ADVERTISEMENT

ചാലക്കുടി ∙ ദേശീയപാതയോരത്ത് നഗരസഭാ ക്രിമറ്റോറിയത്തിനു തൊട്ടുപിന്നിലുള്ള നഗരസഭയുടെ പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രം (റിസോഴ്സ് റിക്കവറി ഫെസിലിറ്റി സെന്റർ - ആർആർഎഫ്)  കത്തിനശിച്ചു 4 വർഷം പിന്നിട്ടിട്ടും വീണ്ടും പ്രവർത്തനസജ്ജമായില്ല. കേന്ദ്രത്തിലേക്കുള്ള ഉപകരണങ്ങൾ പൂർണമായി ഇവിടെ എത്തിക്കാനായിട്ടില്ല. കത്തിനശിച്ച കെട്ടിടം പുനർനിർമിച്ചെങ്കിലും വൈദ്യുത കണക്‌ഷൻ പോലും ഇതുവരെ ലഭ്യമാക്കിയിട്ടില്ല. ഉപകരണങ്ങൾ പൂർണമായി സ്ഥാപിച്ച് കണക്റ്റഡ് ലോഡ് എത്രയെന്നു നിജപ്പെടുത്തിയ ശേഷം മാത്രമേ വൈദ്യുത കണക്‌ഷൻ ലഭിക്കുന്നതിനു അനുമതിക്കായി അപേക്ഷ സമർപ്പിക്കുകയുള്ളൂവെന്നു അധികൃതർ അറിയിച്ചു. അഗ്നിരക്ഷാ വിഭാഗത്തിന്റെ അനുമതിയും ലഭ്യമാക്കാനായിട്ടില്ല.

നഗരസഭയുടെ 36 വാർഡുകളിൽനിന്നു ഹരിത കർമസേന അംഗങ്ങൾ ശേഖരിക്കുന്ന മാലിന്യം വിവിധ കേന്ദ്രങ്ങളിൽ തരംതിരിച്ചശേഷം ഇവിടെ എത്തിച്ചു പൊടിക്കുന്നതിനാണു സ്ഥാപനം ആരംഭിച്ചത്. പൊടിച്ച പ്ലാസ്റ്റിക് ഏറ്റെടുക്കാൻ ആളുള്ളതിനാൽ വരുമാന മാർഗവും ആകും. തീപിടിത്തത്തിൽ യന്ത്രസാമഗ്രികൾ ഉൾപ്പെടെ കത്തിപ്പോയിരുന്നു. 3 പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് ഹരിത ട്രിബ്യൂണൽ നഗരസഭയ്ക്ക് 3 കോടി രൂപ പിഴയടയ്ക്കാൻ ഉത്തരവിട്ടെങ്കിലും പിന്നീട് ഒഴിവാക്കി. ഉത്തരവു പിൻവലിക്കുമ്പോൾ ഹരിത ട്രിബ്യൂണൽ നിർദേശിച്ച കാര്യങ്ങൾ ഇതുവരെ പൂർണമായി നടപ്പാക്കാനായില്ല. 

ഹരിത ട്രിബ്യൂണലിന്റെ നിർദേശപ്രകാരം ടൗണിലും പോട്ട, പടിഞ്ഞാറെ ചാലക്കുടി എന്നിവിടങ്ങളിലുമായി മെറ്റീരിയൽ കലക്‌ഷൻ ഫെസിലിറ്റേറ്റ് (എംസിഎഫ്) കേന്ദ്രങ്ങൾ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നു. ഇതിനായി 80 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. എന്നാൽ ഇതിൽ ടൗണിൽ ഇൻഡോർ സ്റ്റേഡിയത്തിനു പിന്നിലുള്ള കേന്ദ്രം മാത്രമാണു പ്രവർത്തനസജ്ജമാക്കിയത്. ഇവിടെ കഴിഞ്ഞയാഴ്ചയുണ്ടായ തീപിടിത്തത്തിൽ ഷെഡിന്റെ ഭാഗം ഉൾപ്പെടെ കത്തിനശിച്ചു. ഇവിടെ കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു റോഡിലേക്കു നീക്കുകയും ചെയ്തു. ഈ മാലിന്യം പിന്നീട് ഇവിടെനിന്നു കയറ്റിവിട്ടതായി നഗരസഭ അറിയിച്ചു. 

തീപിടിത്തത്തെത്തുടർന്ന് ഈ കേന്ദ്രം പ്രവർത്തനരഹിതമായതോടെ അവിടെ നടത്തിയിരുന്ന പ്ലാസ്റ്റിക് മാലിന്യം തരംതിരിക്കൽ ഇപ്പോൾ ആർആർഎഫ് കേന്ദ്രത്തിലാണ് നടത്തുന്നത്. കഴിഞ്ഞയാഴ്ച നടത്തിയ നഗരസഭാ കൗൺസിലിൽ പ്രതിപക്ഷം നഗരസഭയുടെ മാലിന്യ സംസ്കരണ സംവിധാനത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടുകയും അടിയന്തര പരിഹാരം വേണമെന്നു നിർദേശിക്കുകയും ചെയ്തിരുന്നെങ്കിലും നടപടികളിലെ മെല്ലെപ്പോക്ക് തുടരുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com