ADVERTISEMENT

തിരുവനന്തപുരം∙ മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ സച്ചിൻ ബസിനുള്ളിൽ കയറിയതായി സ്ഥിരീകരിച്ച് ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എ.എ.റഹിം എംപി. എന്നാൽ സച്ചിൻ യാത്രക്കാരെ ഇറക്കിവിട്ടുവെന്നതു നുണയാണെന്നും ബസിൽ കയറിയ ശേഷം തനിക്കു കൂടി ടിക്കറ്റ് തരാനും ബസ് ഡിപ്പോയിലേക്കു പോകാനുമാണ് ആവശ്യപ്പെട്ടതെന്നുമുള്ള പുതിയ വാദവും റഹിം ഉന്നയിച്ചു. സച്ചിൻ ബസിനുള്ളിൽ കയറി യാത്രക്കാരെ ഇറക്കിവിട്ടെന്നാണ് കെഎസ്ആർടിസി ഡ്രൈവറുടെ ആരോപണം. സച്ചിൻ ബസിനുള്ളിൽ കയറിയെന്നു മേയർ പോലും അംഗീകരിക്കാതിരിക്കെയാണ് സംഭവത്തിന്റെ തുടക്കം മുതൽ അതിൽ ഇടപെട്ടുവെന്ന് പറയുന്ന റഹിം അക്കാര്യം സ്ഥിരീകരിച്ചത്. സംഭവത്തിനു പിന്നാലെ ബസിലെ കണ്ടക്ടർ റഹിമിനെ ബന്ധപ്പെട്ടെന്ന എം.വിൻസന്റ് എംഎൽഎയുടെ ആരോപണവും അദ്ദേഹം ശരിവച്ചു.

‘കണ്ടക്ടർ എന്റെ നാട്ടുകാരനാണ്. അദ്ദേഹം എന്നെ അർധരാത്രിയിൽ വിളിച്ചു സംഭവം അറിയിച്ചു. സച്ചിനെ വിളിച്ചപ്പോൾ ആര്യയ്ക്ക് ഫോൺ കൊടുത്തു. അങ്ങേയറ്റത്തെ മാനസിക സംഘർഷത്തിലായിരുന്നു അവർ. കണ്ടക്ടർ ഉയർന്ന ഉദ്യോഗസ്ഥർക്ക് അന്നേരം തന്നെ സ്റ്റേറ്റ്മെന്റ് കൊടുത്തു എന്നാണു പറഞ്ഞത്. ഞാനന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥനെയും വിളിച്ചിട്ടില്ല. ഡ്രൈവറോട് മാപ്പു പറയണമെന്നും ആവശ്യപ്പെട്ടിട്ടില്ല. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോയുടെ കുട്ടിക്കാലം മുതൽ ചികഞ്ഞ മാധ്യമങ്ങൾ എന്താണു കെഎസ്ആർടിസി ഡ്രൈവറുടെ പൂർവകാല ചരിത്രം അന്വേഷിക്കാത്തത്. മേയർ എന്തു തെറ്റാണ് ചെയ്തത്? ആര്യയെ തുടർച്ചയായി ആക്രമിക്കുന്നത് അങ്ങനെയൊരു പൊളിറ്റിക്കൽ ബ്രാൻഡ് ഉയർന്നു വരേണ്ട എന്ന ലക്ഷ്യത്തോടെയാണ്. സൈബർ ആക്രമണം നടത്തിയാൽ പതറി വീട്ടിലിരിക്കുമെന്നു വിചാരിക്കേണ്ട. യൂത്ത് കോൺഗ്രസും കോൺഗ്രസും വളർത്തുന്ന ക്രിമിനൽ സംഘമാണ് ഇതിനു പിന്നിൽ’–റഹിം പറഞ്ഞു.

ബസിലെ നിരീക്ഷണ ക്യാമറയുടെ മെമ്മറി കാർഡ് ആദ്യമേ തന്നെ ശേഖരിച്ച് പരിശോധിക്കുന്നതിൽ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചില്ലേ എന്ന ചോദ്യത്തോട് ക്ഷുഭിതനായി പ്രതികരിച്ച റഹിം അത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ കാണുമ്പോൾ ചോദിക്കണമെന്നു പറഞ്ഞൊഴിഞ്ഞു. സംഭവത്തിൽ സച്ചിൻ ദേവ് ഇതുവരെ പരസ്യ പ്രതികരണത്തിനു തയാറായിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com