ADVERTISEMENT

തിരുവനന്തപുരം ∙ പൈപ്പുവഴി പാചക വാതകം ലഭ്യമാക്കുന്ന സിറ്റിഗ്യാസ് പദ്ധതി അടുത്ത 22 വാർഡുകളിൽ ഉടൻ നൽകാൻ പണി പുരോഗമിക്കുന്നു. നിലവിൽ വെട്ടുകാട്, ശംഖുമുഖം , ചാക്ക, മുട്ടത്തറ, പാൽക്കുളങ്ങര, പെരുന്താനി, ശ്രീകണ്ഠ്വേശ്വരം, ബീമാപ്പള്ളി, ബീമാപ്പള്ളി ഇൗസ്റ്റ്, വലിയതുറ, കടകംപള്ളി എന്നീ വാർഡുകളിലാണ് പൈപ്പുവഴി ഗ്യാസ് കണക്‌ഷൻ എത്തിയത്. ഇത് വരെ 11,000 വീടുകൾക്കാണ് കണക്‌ഷൻ നൽകിയത്. ഡിസംബറിന് മുൻപ് 60,000 വീടുകൾക്കു കൂടി കണക്‌ഷൻ  നൽകുന്നതിനാണ് തീരുമാനം. 307 കിലോമീറ്റർ പൈപ്പ് ലൈൻ ആണ് ഇതുവരെ തിരുവനന്തപുരത്ത് കണക്‌ഷനുവേണ്ടിയിട്ടത്. ഇന്ത്യയിലെ പ്രമുഖ സിറ്റി ഗ്യാസ് വിതരണക്കാരായ എജി ആൻ‍ഡ് പി പ്രഥം കമ്പനിയാണ് പദ്ധതി നടപ്പാക്കുന്നത്.   

സുരക്ഷിതം ,ചെലവ് കുറവ് 
വീടുകളിൽ പാചകത്തിനു പൈപ്പുകളിൽ എത്തുന്ന പ്രകൃതിവാതകം ഉപയോഗിക്കുന്നത് ഏറെ സുരക്ഷിതം. അന്തരീക്ഷ വായുവിനെക്കാൾ സാന്ദ്രത കുറഞ്ഞതിനാൽ ഗ്യാസ് ലീക്കായാലും  ഇത് വായുവിൽ ലയിച്ച് വീര്യം നഷ്ടപ്പെടുന്നതോടെ അപകടാവസ്ഥയില്ല. എൽപിജിയെക്കാൾ 25 മുതൽ 30 % വരെ ചെലവ് കുറവ്,

പൈപ്പ് ലൈൻ പൂർത്തിയാകുന്ന വാർഡുകൾ
കരിക്കകം, വള്ളക്കടവ്, അണമുഖം, ആക്കുളം, മെഡിക്കൽ കോളജ്, ചെറുവയ്ക്കൽ, ഉള്ളൂർ, ശ്രീകാര്യം, ഇടവക്കോട്, പട്ടം, പേട്ട, ആറ്റിപ്ര, കുളത്തൂർ , ചെല്ലമംഗംലം, ചെമ്പഴന്തി, പൗഡിക്കോണം, ഞാണ്ടൂർക്കോണം, കഴക്കൂട്ടം, നാലാഞ്ചിറ, പുത്തൻപള്ളി, മാണിക്യവിളാകം, പൂന്തുറ, 

കണക്‌ഷൻ എങ്ങനെ എടുക്കാം? 
വീട് നമ്പറിനൊപ്പം ആധാർ കാർഡോ ഫോട്ടോ പതിച്ച ഐഡി കാർഡോ ഉള്ളവർക്ക് വീടുകളിലേക്ക് പ്രകൃതി വാതക കണക്‌ഷൻ എടുക്കാവുന്നതാണ്. ഓരോ വാർഡിലും പൈപ്പിടൽ പൂർത്തിയാകുന്നതോടെ വീടുകളിലും  കമ്പനി അധികൃതർ എത്തി വിവരങ്ങൾ ശേഖരിക്കും. റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കും. ആ സ്ഥലത്തെ കൗൺസിലറുടെ നിർദേശങ്ങളും ഇക്കാര്യത്തിൽ കമ്പനി സ്വീകരിക്കും.  വൈദ്യുതി നിരക്ക് നിശ്ചയിക്കുന്നതു പോലെ ഉപയോഗിക്കുന്ന പ്രകൃതി വാതകത്തിനാണ് പണം നൽകേണ്ടത്. രണ്ട് മാസത്തിലൊരിക്കൽ കമ്പനിയുടെ ഉദ്യോഗസ്ഥൻ വന്നെടുക്കുന്ന മീറ്റർ റീഡിങ്ങിന്റെ അടിസ്ഥാനത്തിലായിരിക്കും ബില്ല് നൽകുക. 

പ്രധാന പൈപ്പ് ലൈൻ പോകുന്ന വഴി 
കൊച്ചുവേളി പ്ലാന്റിൽ നിന്നും ചാക്ക, പേട്ട, വെൺപാലവട്ടം, പട്ടം, കുറവൻകോണം, അമ്പലംമുക്ക് , പേരൂർക്കട, ഹിന്ദുസ്ഥാൻ ലാറ്റക്സിലെത്തും. ഇൗ പ്രധാന പൈപ്പ് കടന്നുപോകുന്ന എല്ലാ വാർഡുകളിലും ഉപ പൈപ്പുകൾ വഴി കണക്‌ഷൻ നൽകാൻ സാധിക്കും. മറ്റൊരു പ്രധാന ലൈൻ കടന്നുപോകുന്നത് ഉള്ളൂർ– ശ്രീകാര്യം വഴി തോന്നയ്ക്കലിലേക്കിലെ പ്ലാന്റിലേക്കാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com