ADVERTISEMENT

ഇലകമൺ∙ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ജലക്ഷാമം അതിരൂക്ഷമായി തുടരുന്നതായി പരാതി. ഹരിഹരപുരം, തോണിപ്പാറ, ചാരുംകുഴി, കായൽപ്പുറം, കെടാകുളം, ഊന്നിൻമൂട് തുടങ്ങിയ പ്രദേശങ്ങളിലാണ് സ്ഥിതി രൂക്ഷമായത്. കായൽപ്പുറത്തും, ഹരിഹരപുരത്തും നിരന്തരം വെള്ളം ചുരത്തുന്ന നീരുറവകൾ നിലനിൽക്കേയാണ് പരിസരത്തെ നൂറുകണക്കിനു വീട്ടുകാർ ദാഹജലത്തിനായി അധികൃതരെയും വാർഡ് കൗൺസിലർമാരെയും നിരന്തരം പരാതി പറയാനായി വിളിക്കുന്നത്.

ജലക്ഷാമം നേരിടാൻ പഴയകാല വാട്ടർ സപ്ലൈ സ്കീം പദ്ധതിയായ കായൽപ്പുറത്ത് നിന്നുള്ള ഉറവ വെള്ളം വാഹനങ്ങളിലെ ടാങ്കറുകളിൽ നിറച്ചാണ് തൊട്ടടുത്ത വാർഡുകളിൽ വിതരണം ചെയ്യുന്നത്. കാലഘട്ടത്തിന്റെ ആവശ്യം അനുസരിച്ചു കായൽപ്പുറം വാട്ടർ സപ്ലൈ സ്കീം നവീകരണം നടത്തി വിതരണ–സംഭരണ ശേഷി വർധിപ്പിച്ചിരുന്നുവെങ്കിൽ നാലു വാർഡുകളിലേക്കും ഈ വേനലിൽ പൈപ്പ് ലൈൻ വഴി ആവശ്യാനുസരണം ജലവിതരണം ഉറപ്പാക്കാൻ കഴിയുമായിരുന്നുവെന്നു പഞ്ചായത്ത് പാർലമെന്ററി പാർട്ടി അധ്യക്ഷൻ വിനോജ് വിശാൽ പറയുന്നു.

2012ലാണ് കായൽപ്പുറം പദ്ധതിയിൽ 60 ലക്ഷത്തോളം ചെലവാക്കി ജലവിതരണ പദ്ധതി ആവിഷ്കരിച്ചു നവീകരണം നടത്തിയത്. ആകെ നാലു പമ്പ് സെറ്റുകൾ സ്ഥാപിച്ചെങ്കിലും നിലവിൽ ഒരെണ്ണം മാത്രം പ്രവർത്തിക്കുന്നുവെന്നാണ് അറിവ്. ഇതിനാൽ ഉറവജലം മുഴുവനും പമ്പ് ചെയ്തു ശേഖരിക്കാൻ കഴിയാതെ കായലിൽ ഒഴുകിപ്പോകുന്ന സ്ഥിതിയാണ്. അതുപോലെ നിലവിലെ ടാങ്ക് സംഭരണശേഷി വർധിപ്പിക്കാനായിട്ടില്ല. മാത്രമല്ല, വിതരണ ലൈനിലെ പൈപ്പുകളിൽ പഴയതിനു പകരം വലുപ്പമേറിയ ഡിഐ പൈപ്പ് സ്ഥാപിക്കണമെന്നു തീരുമാനവും നടപ്പായില്ല.

അടുത്തകാലത്ത് 1.9 കോടി ചെലവിൽ ആവിഷ്കരിച്ച ഹരിഹരപുരം ഭാഗത്തെ പള്ളിത്തൊടി ജലവിതരണ പദ്ധതിയിലും ആവശ്യത്തിനു ഉറവ വഴി ജലം എത്താത്തതും തിരിച്ചടിയായി. ഹരിഹരപുരം, തോണിപ്പാറ, ഊന്നിൻമൂട്, കെടാകുളം വാർഡുകളെ ലക്ഷ്യമാക്കിയാണ് പദ്ധതി ആവിഷ്കരിച്ചത്. മേൽപ്പറഞ്ഞ വാർഡുകളിൽ നിരവധി കോളനികൾ സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടങ്ങളിൽ കിണറുകൾ കുറവായതിനാൽ സ്ത്രീകൾ അടക്കം ദൂരസ്ഥലങ്ങളിൽ നിന്നു വെള്ളം ചുമന്നു എത്തിക്കേണ്ട സ്ഥിതിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com