ADVERTISEMENT

തിരൂർ ∙ പൂരപ്പുഴയുടെ കണ്ണീരാഴങ്ങളിലേക്ക് ബോട്ട് മറിഞ്ഞുണ്ടായ അപകടം നടന്നിട്ട് വർഷമൊന്ന് പിന്നിട്ടെങ്കിലും ഇന്നും ഹൃദയം മുറിയുന്ന വേദനയാണ് ആ ഓർമകൾ നൽകുന്നത്. ശാന്തമായൊഴുകിയിരുന്ന പൂരപ്പുഴയിൽ ഒറ്റ രാത്രി കൊണ്ടായിരുന്നു മരണത്തിന്റെ ഗന്ധം പടർന്നത്. കടലിന്റെ സൗന്ദര്യം പകർന്നിരുന്ന തൂവൽത്തീരവും അങ്ങനെയാണ് മൗനത്തിലായത്. ഇന്നുമിവിടെ എത്തുന്നവർ അറ്റ്‍ലാന്റിക് ബോട്ട് യാത്ര തുടങ്ങിയിരുന്ന ബോട്ട്ജെട്ടി നിന്ന സ്ഥലത്തെത്തി ഒന്നു നോക്കും. 

അപകടമുണ്ടാവുന്നതിന് ഏതാനും ദിവസങ്ങൾക്കു മുൻപാണ് തൂവൽത്തീരത്ത് കടലിലേക്കു നീളുന്ന ഫ്ലോട്ടിങ് ബ്രിജിന്റെ പ്രവർത്തനം തുടങ്ങിയത്. ഇതോടെ ബീച്ചിൽ സന്ദർശകരുടെ എണ്ണം കൂടി. ഇതു മുതലാക്കാനായിരുന്നു ചിലരെല്ലാം ചേർന്ന് പൂരപ്പുഴയിലേക്ക് ഉല്ലാസബോട്ടുകളുടെ സർവീസുകൾ തുടങ്ങിയത്. അതിലൊന്നാണ് അപകടത്തിൽപെട്ടത്. ഉല്ലാസയാത്രയ്ക്കായി ബോട്ടിനെയും സ്രാങ്കിനെയും വിശ്വസിച്ചു കയറിയ കുഞ്ഞുങ്ങൾ അടക്കമുള്ള 22 പേരുടെ ജീവൻ പൂരപ്പുഴയുടെ ആഴങ്ങളിലേക്കു മറയാനും അതു കാരണമായി.

ദുരന്തം നടന്ന രാത്രി ഒഴിച്ചുനിർത്തിയാൽ പൂരപ്പുഴയുടെ പിന്നീടുള്ള ഒഴുക്കെല്ലാം ശാന്തമായി തന്നെയാണ്. അല്ലെങ്കിലും പുഴയല്ലല്ലോ ആ അപകടത്തിനു കാരണമായത്. ആ ദുരന്തം മനുഷ്യ നിർമിതമാണല്ലോ. തൂവൽത്തീരവും ഇന്ന് ശാന്തമാണ്. ആളുകൾ വരുന്നുണ്ട്. കടൽ കണ്ട് തിരികെ പോകുന്നുണ്ട്. പ്രീ വെഡിങ് ഷൂട്ടിങ്ങുകളും ഇവിടെ നടക്കുന്നുണ്ട്. അടുത്തുള്ള ഫ്ലോട്ടിങ് ബ്രിജ് പിന്നീട് കാര്യമായി പ്രവർത്തിച്ചിട്ടില്ല. ഇടയ്ക്ക് പ്രവർത്തിപ്പിക്കാൻ ശ്രമിച്ചെങ്കിലും കയറാൻ ആളുകളുണ്ടായിരുന്നില്ല. എത്തുന്നവരെല്ലാം ദുരന്തത്തെക്കുറിച്ചോർത്ത് ഒന്നു നെടുവീർപ്പിട്ടേ തീരം വിടാറുള്ളൂ.

