ADVERTISEMENT

പത്തു ദിവസം കൊണ്ട് 10 തരം സുന്ദരൻ പൊറോട്ട ഉണ്ടാക്കാൻ പഠിച്ച് സർട്ടിഫിക്കറ്റ് നേടിയാലോ?  മധുര കലൈനഗർ താബോർ തന്തിയിലാണു ‘സെൽഫി പൊറോട്ട കോച്ചിങ് സെന്റർ’ പ്രവർത്തിക്കുന്നത്. നാടൻ, വീശ്, നൂൽ, ബൺ, കോയിൻ, ആലൂ, ഇല, കൊത്ത്, മലബാർ, സിലോൺ വെറൈറ്റികളിലുള്ള പൊറോട്ട ഉണ്ടാക്കാനുള്ള പരിശീലനം കിട്ടും. 4000 രൂപ ഫീസ്. വിദേശ നക്ഷത്ര ഹോട്ടലുകളിൽ ഷെഫായിരുന്ന എ.മുഹമ്മദ് കാസിമാണു പൊറോട്ട ഗുരു. ഹോട്ടലുകളിൽ പൊറോട്ട ഉണ്ടാക്കുന്നവരെ കിട്ടാനില്ലെന്നു തിരിച്ചറിഞ്ഞ് ജോലി രാജിവച്ച് സ്കൂൾ തുടങ്ങുകയായിരുന്നു. മാസം 200 പേർ പരിശീലനം നേടുന്നു.  

ഈ പൊറോട്ടയടി കേന്ദ്രത്തെക്കുറിച്ച് വിശദമാക്കുന്ന വിഡിയോകളും അനവധിയുണ്ട്. അതിൽ ഒരു വിഡിയോയിൽ കാസിം തന്റെ സ്ഥാപനത്തെക്കുറിച്ചും അവിടെ പഠിക്കാനെത്തുന്നവരെക്കുറിച്ചും വിശദീകരിക്കുന്നതിങ്ങനെ :- 

Image Credit: Istock | SUSANSAM
Image Credit: Istock | SUSANSAM

ഭാര്യയ്ക്ക് സർപ്രൈസ് നൽകാൻ പൊറോട്ടയടി പഠിക്കാൻ എത്തിയവർ മുതൽ സ്വന്തമായി ഭക്ഷണശാല തുടങ്ങണം എന്ന് ആഗ്രഹിക്കുന്നവർ വരെയെത്തുന്നയിടമാണ് മധുരയിലെ പൊറോട്ട മേക്കിങ് കോച്ചിങ് സെന്റർ. ആരോടും പറയാതെ പരിശീലനത്തിനു ചേരുന്നവരും പാചകത്തെ പ്രാണനെപ്പോലെ സ്നേഹിക്കുന്നവരുമൊക്കെ പല സമയത്തായി ഇവിടെ പരിശീലനത്തിനെത്താറുണ്ട്.

Representative image: SUSANSAM, Larisa Stefanuyk/iStock
Representative image: SUSANSAM, Larisa Stefanuyk/iStock

മധുരൈ കലൈനഗറിലാണ് ഇന്ത്യയിലെ ഏക പൊറോട്ട മേക്കിങ് പരിശീല സ്ഥാപനമുള്ളത്. നല്ല പൊറോട്ടയുണ്ടാക്കാൻ പഠിക്കാനായി അധികം പഠിപ്പൊന്നും വേണ്ടന്നും ജീവിതത്തിൽ ജയിക്കണമെന്ന് ആഗ്രഹമുള്ള എല്ലാവർക്കും ഇവിടെ പരിശീലനം നൽകുന്നുണ്ടെന്നുമാണ് കോച്ചിങ് സെന്റർ നടത്തുന്ന മുഹമ്മദ് കാസിം പറയുന്നത്. ഈ സ്ഥാപനത്തിൽ പ്രവേശനം നേടുന്നവർ പത്തു ദിവസം കൊണ്ട് വൃത്തിയായി പൊറോട്ടയടിക്കാൻ പഠിക്കുമെന്നാണ് കാസിം നൽകുന്ന ഉറപ്പ്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകൾ പൊറോട്ടയടി പഠിക്കാനെത്തുന്നതിനാൽ, ബൺ പൊറോട്ട, വീറ്റ് പൊറോട്ട, കൊത്ത് പൊറോട്ട, മലബാർ പൊറോട്ട തുടങ്ങി പൊറോട്ടയുടെ പല വകഭേദങ്ങളും തയാറാക്കാൻ ഇവിടെ പരിശീലനം നൽകുന്നുണ്ട്. അതിനു പുറമേ തട്ടുദോശ, ഗ്രേവി, ചൈനീസ് വിഭവങ്ങൾ ഇവയുണ്ടാക്കാനും പരിശീലനം നൽകുന്നുണ്ട്. 

