ADVERTISEMENT

ഇടമുറി ∙ വരൾച്ചക്കാലത്തെ ജലക്ഷാമമകറ്റാൻ തടയണയെന്ന സ്വപ്നം യാഥാർഥ്യമായില്ല. വെള്ളം വിലകൊടുത്തു വാങ്ങേണ്ട സ്ഥിതി. ബംഗ്ലാവുംപടി–ഇടമുറി സ്കൂൾ ജംക്‌ഷൻ വരെ താമസിക്കുന്നവരുടെ ദുരിതമാണിത്. റബർ ബോർഡിന്റെ ചേത്തയ്ക്കൽ പരീക്ഷണത്തോട്ടത്തിനു മധ്യത്തിലൂടെയാണ് ഇരപ്പംപാറ തോട് ഒഴുകുന്നത്. ഇടമുറി അമ്പലം ഭാഗത്തുനിന്ന് ഉത്ഭവിക്കുന്ന തോടാണിത്. ഇടമുറി പാലം, റബർ ബോർഡ് ഗേറ്റ്, മാടത്തരുവി, സ്റ്റോറുംപടി, മാടത്തുംപടി, എസ്‌സിപടി, ചെത്തോങ്കര, സൈലന്റ്‌വാലി എന്നീ പ്രദേശങ്ങളെ ജലസമൃദ്ധമാക്കിയാണ് മഴക്കാലത്ത് തോട് ഇട്ടിയപ്പാറ വലിയതോട്ടിൽ സംഗമിക്കുന്നത്. 

വരൾച്ചക്കാലത്ത് തോട്ടിലെ വെള്ളം വറ്റും. പിന്നീട് കാട്ടുകല്ലുകൾ മാത്രമാണ് ശേഷിക്കുക. എന്നാൽ ഇടമുറി പാലത്തോടു ചേർന്ന ഭാഗത്തെ നീരുറവ കടുത്ത വേനലിലും വറ്റാറില്ല. ഇപ്പോഴും തോട്ടിൽ ഈ ഭാഗത്ത് തെളിനീരുണ്ട്. ഇവിടെ തടയണ നിർമിക്കണമെന്നാണ് സമീപവാസികൾ ആവശ്യപ്പെടുന്നത്. ഇതു സാധ്യമായാൽ തോട്ടിലെ വെള്ളം പൂർണമായി വറ്റില്ല. വേനൽക്കാലത്ത് കുളിക്കാനും വസ്ത്രങ്ങൾ കഴുകാനും ഇവിടം പ്രയോജനപ്പെടുത്താം. ജലക്ഷാമം നേരിടുന്ന അനവധി കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

ചെറുകിട ജലസേചന വിഭാഗത്തിന്റെയോ ജില്ലാ പഞ്ചായത്തിന്റെയോ സാമ്പത്തിക സഹായത്തോടെ തടയണ നിർമിക്കാൻ ശ്രമം നടത്തിയതാണ്. പരീക്ഷണത്തോട്ടത്തിനായി വനം വകുപ്പിൽ നിന്ന് റബർ ബോർ‌ഡ് കുത്തകപ്പാട്ടത്തിനെടുത്തിട്ടുള്ള സ്ഥലമാണിത്. ഇവിടെ തടയണ നിർമിക്കാൻ സ്ഥലം വിട്ടു കൊടുക്കാൻ റബർ ബോർഡ് തയാറല്ല. ഇതാണ് വിനയായത്. ഭൂമിയുടെ കൈവശക്കാരൻ റബർ ബോർഡ് ആയതിനാൽ അനുമതി നൽകാൻ വനം വകുപ്പിനും കഴിയില്ല. ജനപ്രതിനിധികൾ ഇടപെട്ട് ഇതിനു പരിഹാരം കണ്ടാൽ ജനങ്ങളുടെ പ്രതീക്ഷ സഫലമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com