ADVERTISEMENT

വടക്കഞ്ചേരി ∙ മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാതയിൽ വടക്കഞ്ചേരി മേൽപാലത്തിൽ പാലക്കാട് ദിശയിലേക്കുള്ള പാലത്തിന്റെ തകര്‍ന്ന ഭാഗങ്ങള്‍ നന്നാക്കുന്ന പണികള്‍ അവസാന ഘട്ടത്തില്‍. പണി പൂര്‍ത്തിയാക്കി ഒരാഴ്ചയ്ക്കുള്ളിൽ പാലം തുറക്കുമെന്ന് പന്നിയങ്കര ടോൾ കമ്പനി അധികൃതർ അറിയിച്ചു. തകരാറിലായ നാല് ജോയിന്റുകള്‍ കുത്തിപ്പൊളിച്ച് കോൺക്രീറ്റിങ് നടത്തുകയാണിപ്പോള്‍. 

നിലവിൽ തൃശൂർ ദിശയിലേക്കുള്ള പാലത്തിലൂടെയാണ് ഇരു ഭാഗത്തേക്കും വാഹനങ്ങൾ കടത്തി വിടുന്നത്. പാലക്കാട് ദിശയിലേക്കുള്ള പാലം തുറന്നശേഷം തൃശൂർ ദിശയിലേക്കുള്ള പാലത്തിന്റെ ജോയിന്റുകൾ നന്നാക്കുന്നതിനായി അടയ്ക്കും. പാലം ഗതാഗതത്തിനായി തുറന്നശേഷം അറുപതോളം തവണയാണ് മേൽപാലത്തിലെ ജോയിന്റുകൾ കുത്തിപ്പൊളിച്ച് നന്നാക്കിയത്. നിർമാണത്തിലെ അപാകതയാണ് ഇടയ്ക്കിടെ കുത്തിപ്പൊളിക്കേണ്ടി വരുന്നതെന്നാണ് ആരോപണം.

കുത്തിപ്പൊളിക്കൽ ആവർത്തിക്കുമ്പോഴും ദേശീയപാത അതോറിറ്റി കണ്ട ഭാവം നടിക്കുന്നില്ല. പാലത്തിനു പുറമേ റോഡിൽ പല ഭാഗങ്ങളും കുത്തിപ്പൊളിച്ച് റീ-ടാറിങ് നടത്തുന്നുണ്ട്. ഭാരവാഹനങ്ങൾ പോകുമ്പോൾ റോഡിന്റെ പ്രതലം താഴ്ന്ന് പോകുന്നതിനാല്‍ ഇവിടെയും കുത്തിപ്പൊളിച്ച് നന്നാക്കുന്നുണ്ട്. കുതിരാനിൽ ഇടതു തുരങ്കത്തിൽ കോൺക്രീറ്റ് പണികളും പൂര്‍ത്തിയായിട്ടില്ല. വലതു തുരങ്കത്തിലൂടെ ഒറ്റവരിയായാണ് വാഹനങ്ങൾ കടത്തിവിടുന്നത്

അടിപ്പാത നിര്‍മാണം ഉടന്‍
പാലക്കാ‌ട്- തൃശൂര്‍ ദേശീയപാതയില്‍ കാഴ്ചപ്പറമ്പ്, കുഴൽമന്ദം, ആലത്തൂർ സ്വാതി ജം‌ക്‌ഷൻ, വാണിയമ്പാറ, മുടിക്കോട്, കല്ലിടുക്ക് എന്നിവിടങ്ങളിലെ അടിപ്പാതയുടെ (വെഹിക്കിൾ അണ്ടർ പാസ്-വിയുപി) നിര്‍മാണം ഉടന്‍ ആരംഭിക്കും. ഉയരം കൂടിയ വലിയ വാഹനങ്ങൾക്ക് കടന്നു പോകാവുന്ന വിധമായിരിക്കും നിർമാണം. 18 മാസംകൊണ്ട് പണി പൂർത്തിയാക്കും. അടിപ്പാതകൾ നിർമിക്കുന്ന സ്ഥലത്ത് ആദ്യം ദേശീയപാതയുടെ ഇരുവശത്തും സർവീസ് റോഡ് നിർമിക്കും. തുടർന്ന് ഗതാഗതം ഇതുവഴി തിരിച്ചുവിട്ടശേഷം ദേശീയപാതയുടെ സ്പീഡ് ട്രാക്ക് വരുന്ന ഭാഗം പൊളിച്ച് അടിപ്പാത നിർമാണം ആരംഭിക്കും. ഗതാഗത തടസ്സം പരമാവധി ഒഴിവാക്കാനാണിത്. പുതുതായി നിർമിക്കുന്ന അടിപ്പാതകൾക്കു 4 മീറ്റർ ഉയരമുണ്ടാകും. വീതി 12 മീറ്റർ. വലിയ വാഹനങ്ങൾക്കു കടന്നുപോകാൻ കഴിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com