പരിശീലനത്തിന്റെ ആദ്യഘട്ടത്തിൽ ടവൽ കൊണ്ട് വീശിയടിക്കാനാണ് പഠിപ്പിക്കുക. പൊറോട്ട മാവ് വീശിയടിക്കുന്നതുപോലെ ടവൽ കൊണ്ട് വീശിയടിക്കണം. അതു വൃത്തിയായി ചെയ്യാൻ പഠിച്ച ശേഷം മാവു കുഴക്കാനും പൊറോട്ടയടിക്കാനും പരത്താനും പഠിപ്പിക്കും. രാവിലെയും വൈകുന്നേരവും രണ്ടു മണിക്കൂർ വീതമാണ് പൊറോട്ടയുണ്ടാക്കാൻ പഠിപ്പിക്കുന്നത്. വിവിധയിടങ്ങളിൽ പരിശീലനത്തിനെത്തുന്നവർക്ക് താമസിക്കാനായി സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ഹോസ്റ്റൽ സൗകര്യവുമുണ്ട്.

ഏതൊരു തൊഴിലിനും മാന്യതയുണ്ട്. എല്ലാവരും എന്നും തൊഴിലാളിമാരായി മാത്രം ജീവിച്ചാൽപ്പോര  മുതലാളിമാരും ഉണ്ടാവണമെന്നാണ് തന്റെ ലക്ഷ്യമെന്നും സ്വന്തമായി ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കൈത്താങ്ങാകാനാണ് ഇത്തരമൊരു പരിശീലന കേന്ദ്രം ആരംഭിച്ചതെന്നും കാസിം പറയുന്നു. ഒരു ബേക്കറി തുടങ്ങണമെങ്കിൽ മിനിമം അഞ്ചു ലക്ഷം രൂപയെങ്കിലും വേണം. എന്നാൽ 50000 രൂപയുണ്ടെങ്കിൽ ഒരു തട്ടുകട തുടങ്ങാം, 20000 രൂപയുണ്ടെങ്കിൽ ഒരു വണ്ടിക്കടയും 10000 രൂപയുണ്ടെങ്കിൽ വീടിനോട് ചേർന്ന് ഒരു പലഹാരക്കടയും തുടങ്ങാമെന്നും കാസിം പറയുന്നു.

തൊഴിലറിയാതെ തട്ടുകട തുടങ്ങിയാൽ തൊഴിലാളികൾ ഇടയ്ക്ക് ജോലിയവസാനിപ്പിച്ചിട്ടു പോകുമ്പോൾ അത് മുതലാളിമാർക്ക് ഭയങ്കര ക്ഷീണമാണെന്നും തൊഴിൽ പഠിച്ച ശേഷം ഭക്ഷണശാല തുടങ്ങിയാൽ അത്തരം പ്രതിസന്ധികളെ അതിജീവിക്കാനാകുമെന്നും കാസിം പറയുന്നു. മാസം 60000 രൂപ വരെ വരുമാനം ലഭിക്കുന്ന തൊഴിലാണെന്നും ദിവസം 600 രൂപ മുതൽ 2000 വരെ പൊറോട്ടയടിയിലൂടെ സമ്പാദിക്കുന്നവരുണ്ടന്നുമാണ് കാസിമിന്റെ വാദം. രാവിലെയോ വൈകിട്ടോ മണിക്കൂറുകൾ ചിലവിട്ടാൽ ഇത്രയും പണം സമ്പാദിക്കാമെന്നതാണ് ഈ ജോലിയുടെ ഹൈലൈറ്റെന്നും കാസിം പറയുന്നു. പാചകത്തോടുള്ള ഇഷ്ടം കൊണ്ട് ഡോക്ടർമാർ, എൻജിനീയർമാർ അങ്ങനെ പ്രൊഫഷണൽ ജോലി ചെയ്യുന്നവരും തന്റെ പരിശീലന കേന്ദ്രത്തിലെത്താറുണ്ടെന്നും മറ്റേതൊരു കഴിവും പോലെ മികച്ചതാണ് പൊറോട്ടയുണ്ടാക്കാനുള്ള കഴിവെന്നും കാസിം കൂട്ടിച്ചേർത്തു.

English Summary:

Madurai Selfie Parotta Coaching Centre

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com