ADVERTISEMENT

കഴിഞ്ഞ വർഷമാണ് 1980ലെ വനനിയമം ഭേദഗതി വരുത്തിയത്. 2023 ജൂലൈ 26ന് പാർലമെന്റ് പാസ്സാക്കിയ ബില്ലിന് ഓഗസ്റ്റ് 4ന് തന്നെ രാഷ്ട്രപതി അംഗീകാരം നൽകി നിയമമാക്കി മാറ്റുകയായിരുന്നു. ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ച് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഇപ്പോഴും വാദം നടക്കുകയാണ്.

വനമല്ലാത്ത വനമേഖലകൾ ഇല്ലാതാകുമോ?

1980 ലെ വനനിയമത്തെയും 1996 ലെ ഗോദവർമ്മ തിരുമുൽപ്പാട് കേസിലെ സുപ്രീംകോടതി ഉത്തരവിന്റെയും അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ വനസംരക്ഷണം ഇതുവരെ തുടർന്നുപോന്നത്. 1980 ലെ നിയമത്തിലും ഗോദവർമ്മ കേസിലും പ്രധാനമായും പ്രതിപാദിക്കുന്ന വനമേഖലയായി തിരിക്കാത്ത, എന്നാൽ വനമായി കണക്കാക്കുന്ന പ്രദേശങ്ങളുടെ സംരക്ഷണമാണ് പുതിയ നിയമത്തിലൂടെ ഇല്ലാതായിരിക്കുന്നത്. നിലവിലെ രൂപത്തിലുള്ള വനസംരക്ഷണഭേദഗതി നിയമത്തിൽ വനമായി വിജ്ഞാപനം ചെയ്യാത്ത അൺ ക്ലാസിഫൈഡ് എന്നും ഡീംഡ് ഫോറസ്റ്റ് എന്നും വിളിക്കുന്ന മേഖലകൾക്ക് സംരക്ഷണമില്ലാതായി. 

കൊടും വേനലിൽ കരിഞ്ഞുണങ്ങിയ ബന്ദിപ്പൂർ വനമേഖല
കൊടും വേനലിൽ കരിഞ്ഞുണങ്ങിയ ബന്ദിപ്പൂർ വനമേഖല

വനമായി വിജ്ഞാപനം ചെയ്തിട്ടില്ലെങ്കിലും, വനത്തോട് ചേർന്ന് കിടക്കുന്ന, ഉൾവനങ്ങളുടെ സംരക്ഷിത കവചമായി തുടരുന്നവയാണ് ഈ കാടുകൾ. വനത്തിന്റെ എല്ലാ സ്വഭാവത്തോടും കൂടിയ ജൈവവൈവിധ്യവും, വന്യമൃഗങ്ങളുടെ സ്വൈര്യവിഹാരവും, അപൂർവയിനം വൃക്ഷസസ്യലതാദികളും ഈ വനമേഖലയിലുണ്ട്. 1996 ലെ ഗോദവർമ്മ കേസിൽ വിധി പറയുന്നതിനിടെ എല്ലാ സംസ്ഥാനങ്ങളുടെ സംസ്ഥാനതല പരിസ്ഥിതി കമ്മിറ്റി രൂപീകരിക്കണമെന്നും വർഷംതോറും അതാത് സംസ്ഥാനങ്ങളുടെ അസംരക്ഷിത വനമേഖലയുടെ വിസ്തൃതി കേന്ദ്രസർക്കാരിന് സമർപ്പിക്കണമെന്നും നിർദേശിച്ചിരുന്നു.

