ADVERTISEMENT

തിരുവനന്തപുരം∙ ഒരു മണിക്കൂറോളം തുടർച്ചയായി പെയ്ത വേനൽ മഴ നഗരത്തെ വെള്ളത്തിൽ മുക്കി. വർഷങ്ങളായി വെള്ളക്കെട്ട് ഒഴിഞ്ഞു നിന്ന തമ്പാനൂരും വെള്ളക്കെട്ട് ഒഴിവാക്കാൻ കോടികൾ മുടക്കി നവീകരിച്ച എസ്എസ് കോവിൽ റോഡും ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വെള്ളം പൊങ്ങി. കഴക്കൂട്ടം– കാരോട് ദേശീയ പാതയിൽ ഈഞ്ചക്കലിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും ശിഖരങ്ങൾ ഒടിഞ്ഞു വീണും നാശനഷ്ടങ്ങളുണ്ടായി. റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതവും മണിക്കൂറുകളോളം താറുമാറായി.

യെലോ അലർട്ട് പ്രഖ്യാപിച്ചിരുന്ന ജില്ലയിൽ ഇന്നലെ വൈകിട്ടോടെയാണ് മഴ ശക്തമായത്. നഗരത്തിൽ ഉച്ചയ്ക്ക് രണ്ടരയോടെ ആരംഭിച്ച ശക്തമായ മഴ വൈകിട്ട് വരെ തുടർന്നു. എസ്എസ് കോവിൽ  റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാനാണ് സ്മാർട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് ഉയർത്തിയത്. എന്നിട്ടും വെള്ളക്കെട്ടിന് ശാശ്വത പരിഹാരമായില്ല. റോഡിന്റെ വശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. പൊന്നറ പാർക്കിന് ചുറ്റുമുളള ഓടയുടെ വീതി കൂട്ടിയ ശേഷം ശക്തമായ മഴയിൽ പോലും വെള്ളം പൊങ്ങാതിരുന്ന തമ്പാനൂരും ഇന്നലെ വെള്ളത്തിൽ മുങ്ങി. കോർപറേഷന്റെ ബഹുനില പാർക്കിങ് കേന്ദ്രത്തിനു മുന്നിലുള്ള റോഡിൽ മുട്ടളവ് വെള്ളം കയറി.

കുടപ്പനക്കുന്ന് ദർശൻ നഗർ, കവടിയാർ കൊട്ടാരത്തിനു മുൻവശം, ശാസ്തമംഗലം, പാങ്ങോട് എന്നിവിടങ്ങളിലാണ് മരം വീണ് നാശനഷ്ടമുണ്ടായത്. പാതിവഴിയിലായ സ്മാർട് റോഡുകളുടെ നിർമാണ സ്ഥലങ്ങളിലും സമീപ പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. റോഡിന്റെ നിർമാണത്തിനായി മിക്കയിടത്തും ഓടകൾ പൊളിച്ചിട്ടിരിക്കുകയാണ്. ഇതുകാരണം മഴ വെള്ളം ഒഴുകിപ്പോകാൻ കഴിയാത്ത അവസ്ഥയുണ്ട്. 

മഴക്കാല പൂർവ ശുചീകരണം നീണ്ടു; അനന്തമായി നീളുന്ന റോഡുപണിയും
തിരുവനന്തപുരം ∙ ഒരു മാസം മുൻപെങ്കിലും ആരംഭിക്കേണ്ട മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ വൈകിയതും അനന്തമായി നീളുന്ന റോഡുകളുടെ നിർമാണവുമാണ് ഇന്നലെ നഗരത്തെ വെള്ളത്തിൽ മുക്കിയതെന്ന് ആരോപണം.  ഏപ്രിൽ പകുതിയോടെയാണ് മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. ഇക്കുറി ഉദ്യോഗസ്ഥരും ജന പ്രതിനിധികളും തിരഞ്ഞെടുപ്പ് തിരക്കിലായി.

വോട്ടെടുപ്പ് 26 ന് കഴിഞ്ഞെങ്കിലും നഗരത്തിൽ മഴക്കാല ശുചീകരണം പിന്നെയും രണ്ടാഴ്ച വൈകിയാണ് ആരംഭിച്ചത്. വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കാൻ ഓടയിലെ മണ്ണു കോരുന്ന പ്രവൃത്തിയാണ് പ്രധാനമായും നടത്തുന്നത്.   വേനൽ മഴ ശക്തമായ ശേഷമാണ് മണ്ണു നീക്കാൻ ആരംഭിച്ചത്. രാവിലെ നീക്കിയ മണ്ണ് വൈകിട്ടത്തെ മഴയിൽ തിരികെ ഓടയിലേക്ക് ഒലിച്ചിറങ്ങുന്ന അവസ്ഥയുണ്ട്. സ്മാർട് റോഡ് നിർമാണം അനന്തമായി നീളുന്ന പ്രധാന റോഡുകളിൽ ഓടയില്ലാത്ത അവസ്ഥയുമുണ്ട്. രണ്ടാഴ്ചയ്ക്കു ശേഷം എത്തുന്ന കാലവർഷത്തിൽ നഗരത്തിന്റെ അവസ്ഥയോർത്ത് ഭീതിയിലാണ് ജനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com