ADVERTISEMENT

തിരുവില്വാമല ∙ നിളയുടെ പാമ്പാടി-ലക്കിടി തടയണയിലെ മണൽ നീക്കം ചെയ്തു ജല സംഭരണ ശേഷി കൂട്ടണമെന്ന് ആവശ്യമുയരുന്നു. മൂന്നു പതിറ്റാണ്ടു മുൻപ് നിർമിച്ച തടയണയിൽ വന്നടിഞ്ഞ മണൽ മൂലം തടയണയിൽ വേണ്ടത്ര സംഭരിക്കാനാവുന്നില്ലെന്നു പരാതി ഇരു കരകളിലുമുള്ളവർക്കുമുണ്ട്. കഴിഞ്ഞ വേനൽക്കാലത്ത് തടയണ വറ്റിയിരുന്നില്ല. ഇത്തവണ തടയണ വറ്റിയതിനാൽ മണൽ നീക്കി സംഭരണ ശേഷി കൂട്ടൽ സാധ്യമാകും. ഇതു സംബന്ധിച്ചു പാലക്കാട് ലക്കിടി ജലനിധി സമിതി പാലക്കാട് കലക്ടർക്കു നിവേദനം നൽകുകയും തിരുവില്വാമല പഞ്ചായത്ത് അധികൃതർ കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു. 

ജല അതോറിറ്റി ഉദ്യോഗസ്ഥരെ പരിശോധനയ്ക്ക് അയയ്ക്കാമെന്നു കലക്ടർ പറഞ്ഞെങ്കിലും തുടർ നടപടികളൊന്നുമുണ്ടായിട്ടില്ല. വർഷങ്ങളായി വന്നടിഞ്ഞ മണൽ തടയണയുടെ സംഭരണ ശേഷിയെ സാരമായി ബാധിച്ചിട്ടുണ്ട്. 3 അടിയോളം ഉയരത്തിൽ മാത്രമാണ് ഇപ്പോൾ തടയണയിൽ വെള്ളം സംഭരിക്കാനാകുന്നത്. ഇവിടത്തെ മണൽ നീക്കിയാൽ ഇത് 5 അടിയിലേറെയാക്കി ഉയർത്താനാകും. നിലവിലുള്ള നിയമങ്ങൾ അനുസരിച്ചു മണൽ കടത്തുമ്പോഴേക്കും മഴക്കാലമാകുകയും വീണ്ടും തടയണ നിറയുകയും ചെയ്യുമെന്നാണു നാട്ടുകാർ പറയുന്നത്. വരും വർഷങ്ങളിലെ വരൾച്ച തടയാൻ ഉദ്യോഗസ്ഥരുടെ അടിയന്തിര ഇടപെടൽ വേണമെന്നാണ് ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com