ADVERTISEMENT

തിരുവനന്തപുരം∙ ‘എല്ലാരും ചൊല്ലണ്..എല്ലാരും ചൊല്ലണ്, കല്ലാണു നെ‍ഞ്ചിലെന്ന്, കരിങ്കല്ലാണു നെഞ്ചിലെന്ന്..’ മലയാളി മറക്കാത്ത പാട്ട്. രാഷ്ട്രപതിയുടെ വെള്ളിമെഡൽ നേടിയ ‘നീലക്കുയിലി’ലെ മനോഹര ഗാനം ! ‘കുയിലിനെ തേടി..കുയിലിനെ തേടി..പട്ടു കുപ്പായക്കാരാ.’എന്നൊരു പാട്ടു കൂടി ജാനമ്മ ഡേവിഡ് നീലക്കുയിലിൽ പാടി. രണ്ടും ഹിറ്റ്. അനുഗ്രഹിക്കപ്പെട്ട ഈ പാട്ടുകാരി പിറന്നിട്ട് കാലം 110–ാം വർഷത്തിലേക്കു പ്രവേശിക്കുകയാണ്. മലയാള സിനിമയിലെ ആദ്യ നായിക റോസിയും പിന്നണി ഗായികമാരിലൊരാളായ ജാനമ്മ ഡേവിഡും തിരുവനന്തപുരം നന്ദൻകോട് സ്വദേശികൾ.  ചലച്ചിത്ര ഗാനങ്ങൾക്കു പുറമേ നാടൻ പാട്ടുകളും കുറത്തി പാട്ടുകളും ജാനമ്മ അക്കാലത്തു പാടി പേരെടുത്തിരുന്നു.  

തിരുവനന്തപുരം വിമൻസ് കോളജിൽ സംഗീതം ഐച്ഛിക വിഷയമായെടുത്താണ് ജാനമ്മ ഡേവിഡ് ഇന്റർമീഡിയറ്റിനു പഠിച്ചത്. സംഗീതം പഠിപ്പിച്ചിരുന്ന അധ്യാപിക ഒരു ദിവസം ജാനമ്മയെ തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. പ്രശസ്ത സംഗീതകാരനായ ടി.ലക്ഷ്മണൻ പിള്ളയായിരുന്നു അവരുടെ പിതാവ്. അദ്ദേഹം ജാനമ്മയോട് ഒരു കീർത്തനം ആലപിക്കാൻ ആവശ്യപ്പെട്ടു. ആ സ്വര മാധുരിയിയിൽ അന്നു  76 വയസ്സുണ്ടായിരുന്ന ലക്ഷ്മണൻ പിള്ള അത്ഭുതപ്പെട്ടു. അതോടെ ദിവസവും വീട്ടിലെത്തി തന്റെ കീഴിൽ പാട്ടു പഠിക്കാൻ ആവശ്യപ്പെട്ടു. അങ്ങനെ ലക്ഷ്മണൻ പിള്ള ജാനമ്മയുടെ ആദ്യ ഗുരുവായി. ഇതിനിടയിൽ  നന്ദൻകോട് ബെയ്ൻസ് കോംപൗണ്ടിലുള്ള ഹിന്ദ്രൻസ് ഗാർഡൻസ് സ്കൂുളിലെ അധ്യാപികയായും ജാനമ്മ ജോലി നോക്കി. 

സംഗീതം പഠിക്കാൻ ചിദംബരത്തേക്ക്
ദക്ഷിണേന്ത്യയിൽ ആദ്യമായി ആരംഭിച്ച ചിദംബരത്തെ സംഗീത കോളജിൽ പ്രവേശനത്തിന് അപേക്ഷിക്കാൻ ഗുരുവാണ് നിർദേശിച്ചത്. താഴ്ന്ന വിഭാഗക്കാരിക്ക് അന്നു പ്രവേശനം ലഭിക്കുക എളുപ്പമായിരുന്നില്ല.തന്റെ വിദ്യാർഥിനിക്കു പ്രവേശനം കൊടുത്തേ തീരുവെന്നു ലക്ഷ്മണൻ പിള്ള ശഠിച്ചു. വിമൻസ് കോളജിലെ പഠനം പൂർത്തിയാക്കാതെ ജാനമ്മ ചിദംബരത്തേക്കു തിരിച്ചു. ഒന്നാം റാങ്കോടെയാണു 3 വർഷത്തെ സംഗീതപഠനം ചിദംബരത്തു പൂർത്തിയാക്കിയത്. അക്കാലത്തു നടന്ന തമിഴ് സംഗീത സഭയിൽ തമിഴിനെ  പ്രതിനിധീകരിച്ച് മലയാളിയായ ജാനമ്മ കച്ചേരി അവതരിപ്പിച്ചതു ശ്രദ്ധ പിടിച്ചുപറ്റി. തിരുച്ചിറപ്പള്ളി റേഡിയോ നിലയം പാടാൻ ക്ഷണിച്ചു. വൈകാതെ അവ്വൈ ആശ്രമത്തിൽ സംഗീതാധ്യാപികയായി നിയമനം കിട്ടി.  

