ADVERTISEMENT

തൃശൂർ ∙ വേദിയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന നാടകം കണ്ടുകൊണ്ടു തൽസമയം ഒരു ഗാനമെഴുതുക, ആ ഗാനം ഉടനടി ഈണത്തിലേറി നാടകത്തിന്റെ അവസാനം അരങ്ങിൽ അവതരിപ്പിക്കപ്പെടുക, ഗാനത്തിന്റെ ഉശിരിൽ നാടകം കയ്യടിവാങ്ങിക്കൂട്ടുക! ഇങ്ങനെയൊരപൂർവ അനുഭവം ജി.കെ.പള്ളത്തിനു മാത്രം സ്വന്തം. 1970ൽ നടൻ തിലകൻ സംവിധാനം ചെയ്തു പ്രധാന വേഷം അവതരിപ്പിക്കുന്ന തിരുമുറിവുകൾ എന്ന നാടകത്തിനിടെയാണ് കൗതുകമുണർത്തിയ ഈ സംഭവം. നാടകം കാണാൻ സദസ്സിലൊരാളായി എത്തിയ പള്ളത്തിനോട് നാടകം ഉഷാറാക്കാൻ ഉടനൊരു വിപ്ലവഗ‍ാനം എഴുതണമെന്നു തിലകൻ ആവശ്യപ്പെട്ടു. ഉടൻ ഒരു കടലാസ് വാങ്ങി എഴുതി: ‘പുതിയൊരു ശബ്ദമിതാ, പുതിയൊരു ശക്തിയിതാ, പുതിയൊരു ചേതന പുളകം ചാർത്തിയ പുതിയ മനുഷ്യനിതാ..’. അവസാന രംഗത്തിൽ ഗായക സംഘം തട്ടിലേറി പാട്ടുപാടി. നാടകം വിജയമായി. 

ആദ്യ സിനിമാ ഗാനമെഴുതാനിടയായതിനു പിന്നിലും അവിചാരിത സംഭവങ്ങളുടെ നീണ്ട നിരയുണ്ട്. ‘പാദസരം’ സിനിമയ്ക്കു വേണ്ടി പള്ളത്തിനെ സമീപിച്ചതു സംവിധായകനായ ടി.ജി.രവി ആണ്. ജി. ദേവരാജൻ ആണു സംഗീതമെന്നും പാട്ടുകൾ എഴുതിത്തരണമെന്നും പറഞ്ഞപ്പോൾ പള്ളത്ത് അത്ര ഗൗരവത്തിലെടുത്തില്ല. എന്നാൽ, വരികൾ നൽകേണ്ട ദിവസമെത്തിയിട്ടും കാണാതെ വന്നപ്പോൾ പള്ളത്തിനെ തേടി രവിയും സംഘവും വീട്ടിലെത്തി. മുത്തശ്ശി മരിച്ച ദിവസമായിട്ടും ഒട്ടും പകയ്ക്കാതെ പള്ളത്തൊരു കടലാസ് വാങ്ങി എഴുതി, ‘കാറ്റ് വന്നു, നിന്റെ കാമുകൻ വന്നു, കുന്നിൻ ചെരുവിലോടക്കുഴലിലോണപ്പാട്ടുപാടും കാറ്റുവന്നു..’  പാട്ട് സൂപ്പർഹിറ്റായി. ദേവരാജനുമായ‍ുള്ള ആത്മബന്ധം പിറന്നതും അങ്ങനെ. എം.കെ.അർജുനൻ, വിദ്യാധരൻ, കൊടകര മാധവൻ, കുമരകം രാജപ്പൻ, ദാസ് കോട്ടപ്പുറം, ജോക്കിൻ, കണ്ടരു തുടങ്ങ‍ി അക്കാലത്തെ ഹിറ്റ്  സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിച്ചു. യാഗഭൂമി, പ്രവാഹം , വിഷ സർപ്പങ്ങൾ, അഗ്നി , തിരുമുറിവുകൾ തുടങ്ങിയ നാടകങ്ങളിലെ ഗാനങ്ങൾ ഹിറ്റായി. 

ഒടുവിലെഴുതി, ‘സ്വയംഭൂനാഥൻ’
 ∙ മക്കൾക്കൊപ്പം യുകെയിലും യുഎസിലുമായി ദീർഘകാല ജീവിതം നയിച്ചതിനു ശേഷം 2 വർഷം മുൻപു തൃശൂരിൽ മടങ്ങിയെത്തിയ ജി.കെ.പള്ളത്ത് ഒടുവിൽ രചിച്ചത് ‘സ്വയംഭൂനാഥൻ’ എന്ന ഭക്തിഗാനം. കോട്ടപ്പുറം ക്ഷേത്രപരിസരത്തു കളിച്ചു വളർന്ന ഓർമയിൽ ക്ഷേത്രം നവീകരണ സമയത്തായിരുന്നു ഗാനരചന. പള്ളത്തിന്റെ സഹോദരീപുത്രി അമൃത ശേഖർ ഈണംനൽകി ഗാനം ആലപിച്ചു. ‘സ്വയംഭൂനാഥാ ശ്രീശങ്കരാ, പൊൻ ചന്ദ്രക്കലാധരാ ഗംഗാധരാ..’ എന്നു തുടങ്ങുന്ന ഗാനം ഗോപുരസമർപ്പണ സമയത്തു റിലീസ് ചെയ്തു. ജി.കെ. പള്ളത്തിന്റെ ഗാനങ്ങൾ ഉൾപ്പെട്ട ‘ഗാനാർച്ചന’ എന്ന പുസ്തകം കഴിഞ്ഞ മാസം റീജനൽ തിയറ്ററിൽ പ്രകാശനം ചെയ്തിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com