ADVERTISEMENT

ചിറങ്ങര ∙റെയിൽവേ മേൽപാലത്തിന്റെ അഡ്ജസന്റ് സ്പാൻ നിർമാണത്തിനായി സ്ഥാപിക്കുന്ന ഗർഡറുകളുടെ ഭാഗങ്ങൾ എത്തിത്തുടങ്ങി. ട്രാക്കിനു മുകളിലുള്ള ഭാഗത്തിന് ഇരുവശത്തുമായി അപ്രോച്ച് റോഡുമായി ബന്ധിപ്പിക്കുന്നതിനായി രണ്ട് അഡ്ജസന്റ് സ്പാനുകളാണു മേൽപാലത്തിൽ നിർമിക്കുക. ഇതിൽ ഒരു വശത്തെ സ്പാനുകൾ സ്ഥാപിക്കാനുള്ള ഗർഡറുകൾക്കുള്ള സാമഗ്രികളാണ് എത്തിയത്. ഇവ കൂട്ടി യോജിപ്പിക്കുന്ന ജോലികൾ വരും ദിവസങ്ങളിൽ ആരംഭിക്കും. തമിഴ്നാട്ടിൽ നിന്നാണു ഗർഡറുകളുടെ ഭാഗങ്ങൾ എത്തുന്നത്. അസംബ്ലിങ്ങിനുള്ള യന്ത്രസാമഗ്രികൾ തയാറാക്കുന്ന ജോലികൾ ആരംഭിച്ചു. കൂടുതൽ ഗർഡറുകൾ സജ്ജമാക്കുന്നതിനുള്ള സാമഗ്രികൾ വൈകാതെ തമിഴ്നാട്ടിലെ ഫാബ്രിക്കേഷൻ യാർഡിൽ‍ നിന്ന് എത്തിക്കും. അവയും ഇവിടെ എത്തിച്ച ശേഷമാണു കൂട്ടി യോജിപ്പിക്കുക.

ഉരുക്കു ഗർഡറുകൾ സജ്ജമാകുന്നതിന് 2 മാസം വേണ്ടി വന്നേക്കും. ജൂലൈ മാസം അവസാനത്തോടെ ഇവ തൂണുകൾക്കു മുകളിൽ ഉറപ്പിക്കാനാകും. അതിനായി കൂറ്റൻ ക്രെയിനുകൾ അടക്കമുള്ള സംവിധാനങ്ങൾ വേണ്ടി വരും. താഴെയിട്ട് യോജിപ്പിച്ച ഗർഡറുകൾ മുകളിലേക്ക് ഉയർത്തി ഘടിപ്പിക്കണം. അതിനു ശേഷമാണ് മുകളിൽ കോൺക്രീറ്റ് സ്പാൻ ഒരുക്കുക. ട്രാക്കിനു മുകളിലുള്ള പ്രധാന സ്പാനിന്റെ കോൺക്രീറ്റിങ് ജോലികളും വൈകാതെ ആരംഭിക്കുമെന്നാണു സൂചന. അപ്രോച്ച് റോ‍‍ഡ് ദേശീയപാതയിൽ സന്ധിക്കുന്ന ഭാഗത്തെ ജംക്‌ഷൻ ഇംപ്രൂവ്മെന്റ് ജോലികളും നടത്തണം.

മേൽപാലം ജനുവരിയിൽ പുതുവത്സര സമ്മാനമായി നാടിനു സമർപ്പിക്കുമെന്നു മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചിരുന്നെങ്കിലും ജോലികൾ പൂർത്തിയായില്ല. ഓണത്തിനു മുൻപു മേൽപാലം പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ. മേൽപാലം നിർമാണത്തിനായി റെയിൽവേ ഗേറ്റ് വർഷങ്ങളായി അടച്ചിട്ടിരിക്കുകയാണ്. നിർമാണത്തിനായി ഫണ്ട് അനുവദിക്കുന്നതിലെ തടസ്സങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി മുഹമ്മദ് റിയാസിനും കിഫ്ബി കേന്ദ്ര ഓഫിസിലും തിരുവനന്തപുരം ഓഫിസിലും കലക്ടർക്കും നിവേദനങ്ങൾ നൽകുമെന്നു ചിറങ്ങര ജനകീയ വികസന സമിതി അറിയിച്ചു.
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com