ADVERTISEMENT

തിരുവനന്തപുരം∙ പരിഷ്കരിച്ച നിർദേശങ്ങളുമായി ഡ്രൈവിങ് ടെസ്റ്റ് നടത്താനുള്ള മോട്ടർ വാഹനവകുപ്പിന്റെ ശ്രമം ആദ്യദിനം തന്നെ പാളി. മുട്ടത്തറയിലെ ഓട്ടമേറ്റഡ് ഡ്രൈവിങ് ടെസ്റ്റിങ് കേന്ദ്രത്തിനു മുൻപിൽ രാവിലെ 8നു ഡ്രൈവിങ് സ്കൂൾ ഉടമകൾ പ്രതിഷേധിക്കാനെത്തി. പ്രതീക്ഷിച്ചതായതിനാൽ വലിയ പൊലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു. ടെസ്റ്റിങ് കേന്ദ്രത്തിന്റെ ഗേറ്റ് പൂട്ടിയ പൊലീസ് പ്രതിഷേധക്കാരെ അകത്തു കടത്തിയില്ല. ഇതോടെ ഗേറ്റിനു മുൻപിലായി പ്രതിഷേധം. ഉച്ചയ്ക്കു പന്ത്രണ്ടോടെ മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ മടങ്ങിയശേഷമാണു പ്രതിഷേധക്കാർ മടങ്ങിയത്. 6 പേർക്കാണ് ഇന്നലെ സ്ലോട്ട് നൽകിയതെന്നാണു വിവരം. ആളുകളുടെ എണ്ണം കുറയ്ക്കാനും പ്രശ്നങ്ങൾ ഒഴിവാക്കാനുമായി സ്ലോട്ടുകൾ കുറച്ചു നൽകിയതാണെന്നു സംഘടനകൾ ആരോപിക്കുന്നു.

2 പേർ മാത്രമാണ് ടെസ്റ്റിന് എത്തിയത്. കാലാവധി കഴിഞ്ഞ ലൈസൻസ് പുതുക്കുന്നതിനുള്ള ടെസ്റ്റിനാണ് ഇവരെത്തിയത്. പ്രതിഷേധക്കാർക്കിടയിലൂടെ ഇവരെ പൊലീസ് അകത്തേക്കു വിട്ടെങ്കിലും രണ്ടുപേരും ടെസ്റ്റ് നടത്തിയില്ല. അപ്പോൾ തന്നെ മടങ്ങി. ഡ്രൈവിങ് സ്കൂൾ ഉടമകൾ സഹകരിക്കാത്തതും എണ്ണം കുറയാൻ കാരണമായി. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ചുകൊണ്ട് മോട്ടർ വാഹനവകുപ്പ് കഴിഞ്ഞ മാസമിറക്കിയ സർക്കുലറിനെതിരെ അന്നു മുതൽ ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകൾ പ്രതിഷേധത്തിലാണ്. 15 വർഷം കഴിഞ്ഞ വാഹനം ഡ്രൈവിങ് പരിശീലനത്തിന് ഉപയോഗിക്കരുതെന്നും ദിവസം പരമാവധി 50 ടെസ്റ്റുകളിൽ കൂടുതൽ നടത്തരുതെന്നുമുള്ള നിർദേശങ്ങളോടാണു കൂടുതൽ എതിർപ്പ്. നിയമത്തിൽ പറയാത്ത കാര്യമാണു സർക്കുലറിലൂടെ നടപ്പാക്കാൻ ശ്രമിക്കുന്നതെന്നു സംഘടനകൾ ആരോപിക്കുന്നു. 

മുട്ടത്തറയിൽ നേരത്തേ 2 എംവിഐമാരുടെ നേതൃത്വത്തിൽ 2 ബാച്ചായി 120 പേരുടെ ടെസ്റ്റ് നടത്തിയിരുന്നു. ഇനി മുതൽ ആകെ 50 ടെസ്റ്റ് മാത്രം നടത്തിയാൽ മതിയെന്നാണു നിർദേശമെന്നു ഡ്രൈവിങ് സ്കൂൾ ഉടമകൾ പറയുന്നു. അതേസമയം, പുതിയ രീതിയിലുള്ള ടെസ്റ്റ് ഇന്നലെ മുതൽ നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും കർശനമാക്കിക്കൊണ്ടുള്ള നിർദേശം ഡ്രൈവിങ് ടെസ്റ്റിങ് കേന്ദ്രത്തിലെ ഉദ്യോഗസ്ഥർക്കു മോട്ടർ വാഹനവകുപ്പ് രേഖാമൂലം നൽകിയിട്ടില്ല. ഡ്രൈവിങ് സ്കൂൾ ഉടമകൾ നൽകിയ ഹർജി കോടതിയിലുള്ളതിനാലാണിതെന്നാണു വിവരം. ഓൾ കേരള മോട്ടർ ഡ്രൈവിങ് സ്കൂൾ ഇൻസ്ട്രക്റ്റേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷനും സിഐടിയു, ബിഎംഎസ് സംഘടനകളുമാണ് ഇന്നലെ സമരത്തിനുണ്ടായിരുന്നത്. ഇന്നും പ്രതിഷേധം തുടരുമെന്നു സംഘടനകൾ അറിയിച്ചിട്ടുണ്ട്. പരിഷ്കാരം നടപ്പാക്കുമെന്ന വാശിയിലാണു മന്ത്രിയും വകുപ്പും. ഡ്രൈവിങ് ടെസ്റ്റിനു വേണ്ടി കാത്തിരിക്കുന്ന നൂറുകണക്കിനു പേരെയാണ് ഈ തർക്കം ബാധിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com