിലെ ഫുട്ബോൾ മൈതാനം സംരക്ഷിക്കാനുള്ള നടപടിക്ക് സർക്കാർ മുതിരണമെന്നും അതല്ലെങ്കിൽ മറ്റൊരു പൊതു മൈതാനം സ്ഥാപിക്കാനുള്ള പദ്ധതി എത്രയും വേഗം ഉണ്ടാക്കണമെന്നും ബിച്ചാരക്കടവ് സൂപ്പർ സോക്കർ ക്ലബ് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. എം.ഷാഫി ഉദ്ഘാടനം ചെയ്തു. എം.സി.കബീർ അധ്യക്ഷത വഹിച്ചു, ഷെരീഫ് മാടാപ്പുറം, കെ.റാഷിദ്, എം.കുഞ്ഞൂട്ടി, കെ.കെ.മുസ്തഫ, കെ.ഉസ്മാൻ, ടി.കെ.ബി.ഷാജഹാൻ, വി.കെ.കാത്തീം, ടി.കെ.ബി.മുഹമ്മദ് കുഞ്ഞി, പി.സവാദ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: കെ.റാഷിദ്(പ്രസി), പി.ഹനീഫ, പി.നൗഷാദ്(വൈ.പ്രസി.), ഷെരീഫ് മാടാപ്പുറം(ജന.സെക്ര.), എം.അലി മർസൂഖ്, കെ.സുഹൈർ (സെക്ര.), എം.സി.കബീർ(ട്രഷ.), ടി.കെ.ബി.നൗഷാദ്, കെ.അഹമ്മദ്(ടീം മാനേജർ), എം.അബ്ദുൽ കരീം ( ടീം ക്യാപ്റ്റൻ).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com