ആകാശവാണിയും പി.ഭാസ്കരനും
1944 ൽ മദിരാശി ഓൾ ഇന്ത്യ റേഡിയോയിൽ നിയമനം ലഭിച്ചു. അവിടെ വച്ചാണ് പി.ഭാസ്കരനുമായി പരിചയപ്പെടുന്നത്. 1954– ൽ രാമു കാര്യാട്ട് സംവിധാനം ചെയ്ത ‘നീലക്കുയിലി’ൽ പാടാൻ ഭാസ്കരൻ മാഷ് ക്ഷണിച്ചു. അതിനു മുൻപും ജാനമ്മ സിനിമയിൽ പാടിയിരുന്നു. ‘നല്ലതങ്ക’ യിൽ യേശുദാസിന്റെ പിതാവ് അഗസ്റ്റിൻ ജോസഫിനൊപ്പം ‘മുളയലങ്കാരീ..’എന്ന പാട്ടായിരുന്നു ആദ്യത്തെ സിനിമാ ഗാനം. തുടർന്ന് അമ്മ, പ്രേമലേഖ, കരുണ, ജനോവ, മിന്നുന്നതെല്ലാം പൊന്നല്ല എന്നീ സിനിമകളിൽ പാടി. 1957നുശേഷം മൂന്നു പതിറ്റാണ്ടുകാലം കരിയറിൽ വലിയൊരു ഇടവേള. അക്കാലം ജാനമ്മ ഡേവിഡ് സിനിമയ്ക്കു വേണ്ടി പാടിയില്ല. 

‘മലയാള മണ്ണിന്റെ ഗന്ധമില്ലാത്ത, കേരളത്തിന് പുറത്തു നിന്നെത്തിയ ഗായികമാരുടെ തള്ളിക്കയറ്റത്തിൽ ജാനമ്മ ഡേവിഡ് അവണിക്കപ്പെടുകയായിരുന്നു. സിനിമയിൽ അന്നുണ്ടായിരുന്ന നിലനിന്ന സവർണ ചിന്തയും ആ പാട്ടുകാരിയുടെ അവസരങ്ങൾ ഇല്ലാതാക്കി’– ജാനമ്മ ഡേവിഡിന്റെ ജീവചരിത്ര രചയിതാവായ കുന്നുകുഴി എസ്.മണി പറയുന്നു. 30 വർഷത്തിനു ശേഷം 1988ൽ  ‘കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ’ എന്ന സിനിമയ്ക്കു വേണ്ടി ‘കാക്കോത്തിയമ്മയ്ക്കു തിരുഗുരുതി വേണം..’ എന്ന പാട്ടിലൂടെ തിരികെയെത്തി. 1997ൽ മദ്രാസിൽ 82–ാം വയസ്സിലായിരുന്നു ജാനമ്മ ഡേവിഡിന്റെ അന്ത്യം. 

ജീവചരിത്രകാരന് അപ്രതീക്ഷിത അതിഥി
‘ജാനമ്മ ഡേവിഡ്: നീലക്കുയിലിലെ പാട്ടുകാരി’ എന്ന പേരിൽ ഗായികയുടെ ജീവ ചരിത്രമെഴുതിയ കുന്നുകുഴി എസ്.മണിയെ തേടി കഴിഞ്ഞ ദിവസം ഒരു അതിഥിയെത്തി. ജാനമ്മ ഡേവിഡിന്റെ കൊച്ചുമകൾ ശാലിനിയായിരുന്നു അത്. ജാനമ്മയ്ക്കും ഭർത്താവ് ഡേവിഡ് ഡി. ജോർജിനും രണ്ടു മക്കളാണ്. രാജൻ ജോർജും മോഹൻ ജോർജും.  അതിൽ രാജൻ ജോർജിന്റെ മകളാണു ശാലിനി. ലണ്ടനിൽ സ്ഥിരതാമസമായ അവർ ടിസിഎസിൽ ക്ലയന്റ് മാനേജ്മെന്റ് വിഭാഗത്തിലാണു ജോലി ചെയ്യുന്നത്. തന്റെ മുത്തശ്ശിയുടെ പാട്ടു പാരമ്പര്യത്തെക്കുറിച്ച് എഴുതുന്ന പുസ്തകത്തിന്റെ വിവര ശേഖരണത്തിനായാണ് ശാലിനി, മണിയെ കണ്ടത്. ആദ്യകാല ഗായിക ശാന്ത പി.നായരുടെ ചെറുമകൾ അനുപമ,  ശാലിനിയുടെ സുഹൃത്താണ്. അങ്ങനെയാണ് തിരുവനന്തപുരത്ത് എത്തിയതും മണിയെ കണ്ടതും. നന്ദൻകോടിന്റെ സിനിമാ ബന്ധവും മണി വിശദീകരിച്ചു. അടുത്ത വർഷം മുത്തശ്ശിയുടെ 110–ാം പിറന്നാൾ ആഘോഷിക്കാായി വീണ്ടും തിരുവനന്തപുരത്ത് എത്തുമെന്ന് ശാലിനി ഉറപ്പുനൽകിയിട്ടുണ്ട്. പോകാൻ നേരം ശാലിനിക്ക് മണി ഒരു പുസ്തകം സമ്മാനിച്ചു: മലയാള സിനിമയുടെ പിതാവ് ജെ.സി.ഡാനിയേലിനെക്കുറിച്ചുള്ള ജീവചരിത്ര ഗ്രന്ഥം. അതിൽ ജാനമ്മ ഡേവിഡും ഒരു കഥാപാത്രമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com