കാണാതെ പോയ വനമേഖലകൾ

അടുത്തിടെ നൽകിയ വിവരാവകാശ ഹർജിയിൽ ഒരു സംസ്ഥാനത്ത് നിന്നു പോലും ലഭിച്ച അസംരക്ഷിത വനമേഖലയുടെ കണക്കുകൾ ലഭ്യമല്ലെന്നാണ് കേന്ദ്ര വനം വന്യജീവി വകുപ്പ് മറുപടി നൽകിയത്. ഇപ്പോഴുണ്ടായ കോടതി നടപടിയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി അസംരക്ഷിത മേഖലയുടെ വിസ്തൃതിയെ പറ്റി ചോദ്യം ഉന്നയിച്ചപ്പോഴും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഒരു സംസ്ഥാനം പോലും കോടതി ചോദിക്കും വരെ അസംരക്ഷിത വനമേഖലയുടെ വിസ്തൃതി സംബന്ധിച്ച കണക്കുകൾ സമർപ്പിച്ചിട്ടില്ലെന്നതാണ് സത്യം. പല സംസ്ഥാനങ്ങളും ഇതുവരെ സംസ്ഥാനതലത്തിൽ പാരിസ്ഥിതിക കമ്മിറ്റി രൂപീകരിക്കുക പോലും ചെയ്തിട്ടില്ല. 

സംസ്ഥാന പാരിസ്ഥിതിക കമ്മിറ്റികൾ നൽകിയ അസംരക്ഷിത വനമേഖലയുടെ കണക്കുകൾ ലഭ്യമല്ലെന്ന് കേന്ദ്ര വനം വന്യജീവി വകുപ്പ് തന്നെ വ്യക്തമാക്കിയതോടെയാണ് പുതിയ നിയമത്തിലൂടെ സാധ്യമാകുന്ന ഇന്ത്യയുടെ വനമേഖലയ്ക്ക് സംഭവിക്കാവുന്ന നാശത്തിന്റ വ്യാപ്തി എത്ര വലുതാണെന്ന് ബോധ്യപ്പെട്ടത്. ഈ നിയമം ബില്ലായിരിക്കുന്ന ഘട്ടത്തിൽ തന്നെ പുതിയ ഭേദഗതി അസംരക്ഷിത വനമേഖല തന്നെ ഇല്ലാതാകാൻ കാരണമാകുന്നു. വ്യാപകമായി കയ്യേറ്റം ചെയ്യപ്പെടുമെന്നും, പ്ലാന്റേഷനുകളായ മാറുമെന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതോടെ ഒട്ടനവധി വന്യജീവികളുടെ വാസസ്ഥലം ഇല്ലാതാകുമെന്നും, ഇത് വന്യജീവികളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്നും പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടി.

വയനാട് വനമേഖലയിൽ നിന്നൊരു കാഴ്ച. (Photo by PTI)
(Photo by PTI)

1980 ലെ വനം വന്യജീവി സംരക്ഷണ നിയമത്തിൽ ഇത്തരം ഉൾവനങ്ങളായി കണക്കാക്കാത്ത കാടുകളുടെ ഉപയോഗത്തിൽ കൃത്യമായ നിയന്ത്രണങ്ങൾ നിർദ്ദേശിച്ചിരുന്നു. പല കമ്മിറ്റികളുടെ അംഗീകാരങ്ങളിലൂടെ കടന്ന് പോയാൽ മാത്രമേ ഇത്തരം പ്രദേശങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ വരുത്താൻ സാധ്യമായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ സംരക്ഷിത വനമേഖലയുടെ പുറത്താണെങ്കിലും അൺക്ലാസിഫൈഡ് വനങ്ങളുടെയും സംരക്ഷണം ഇതിലൂടെ 1980 ലെ നിയമം ഉറപ്പ് വരുത്തിയിരുന്നു. എന്നാൽ ഇവയെല്ലാം പാടെ ഒഴിവാക്കി, അസംരക്ഷിത വനമേഖലയെ പൂർണ്ണമായി മറ്റാവശ്യങ്ങൾ ഉപയോഗിക്കാൻ പാകത്തിന് തുറന്നിട്ടുകൊണ്ടാണ് പുതിയ ഭേദഗതി നിയമം വന്നിരിക്കുന്നത്. 

