ADVERTISEMENT

പാറശാല∙ കൈകൾ കുഴയുന്നു, പിടിവിട്ട് ഞാൻ ഇപ്പോൾ മുങ്ങും. ജീവനു വേണ്ടിയുള്ള അനന്തുവിന്റെ ശബ്ദം ജോജോയെ എത്തിച്ചത് 55 അടി താഴ്ചയുള്ള കിണറ്റിലേക്ക്. മോട്ടറിന്റെ പൈപ്പിൽ പിടിച്ച് മരണത്തെ മുഖാമുഖം കണ്ട് നിൽക്കുന്ന അനന്തുവിനെ തെ‍ാടികൾക്ക് മുകളിൽ കാൽ വിരിച്ച് പാദത്തിൽ കയറ്റി പത്ത് മിനിറ്റോളം ഇരുത്തി മുകളിൽ എത്തിക്കുമ്പോഴേക്കും സംഭവിക്കുന്നത് എന്തെന്ന് ജോജോക്കു പോലും വ്യക്തത ഇല്ലായിരുന്നു.

കഴിഞ്ഞ 24ന് വൈകിട്ട് 4.30ന് ആണ് സംഭവം. പത്താം ക്ലാസിൽ പരീക്ഷ കഴിഞ്ഞ് നിൽക്കുന്ന കുറുങ്കൂട്ടി കെഎസ്ആർടിസി ഡിപ്പോയ്ക്കു സമീപം ശാരദാ ഭവനിൽ അനന്തുവും സുഹൃത്ത് ആദിഷും ചെറിയ മഴയത്ത് ഫുട്ബോൾ കളിക്കവെ പന്ത് കാണാതായി. ബോൾ തിരഞ്ഞു പോയ അനന്തു സമീപത്ത് പണി നടക്കുന്ന വീടിന്റെ പാർശ്വഭിത്തി കെട്ടാൻ ടാർപ്പോളിൻ മൂടിയിരുന്ന കിണറ്റിലേക്കു വീണത് പെട്ടെന്ന് ആണ്. അനന്തുവിനെ കാത്ത് നിൽക്കുന്ന ആദീഷ് അൽപ സമയം കഴിഞ്ഞ് കിണറ്റിൽ നിന്നെ‍ാരു നിലവിളി കേട്ടു. പാഞ്ഞെത്തി നോക്കുമ്പോൾ കാണുന്നത് കിണറ്റിലെ പൈപ്പിൽ പിടിച്ച് രക്ഷയ്ക്കായി കേഴുന്ന അനന്തുവിനെ. സമയം പാഴാക്കാതെ സമീപത്തുള്ള ജോജോയുടെ വീട്ടിലേക്കു എത്തി വിവരം അറിയിച്ചു. നിമിഷങ്ങൾക്കകം ജോജോ കിണറിനു അരികിൽ എത്തിയെങ്കിലും ഇറങ്ങാൻ മാ‍ർഗം ഇല്ല.

തെ‍ാടികളിൽ ചവിട്ടി ഇറങ്ങാനും കിണറ്റിൽ സൗകര്യം കുറവ്. കയറിൽ പിടിച്ച് കിടക്കുന്ന അനന്തുവിന്റെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും കൈകൾ കുഴഞ്ഞു. ഇപ്പോൾ പിടി വിടും എന്ന കുഴഞ്ഞു തുടങ്ങിയ വാക്കുകൾ കേട്ടതോടെ മുൻപരിചയം ഇല്ലാതിരുന്നിട്ടും സ്വജീവൻ മറന്ന് ജോജോ ഇതേ കയറിൽ തൂങ്ങി താഴേക്ക് ഇറങ്ങി. അനന്തുവിനു സമീപം എത്തി കിണറിലെ ഉറകൾക്കു മുകളിൽ രണ്ട് വശങ്ങളിലായി ഉറപ്പിച്ച കാലിൽ അനന്തുവിനെ കയറ്റി ഇരുത്തിയതോടെ ആദ്യ ശ്രമം വിജയിച്ചു.

ഇതിനിടയിൽ ആദീഷ് നൽകിയ വിവരത്തെ തുടർന്ന് ഒ‍‍ാടി എത്തിയ ചിലർ നൽകിയ റബർ ട്യൂബിൽ അനന്തു പിടിക്കാൻ ശ്രമിച്ചത് ജോജോയുടെ നിൽപ്പിനെ ബാധിച്ചു. തുടർന്ന് ഇവർ നൽകിയ കയറിൽ ബന്ധിച്ച് അനന്തുവിനെ മുകളിൽ എത്തിച്ചതോടെ ആണ് 20 മിനിറ്റോളം നീണ്ട ആശങ്ക അവസാനിച്ചത്. ബിരുദ പരീക്ഷ കഴിഞ്ഞ് പിഎസ്‌സി പരീക്ഷാ പരിശീലനം നടത്തുകയാണ് അനന്തുവിന്റെ മുൻ ട്യൂഷൻ അധ്യാപകർ കൂടിയായ ജോജോ. അപകടത്തെ തുടർന്ന് കിണറിന്റെ പാർശ്വ ഭിത്തി അടുത്ത ദിവസം തന്നെ നിർമിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com