ADVERTISEMENT

നിലമ്പൂർ ∙ അതിരൂക്ഷമായ ഗതാഗതക്കുരുക്കിൽ നഗരം. നഗരത്തിൽനിന്ന് ബസിൽ 3 കിലോമീറ്റർ അകലെ ബ്ലോക്ക് ഓഫിസിൽ എത്താൻ ഇന്നലെയെടുത്തത് ഒന്നര മണിക്കൂർ. ആംബുലൻസും ദീർഘദൂര ബസുകളും കുരുക്കിൽ കുടുങ്ങി. ദിവസങ്ങളായി സ്ഥിതി ഇങ്ങനെയായിട്ടും ഗതാഗത നിയന്ത്രണത്തിന് ചുമതലപ്പെട്ടവർ ആരും ഇടപെടുന്നില്ല. അകമ്പാടം റോഡിൽ മലയോര നിർമാണം, നഗരത്തിൽ കെഎൻജി പാത വികസനം എന്നിവ നീളുന്നതാണ് കുരുക്ക് വർധിക്കാൻ കാരണം.അകമ്പാടം റോഡിന്റെ പ്രവേശന സ്ഥലത്ത് ഒരു ഭാഗം ഓടയ്ക്ക് കിടങ്ങ് നിർമിച്ചു. മറു ഭാഗത്തുകൂടിയാണ് വാഹനങ്ങൾ കയറുന്നതും കെഎൻജി പാതയിൽ പ്രവേശിക്കുന്നതും. ഇതുമൂലമുണ്ടാകുന്ന ഊരാക്കുരുക്കിൽ ഇന്നലെ രാവിലെ മുതൽ നഗരം സ്തംഭിച്ചു. 

വെളിയംതോട് ജവഹർ കോളനി മുതൽ കോടതിപ്പടി വരെ 3.5 കിലോമീറ്റർ ദൂരം വാഹനനിര നീണ്ടു. ബദൽ മാർഗം തേടിയ വാഹനങ്ങൾ ഊടുവഴികളിൽ കുടുങ്ങി. സ്വകാര്യ ബസുകളുടെ ട്രിപ്പുകൾ മുടങ്ങി. കുരുക്കഴിക്കാൻ ഉദ്യോഗസ്ഥർ രംഗത്തിറങ്ങിയില്ല. നഗരത്തിൽ കെഎൻജി പാത വീതി കൂട്ടുന്നതിന്റെ ഭാഗമായി ദേവി ക്ഷേത്രം, യുപി സ്കൂൾ, ജ്യോതിപ്പടി എന്നിവയ്ക്ക് സമീപം ഓവുപാലങ്ങളുടെ നിർമാണം ഇന്നു തുടങ്ങും. ബൈപാസ് ഇല്ലാത്ത നഗരമാണ് നിലമ്പൂർ. ഫലപ്രദമായ ഇടപെടൽ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെങ്കിൽ ഇന്നു മുതൽ ഗതാഗതക്കുരുക്ക് കൂടുതൽ രൂക്ഷമാകും. പൊതുമാരാമത്ത്, നഗരസഭ  ഉദ്യോഗസ്ഥർ ആലോചിച്ച് ബുദ്ധിമുട്ടുകൾ പരമാവധി ലഘൂകരിക്കണമെന്ന് വ്യാപാരി സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com