ADVERTISEMENT

കൂറ്റനാട്∙ ജോലിക്കിടെ ഇടതുകൈ അറ്റുപോയ ചാലിശ്ശേരി ചിറയത്ത് വീട്ടിൽ ഫ്രാൻസിസ് തന്റെ കുറവുകളെ കഴിവുകളാക്കി മാറ്റിയപ്പോൾ അദ്ദേഹം എത്ര കഠിനമായ ജോലിയും ചെയ്തും ജീവിക്കാനുള്ള ആത്മവിശ്വാസത്തിന് ഉടമയായി. കഴിഞ്ഞ 7 വർഷമായി നാളികേരം പൊളിക്കുന്ന തൊഴിൽ ചെയ്താണ് ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബം പോറ്റുന്നത്. കഠിനമാണെങ്കിലും ഈ പണി മുടക്കം കൂടാതെ ലഭിക്കണമേ എന്നും അതു ചെയ്യുന്നതിന് നിലവിലുള്ള ആരോഗ്യമെങ്കിലും നിലനിർത്തണമെന്നുമാണ് അദ്ദേഹത്തിന്റെ പ്രാർഥന. ഈ അവസ്ഥയിലും ദിവസം എണ്ണൂറോളം തേങ്ങ അദ്ദേഹം പൊളിക്കും. 

പതിനാലാം വയസ്സിൽ ചെന്നൈയിൽ എത്തിയ യുവാവ് 10 വർഷം ഒരു പ്ലാസ്റ്റിക് നിർമാണ കമ്പനിയിൽ മെഷീൻ ഓപ്പറേറ്റർ ആയി ജോലി ചെയ്തു. ജോലിക്കിടെ യന്ത്രത്തിൽ കുടുങ്ങിയാണ് ഇടതു കൈപ്പത്തി നഷ്ടമായത്. തുടർന്നു മറ്റൊരു കമ്പനിയിൽ 10 വർഷം ജോലി നോക്കി. നാട്ടിലെത്തിയ ശേഷമാണ് കൃത്രിമ കൈ ഘടിപ്പിച്ചത്. അക്കാലത്ത് ചാലിശ്ശേരിയിൽ അദ്ദേഹത്തിന്റെ അച്ഛൻ ജോണി നാളികേരം പൊളിക്കുന്ന ജോലിയിൽ സജീവമായിരുന്നു. അങ്ങനെ പിതാവിനെ സഹായിക്കുന്നതിനായി നാളികേരം പൊളിക്കുന്ന ജോലി തുടങ്ങുകയായിരുന്നു.

കഴിഞ്ഞ 7 വർഷമായി അത് ഇപ്പോഴും തുടരുകയാണ്. കുന്നംകുളം, പട്ടാമ്പി, ചങ്ങരംകുളം തുടങ്ങി വിവിധ സ്ഥലങ്ങളിലായി പണിയെടുക്കുന്നുണ്ട്. ജോലിക്ക് എവിടെനിന്നു വിളിച്ചാലും പോകാൻ തയാറാണെന്നു ഫ്രാൻസിസ് പറയുന്നു.  വിളവ് കുറഞ്ഞതും ഉണങ്ങിയതുമായ നാളികേരം പൊളിക്കാനാണ് പ്രയാസമെന്ന് അദ്ദേഹം പറഞ്ഞു. പാതിയാകുമ്പോൾ വേദന അസഹ്യമാകുമെങ്കിലും വേദനയകറ്റാൻ മരുന്നുകൾ തേച്ചുപിടിപ്പിക്കും. നാളികേരത്തിന് വിലയിടിഞ്ഞതോടെ പണി കുറവായിരുന്നു. ഇപ്പോൾ സീസണായതിനാൽ പണി ലഭിക്കുന്നുണ്ട്. 7 മണിക്ക് പുറപ്പെടും. സർക്കാരിൽനിന്നു ലഭിക്കുന്ന കുടുംബ പെൻഷനായ 1600 രൂപയാണ് വരുമാനമായുള്ളത്. നാളികേരം പൊളിക്കാൻ ആവശ്യമുള്ളവർക്ക് അദ്ദേഹത്തിന്റെ ഈ നമ്പറിൽ 8129340382 വിളിക്കാം.  ഭാര്യ ബീന. മക്കൾ : റിയോൺ, രസ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com