ബിൽ പൊതുജനാഭിപ്രായത്തിനായി പ്രസിദ്ധീകരിച്ച സമയത്തു തന്നെ ഈ ആശങ്കകൾ ഉയർന്നുവന്നിരുന്നു. അന്ന് പക്ഷെ ഈ ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും, സംരക്ഷിത വനങ്ങൾ മാത്രമല്ല, വനമായി തരം തിരിക്കാത്ത അസംരക്ഷിത വനമേഖലകളും കൂടി ഈ നിയമത്തിന്റെ പരിധിയിൽ വരുമെന്നുമാണ് കേന്ദ്ര വനം വന്യജീവി മന്ത്രാലയം പ്രതികരിച്ചത്. പക്ഷെ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് നൽകിയ ഉത്തരത്തിൽ ഒരു സംസ്ഥാനം പോലും അസംരക്ഷിത വനമേഖലയെക്കുറിച്ചുള്ള കണക്കുകൾ സമർപ്പിച്ചിട്ടില്ലെന്നും കേന്ദ്രസർക്കാർ പറയുന്നു. ഈ സാഹചര്യത്തിൽ എത്രയുണ്ടെന്നും പോലും കണക്കില്ലാത്ത അസംരക്ഷിത വനമേഖലയുടെ സംരക്ഷണം എങ്ങനെ ഉറപ്പാക്കുമെന്നാണ് കേന്ദ്രസർക്കാർ പറഞ്ഞതെന്നാണ് പരിസ്ഥിതി പ്രവർത്തകരും പൊതുജനവും ചോദിക്കുന്നത്.

കണക്ക് നൽകാനില്ലാതെ സംസ്ഥാനങ്ങൾ

നിലവിലെ സുപ്രീംകോടതി ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തിൽ പല സംസ്ഥാനങ്ങളും ഇപ്പോൾ കണക്കുകൾ സമർപ്പിച്ചിട്ടുണ്ട്. ഇതിൽ കേരളവും ഉൾപ്പെടുന്നു. എന്നാൽ കേരളം സമർപ്പിച്ച റിപ്പോർട്ടിൽ പള്ളിവാസൽ മേഖലയിലെ അൺറിസേർവ്ഡ് വനമേഖല ഉൾപ്പെടുത്തിയിട്ടില്ല. കേരളം ഉൾപ്പടെ ഒൻപത് സംസ്ഥാനങ്ങൾ മാത്രമാണ് ഇതുവരെ എന്തെങ്കിലും കണക്കുകൾ സമർപ്പിച്ചിട്ടുള്ളത്. ചില സംസ്ഥാനങ്ങൾ വിവരങ്ങൾ ലഭ്യമല്ല എന്ന മറുപടി നൽകിയപ്പോൾ, മറ്റ് ചല സംസ്ഥാനങ്ങൾ ഇതുവരെ പാരിസ്ഥിതിക കമ്മിറ്റി പോലും രൂപീകരിച്ചിട്ടില്ല എന്നാണ് അറിയിച്ചിരിക്കുന്നത്.

സംരക്ഷണമേഖലയ്ക്ക് പുറത്തുള്ള വനമേഖല കണക്കില്ലാതെ തന്നെ തുടരുന്നത് ഈ മേഖലയുടെ നിലനിൽപ്പ് തന്നെ ഇല്ലാതാക്കും. കേന്ദ്രത്തിന്റെ പുതിയ വനം നിയമം ഇതിന് വലിയൊരു അവസരമാണ് തുറന്നിടുന്നത്. പ്രത്യേകിച്ച് വലിയ നിയമ നടപടികൾ ഇല്ലാതെ തന്നെ ഇത്തരം അസംരക്ഷിത വനമേഖലകൾ തോട്ടങ്ങളായും, റിസോർട്ടുകളായും, മറ്റ് പലതുമായി മാറുന്നതിന് സഹായിക്കുകയാണ് പുതിയ നിയമഭേദഗതി എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടു തന്നെ സുപ്രീംകോടതിയുടെ ഇടപെടലിലാണ് ഇവർ അവസാന പ്രതീക്ഷ വയ്ക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com