ADVERTISEMENT

മലയാലപ്പുഴ ∙ പുതിയ കെട്ടിട നിർമാണം പൂർത്തിയായിട്ടും ക്ലാസ് ആരംഭിക്കാൻ കഴിയാതെ മലയാലപ്പുഴ ഗവ.എൽപി സ്കൂൾ. ടൗണിൽ പ്രവർത്തിക്കുന്ന സ്കൂൾ കെട്ടിടത്തിനു പകരമായാണ് പുതിയ പഞ്ചായത്ത് ഓഫിസിനു സമീപം ഇരുനില കെട്ടിടം ഉയർന്നത്. ബസ്‌ സ്റ്റാൻഡിനു വേണ്ടി കണ്ടെത്തിയ സ്ഥലമാണിത്. നിലവിലുള്ള സ്കൂൾ കെട്ടിടം പൊളിച്ചുനീക്കി അവിടെ ബസ്‌ സ്റ്റാൻഡ് പ്രവർത്തിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് പുതിയ കെട്ടിടം നിർമിച്ചത്. പഞ്ചായത്തിന്റെ തനതു ഫണ്ട് ഉപയോഗിച്ച് ഒന്നാം നില നിർമിച്ച ശേഷം വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച പണം ഉപയോഗിച്ചാണ് രണ്ടാം നില നിർമിച്ചത്. നിർമാണം പൂർത്തിയായെങ്കിലും ചുറ്റുമതിൽ, പാചകപ്പുര എന്നിവ നിർമിച്ചിട്ടില്ല. 

സ്കൂൾ വളപ്പിലൂടെയാണ്  നിലവിൽ പഞ്ചായത്ത് ഓഫിസിലേക്ക് കയറുന്നത്. തുറസ്സായി കിടക്കുന്നതിനാൽ പഞ്ചായത്ത് വാഹനം അടക്കമുള്ളവയും ഇവിടെയാണ് പാർക്ക് ചെയ്യുന്നത്. പഞ്ചായത്തിലേക്ക് കടക്കാൻ വേറെ വഴിയില്ലാത്തതിനാൽ സ്കൂളിന് ചുറ്റുമതിൽ വരുന്നത് പ്രതിസന്ധി ഉണ്ടാക്കും. ചുറ്റുമതിൽ നിർമിച്ചാൽ ഹരിതകർമസേനയ്ക്കു ജില്ലാ പഞ്ചായത്ത് നൽകിയ ഓട്ടോറിക്ഷ പോലും പഞ്ചായത്ത് പരിസരത്തേക്കു കയറ്റാൻ കഴിയാതെ വരും. 

അതോടെ ഈ ഇലക്ട്രിക് വാഹനം ചാർജ് ചെയ്യാൻ കഴിയാതാകും. വ്യാപാര, വാണിജ്യ സ്ഥാപനങ്ങളും മറ്റ് ഓഫിസുകളും നിർമിക്കുമ്പോൾ മതിയായ പാർക്കിങ് സൗകര്യം വേണമെന്നു ശഠിക്കുന്ന പഞ്ചായത്ത് സ്വന്തം കെട്ടിടം നിർമിച്ചപ്പോൾ പാർക്കിങ്ങിനോ, പഞ്ചായത്തിലേക്കു പ്രവേശിക്കുന്നതിനോ സൗകര്യം ഒരുക്കാതെ കെട്ടിടം നിർമിച്ചതാണ് പ്രതിസന്ധി. മൃഗാശുപത്രി, വില്ലേജ് ഓഫിസ് എന്നിവയും പ്രദേശത്തുണ്ട്.

പാർക്കിങ് സൗകര്യം ഇല്ലാത്തതിനാൽ ഇവിടേക്ക് എത്തുന്നവരും തിരക്കേറുന്ന ഞായർ, ചൊവ്വ, വെള്ളി ദിവസങ്ങളിൽ മലയാലപ്പുഴ ക്ഷേത്രത്തിലേക്ക് എത്തുന്നവരും വിവിധ വ്യാപാര സ്ഥാപനങ്ങളിലേക്കും സഹകരണ സംഘം, ബാങ്ക് എന്നിവിടങ്ങളിലേക്ക് എത്തുന്നവരും ജംക്‌ഷനിലെ തിരക്കിൽ പെടാതിരിക്കാൻ സ്കൂൾ ഗ്രൗണ്ടിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.

ചുറ്റുമതിൽ നിർമിക്കുന്നതോടെ ഇതും തടസ്സപ്പെടും. സ്കൂൾ കെട്ടിടം നിർമിക്കുന്നതിന് മുൻപ് ആവശ്യമായ പരിശോധനകളോ സ്ഥലപരിമിതിക്ക് അനുസരിച്ചുള്ള കെട്ടിട നിർമാണമോ നടത്താതെ പോയതാണ് പ്രശ്നങ്ങൾക്കു കാരണമെന്നു കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി പ്രമോദ് താന്നിമൂട്ടിൽ പറഞ്ഞു. കുട്ടികൾക്ക് കളിക്കളമോ പാചകപ്പുരയോ പോലും ഇല്ലാത്ത ഇവിടെ അടുത്ത അധ്യയന വർഷം മുതൽ ക്ലാസ് ആരംഭിക്കാൻ ഒരുങ്ങുന്നതായാണ് അറിയുന്നത്. പണം മുടക്കി കെട്ടിടം നിർമിച്ചതല്ലാതെ കുട്ടികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ അധികൃതർ ശ്രദ്ധിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com