ADVERTISEMENT

തിരുവനന്തപുരം∙ ഇന്നലെ സന്ധ്യയിൽ സുജിത്തിന്റെ ചേതനയറ്റ ശരീരം മാനവീയം വീഥിയിൽ കൊണ്ടു വന്നപ്പോൾ കൂട്ടുകാർക്ക് ആ കാഴ്ച കണ്ടു നിൽക്കാനായില്ല. പലരും തേങ്ങി. പരസ്പരം ആശ്വസിപ്പിച്ചു. മാനവീയത്തിലെ ‘ഓളം’ ബാൻഡിലെ ശ്രദ്ധേയനായ ഗായകനായിരുന്നു ഇന്നലെ വിട പറഞ്ഞ കുടപ്പനക്കുന്ന് വടക്കേവിള പേരാപ്പൂരിൽ സുജിത്ത് ജി. നായർ (46). ‘ഒന്നാം മണിക്കിണറ്റില്’, ‘മലരേ മൗനമാ’, ‘സുന്ദരിയേ സുന്ദരിയേ..’തുടങ്ങിയ പാട്ടുകളിലൂടെ മാനവീയം വീഥിയെ സജീവമാക്കിയ ഗായകനായിരുന്നു സുജിത്ത്. കേരളത്തിലെ ഒട്ടേറെ വേദികളിലും അദ്ദേഹം പാടിയിട്ടുണ്ട്. മാനവീയത്തിലെ സുജിത്തിന്റെ പാട്ടുകളുടെ സ്ഥിരം ആസ്വാദകർക്ക് ഇന്നലെ ആ മരണവാർത്ത ഉൾക്കൊള്ളാനായില്ല. 

വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്ന സുജിത്തിനെ ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മാനവീയം വീഥിയിലെ പൊതുദർശനത്തിനുശേഷം രാത്രി 8 മണിയോടെ ശാന്തികവാടത്തിൽ സംസ്കാരം നടന്നു. പരേതനായ ബി.ഗോപാലകൃഷ്ണൻ നായരാണ് അച്ഛൻ. അമ്മ: എസ് .ലളിതകുമാരിയമ്മ.  

 നേരത്തെ കുവൈറ്റിൽ ലിഫ്റ്റ് ടെക്നീഷ്യനായി പ്രവർത്തിച്ചിരുന്നു. തുടർന്ന് നാട്ടിലെത്തി തിരുവനന്തപുരം എയർപോർട്ടിലെ സ്വകാര്യ കമ്പനിയിൽ മാനേജരായി പ്രവർത്തിക്കുകയായിരുന്നു. മാനവീയം വീഥിയിൽ മാനവീയം തെരുവിടത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പൊതുദർശനത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് കലാസ്‌നേഹികളാണ് സുജിത്തിനെ അവസാനമായൊന്നു കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനും എത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com