ADVERTISEMENT

പാലാ ∙ ജനറൽ ആശുപത്രി ഫാർമസിയിൽ നിന്നു മരുന്നു ലഭിക്കാൻ വൈകുന്നതു മൂലം രോഗികൾ ബുദ്ധിമുട്ടുന്നു. ഫാർമസിയിൽ ആവശ്യത്തിനു ജീവനക്കാർ ഇല്ലാത്തതിനാൽ മരുന്നു ലഭിക്കാൻ ഏറെ സമയം കാത്തിരിക്കേണ്ട സ്ഥിതിയാണുള്ളത്. ഡോക്ടറെ കണ്ടതിനു ശേഷം മണിക്കൂറുകളോളം ക്യൂ നിന്നെങ്കിൽ മാത്രമേ മരുന്നു ലഭിക്കുകയുള്ളൂ. ചൂട് രൂക്ഷമായതോടെ രാവിലെ തന്നെ രോഗികൾ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തുന്നുണ്ടെങ്കിലും മരുന്നു വാങ്ങി മടങ്ങാൻ മണിക്കൂറുകൾ വൈകുകയാണ്. കൊടുംചൂടും ഇടയ്ക്കുണ്ടാകുന്ന വേനൽമഴയും പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്നതിനു കാരണമായിട്ടുണ്ട്.

ഫാർമസിയിലെ 5 കൗണ്ടറുകളും തുറന്നു പ്രവർത്തിപ്പിക്കണം. ഡോക്ടർമാർ കുറിക്കുന്ന മരുന്നുകളെല്ലാം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണം. ഫാർമസിക്കു സമീപം രോഗികൾക്ക് ഇരിപ്പിടങ്ങൾ ഒരുക്കണം.

കുട്ടികളും സ്ത്രീകളും പ്രായമായവരുമൊക്കെ മണിക്കൂറുകൾ ക്യൂവിൽ നിന്നു വലയുകയാണ്. ജനറൽ ആശുപത്രിയിൽ ആധുനിക സൗകര്യങ്ങളും ഡോക്ടർമാരുമൊക്കെ ഉണ്ടെങ്കിലും ചികിത്സ തേടിയെത്തുന്ന രോഗികൾ മരുന്നു വാങ്ങാൻ പെടാപ്പാടു പെടുകയാണ്. ഫാർമസിക്കു മുന്നിൽ നീണ്ട നിരയാണു പലപ്പോഴുമുള്ളത്. ഫാർമസി ജീവനക്കാർക്കും ഇത് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഫാർമസിയിലെ 4 കൗണ്ടറുകൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ രോഗികളുടെ എണ്ണം കൂടിയതാണു മരുന്നു വിതരണത്തിനു താമസം നേരിടുന്നതിനു കാരണമെന്ന് ആശുപത്രി അധികൃതർ പറയുന്നു. രാത്രികാലങ്ങളിൽ ഫാർമസിയുടെയും ലാബിന്റെയും പ്രവർത്തനം ഇല്ലാത്തതു രോഗികൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇത് പരിഹരിക്കാൻ നാഷനൽ ഹെൽത്ത് മിഷൻ വഴി താൽക്കാലിക ജീവനക്കാരെ നിയമിച്ച് പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com