ബോട്ട് ലൈസൻസ്: തട്ടിപ്പ് വ്യക്തമാക്കി കണക്കുകൾ
സംസ്ഥാനത്ത് ലൈസൻസുള്ള ബോട്ടുകൾ 3100ൽ കൂടുതൽ. ലൈസൻസുള്ള സ്രാങ്കുമാർ 2900. താനൂർ ബോട്ട് അപകടത്തിനുശേഷമുണ്ടായ  പൊലീസ് അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. ബോട്ടിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുമ്പോൾ ലൈസൻസുള്ള ഒരു സ്രാങ്ക് നിർബന്ധമാണ്. സംസ്ഥാനത്ത് 3100 ബോട്ടുകൾക്ക് ലൈസൻസുണ്ടെന്നാണ് കഴിഞ്ഞ വർഷം പൊലീസ് കണ്ടെത്തിയത്. അന്നത്തെ വിവരമനുസരിച്ച് ലൈസൻസുള്ള സ്രാങ്കുമാർ  2900. ഇൗ കണക്കനുസരിച്ച് 200 ബോട്ടുകൾക്ക് ലൈസൻസുള്ള സ്രാങ്കില്ലെന്നതാണ് വസ്തുത.  ഒരു സ്രാങ്ക് ലൈസൻസ് ഉപയോഗിച്ച് ഒന്നിലധികം ബോട്ടുകൾക്ക് ലൈസൻസ് വാങ്ങിച്ചെടുക്കുന്നു. ഇത് പരിശോധിക്കാൻ കൃത്യമായ സംവിധാനം ഇപ്പോഴുമില്ല. ഉദ്യോഗസ്ഥരുടെ അറിവോടെയും അല്ലാതെയും ബോട്ട് ലൈസൻസിനായി വൻ തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ.

ജലാശയ അപകടങ്ങൾ: ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് എംഎൽഎയുടെ കത്ത്
ജില്ലയിലെ തീരദേശ പ്രദേശങ്ങളിലും വിനോദ സഞ്ചാര മേഖലകളിലും ഉല്ലാസ ബോട്ടുകൾ അപകടകരമായ രീതിയിൽ സർവീസുകൾ തുടരുന്നുവെന്ന വാർത്ത ഞെട്ടിക്കുന്നതും വകുപ്പുകളുടെഗുരുതരമായ വീഴ്ചയുമാണെന്ന് മുസ്‍ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി.അബ്ദുൽ ഹമീദ് എംഎൽഎ. താനൂർ ബോട്ടപകടം ഒരു വർഷം പിന്നിടുമ്പോഴും ജലാശയ അപകടങ്ങൾ ഒഴിവാക്കാൻ കൂടുതൽ ശ്രദ്ധയും ജാഗ്രതയും കരുതലും പാലിക്കുന്നതിനു പകരം തികഞ്ഞ അലംഭാവം കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരിശോധന കർശനമാക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വി.എൻ വാസവനും എംഎൽഎ കത്തു നൽകി.

താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മാസത്തിൽ ഒരു തവണ വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധനകൾ ജില്ലയിലെ തീരപ്രദേശങ്ങളിൽ നടത്തണമെന്ന് ജില്ലാ വികസന സമിതി യോഗത്തിൽ തീരുമാനിച്ചിരുന്നു. എന്നാൽ അത്തരം തീരുമാനങ്ങളെ അട്ടിമറിക്കുന്ന നടപടിയാണ് അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്നതെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി.

പരുക്കേറ്റവർക്ക് ചികിത്സാധനസഹായമില്ല
രക്ഷാപ്രവർത്തനങ്ങൾക്കിടെ പരുക്കേറ്റവർക്ക് ചികിത്സാധനസഹായം പോലും ഇതുവരെ നൽകിയിട്ടില്ല. താനൂരിൽ ബോട്ട് മറിഞ്ഞ വിവരമറിഞ്ഞ് രക്ഷാപ്രവർത്തനങ്ങൾക്കായി തടിച്ചുകൂടിയത് ആയിരങ്ങളാണ്. പുഴയാകെ മുങ്ങിത്തപ്പാനും കരയിലേക്ക് ആളുകളെ എത്തിക്കാനും എത്തിച്ചവരെ റോഡിലേക്കു കൊണ്ടുവരാനും അവിടെനിന്ന് ആംബുലൻസുകളിൽ കയറ്റി ആശുപത്രികളിലേക്ക് അയയ്ക്കാനുമെല്ലാം മുന്നിൽനിന്നത് നന്മ നിറഞ്ഞ ഒരു കൂട്ടം മനുഷ്യരായിരുന്നു. ആംബുലൻസ് വരുന്ന വിവരം പരസ്പരം കൈമാറി റോഡിലെ ബ്ലോക്കുകൾ മാറ്റാനും നൂറുകണക്കിനാളുകൾ ഇറങ്ങിനിന്നു. ആശുപത്രികളിലും സഹായവുമായി ഒട്ടേറെപ്പേരെത്തിയിരുന്നു.

