ADVERTISEMENT

കാട്ടാക്കട∙ ബ്രിട്ടനിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഘത്തിലെ ഒരാൾ പിടിയിൽ. ദക്ഷിണ കന്നട പുത്തൂർ ഉപ്പിനങ്ങാടി ഡോർ നമ്പർ 1-119/A യിൽ നിധിൻ പി.ജോയ്(35)ആണ് പിടിയിലായത്. കള്ളിക്കാട് മരുതംമൂട് സജൻസിൽ നിഖിൽ സാജന് ബ്രിട്ടനിൽ ജോലി വാഗ്ദാനം ചെയ്താണു നിധിൻ പി.ജോയി ഉൾപ്പെടുന്ന സംഘം പണം വാങ്ങിയത്. 15 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. വിവിധ ഘട്ടങ്ങളിലായി 10.08 ലക്ഷം രൂപ ബാങ്ക് അക്കൗണ്ട് മുഖേന നൽകിയെന്നും പരാതിയിൽ പറയുന്നു.   ഇതിനു ശേഷം നിഖിലിന്റെ ജോലിക്കായി ഏജൻസി വ്യാജ സ്പോൺസർഷിപ് സർട്ടിഫിക്കറ്റാണ് ബ്രിട്ടിഷ് എംബസിയിൽ സമർപ്പിച്ചത്. സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതോടെ നിഖിലിന് 10 വർഷത്തേക്ക് യുകെയിൽ വിലക്കും ഏർപ്പെടുത്തി. 

തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ റൂറൽ പൊലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. കാട്ടാക്കട പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി വിദേശത്തെന്നു മനസ്സിലാക്കി. തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചു. 4 ദിവസം മുൻപ് വിദേശത്തു നിന്നും നിധിൻ ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങിയതിനെത്തുടർന്ന് അധികൃതർ പ്രതിയെ തടഞ്ഞുവച്ച് പൊലീസിനു കൈമാറുകയായിരുന്നു. കേരളത്തിനകത്തും പുറത്തും സമാന രീതിയിൽ ഒട്ടേറെ തട്ടിപ്പ് നടത്തിയതായാണ് പ്രാഥമിക വിവരമെന്നു പൊലീസ് പറഞ്ഞു. കോടിക്കണക്കിനു രൂപ തട്ടിയെടുത്തതായാണു വിവരം. സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിൽ പരാതികളും കേസും നിലവിലുണ്ട്. പിടിയിലായ നിധിനെ കൂടാതെ കൂടുതൽ പേർ തട്ടിപ്പ് സംഘത്തിലുള്ളതായാണു വിവരമെന്നു പൊലീസ് പറഞ്ഞു.  പ്രതിയെ കോടതിയിൽ ഹാജരാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com