മൃതദേഹങ്ങൾ വയ്ക്കാൻ ഫ്രീസറുകളുമായും പലരും പാഞ്ഞെത്തിയ കാഴ്ചകൾ അന്നു കണ്ടിരുന്നു. ഇതിൽ പലർക്കും രക്ഷാപ്രവർത്തനങ്ങൾക്കിടെ പരുക്കേറ്റിരുന്നു. പുഴയിൽ ഇറങ്ങി മുങ്ങിപ്പോയവരെ കണ്ടെത്തുന്നതിനിടെയാണ് പലർക്കും അപകടം പറ്റി പരുക്കേറ്റത്. കാലിനു ഗുരുതരമായി പരുക്കേറ്റവർ വരെ അന്നു കൂട്ടത്തിലുണ്ടായിരുന്നു. ഇവർക്കെല്ലാം ചികിത്സാധനസഹായം നൽകാമെന്ന വാഗ്ദാനം അന്നു താനൂരിലെത്തിയ മന്ത്രിമാരും മറ്റും പറഞ്ഞിരുന്നു. എന്നാൽ ഇതുവരെ ഒന്നുമുണ്ടായിട്ടില്ല. അന്നു പരുക്കേറ്റതിനെത്തുടർന്ന് ഏറെക്കാലം ജോലിക്കു പോകാൻ സാധിക്കാതിരുന്നവരുമുണ്ട്.

ജോലി കാത്ത് മുനീറ
ബോട്ട് ദുരന്തത്തിൽ മരിച്ച സിവിൽ പൊലീസ് ഓഫിസർ എം.പി. സബറുദ്ദീന്റെ ഭാര്യ ചിറമംഗലത്തെ മുനീറ ജോലിക്കായി കാത്തിരിക്കുന്നു. യോഗ്യത ബിഎയും ബിഎഡുമാണ്. സർക്കാർ ജീവനക്കാരുടെ വേർപാടുണ്ടായാൽ നേരിട്ടുള്ള കുടുംബാംഗങ്ങളിൽ ഒരാൾക്ക് ജോലിക്ക് അർഹതയുണ്ട്. സബറുദ്ദീന്റെ ഭാര്യ എച്ച്എസ്എ അധ്യാപക ട്രെയിനിങ് കോഴ്സും കഴിഞ്ഞതാണ്. ജോലിക്ക് യഥാസമയം അപക്ഷയും സമർപ്പിച്ചിരുന്നു.

ഭർത്താവിന്റെ വേർപാടിനൊടൊപ്പം ജോലി സംബന്ധമായി ഒരു നടപടിക്രമവും ഇല്ലാത്തത് ഇവരുടെ ദുഃഖം ഇരട്ടിപ്പിക്കുന്നു. ഇപ്പോൾ കാത്തിരിപ്പിന് ഒരു വർഷം തികയുകയുമായി. തുടക്കത്തിൽ, ജോലി തരപ്പെടുത്താൻ ശ്രമിക്കുമെന്ന് ആശ്വസിപ്പിക്കാൻ എത്തിയവർ അറിയിച്ചിരുന്നു.സർക്കാർ പ്രത്യേക ഉത്തരവ് നൽകിയാൽ ഇവർക്ക് വിദ്യാഭ്യാസ വകുപ്പിൽ എളുപ്പത്തിൽ ജോലിക്ക് കയറാനാകും. ഇതോടെ നാടുനടുങ്ങിയ ദുരന്തത്തിൽ ഒരു കുടുംബമെങ്കിലും രക്ഷപ്പെടും. ഇതിന് ഇനിയും എത്രനാൾ കാത്തിരിക്കണമെന്നാണ് മുനീറയുടെ രോദനം.

ഇന്നും ഒാർമകളിൽ
കെട്ടുങ്ങൽ പാലത്തിനു മുകളിൽ വാഹനം നിർത്തി, താഴെ, ബോട്ട് പോയ സ്ഥലവും പൂരപ്പുഴയും തൂവൽത്തീരവുമെല്ലാം കാണാൻ എത്തുന്നവർ ഇന്നുമുണ്ട്. വാഹനങ്ങളിൽ ഇതുവഴി കടന്നുപോകുന്നവരാണ് ഈ കാഴ്ചകളെല്ലാം കാണാൻ പാലത്തിനു മുകളിൽ നിർത്തുന്നത്. പ്രകൃതിഭംഗി കാണാൻ നിർത്തുന്നവരുടെ മനസ്സുകളിൽ ബോട്ടപകടത്തിന്റെ കഥയും വരാറുണ്ട്. താഴെ ജെട്ടിയുണ്ടായിരുന്ന ഭാഗവും അവിടെനിന്ന് ബോട്ട് വളച്ചെടുത്ത സ്ഥലവും പിന്നെ പൂരപ്പുഴയി‍ൽ ബോട്ട് മറഞ്ഞ ഭാഗവുമെല്ലാം യാത്രക്കാർ ചർച്ച ചെയ്യാറുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com